Wednesday, August 18, 2010

കത്തുന്ന കല്യാണങ്ങള്‍!

വര്‍ഷങ്ങള്‍ക്കിപ്പുറം, ചാറിയിറങ്ങുന്ന മഴയുടെ താളംകണ്ട് ഈ നഗരവീട്ടില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും ഓര്‍ത്തുപോയത് എന്റെ കല്യാണപ്പുലരിയെക്കുറിച്ചു തന്നെയാണ്. കര്‍ക്കിടക പെയ്ത്തിന്റെ കാലം കഴിയുന്നതു കണക്കുകൂട്ടി കല്യാണത്തീയതി നിശ്ചയിച്ചിട്ടും മഴ ചതിച്ചു. കല്യാണത്തലേന്ന് രാത്രി തിമിര്‍ത്ത മഴ മുറ്റത്തുതീര്‍ത്ത പുഴയില്‍, സദ്യക്കെത്തിച്ച പാത്രങ്ങള്‍ ഒഴുകിനടന്നു. 'ഭഗവതീ, പുലരുമ്പോഴേക്കും തോരണേ'യെന്ന് അമ്മ അടുക്കളപ്പുറത്ത് ആധികൊണ്ടു.

കിടന്നിട്ടും കിടന്നിട്ടും ഉറക്കംവരാതെ അച്ഛന്‍, എണീറ്റുവന്ന് വീണ്ടുമൊരു ബീഡി കത്തിച്ചൂതി വെപ്പുകാരോട് സങ്കടം പങ്കുവെച്ചു. കൂലിക്കു വിളമ്പുന്ന സദ്യയും കൂലിക്കെടുക്കുന്ന കല്യാണ ഹാളും അക്കാലത്തൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നില്ല. മഴത്തണുപ്പില്‍ മൂടിപ്പുതച്ച് ആശങ്കകളൊന്നുമില്ലാതെ ഉറങ്ങുന്ന എന്നെക്കണ്ട് ബന്ധുക്കളായ പെണ്ണുങ്ങള്‍ അതിശയം പറയുന്നത് ഞാന്‍ കേട്ടു. ഇനിയെന്നെങ്കിലുമൊരിക്കല്‍ ഇത്രമേല്‍ സ്വാതന്ത്യ്രത്തോടെ ജനിച്ചുവളര്‍ന്ന ഈ വീട്ടില്‍ കിടക്കാനാവുമോ എന്നൊരു വല്ലാത്ത വേദനയോടെ ഉറക്കം അഭിനയിച്ച്, എന്റെ മണമുള്ള പുതപ്പാല്‍ മുഖംമറച്ച് തേങ്ങുകയായിരുന്നു ഞാനെന്നാണ് ഓര്‍മ.

വായിച്ച പൈങ്കിളി നോവലുകളിലെപ്പോലെ അത്ര സുന്ദരമായ ജീവിതാനുഭവമൊന്നുമല്ല കല്യാണമെന്ന് അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പൊന്നും പണവും പറഞ്ഞ് തര്‍ക്കിക്കുന്നവര്‍ക്കുമുന്നില്‍ അച്ഛന്‍ ജാള്യതയോടെ തലകുനിക്കുന്നത് വാതില്‍പടിക്കു പിന്നിലെവിടെയോനിന്ന് ഞാന്‍ എത്രയോതവണ അറിഞ്ഞിരുന്നു. പുരനിറഞ്ഞ പെണ്ണിനെ കെട്ടിക്കുന്നതിന്റെ ആധി അമ്മയുടെ മുഖത്ത് ദീര്‍ഘനിശ്വാസമായി കാലമെത്രയായി ഞാന്‍ കാണുന്നു. ദീര്‍ഘകാലത്തെ രാഷ്ട്രീയ^സാമൂഹിക പ്രവര്‍ത്തനം നല്‍കിയ വലിയൊരു ചങ്ങാതിക്കൂട്ടമൊഴിച്ചാല്‍ എല്‍.പി സ്കൂള്‍ ഹെഡ്മാഷായി റിട്ടയര്‍ചെയ്ത അച്ഛന് സമ്പാദ്യമായി അധികമൊന്നും ഉണ്ടായിരുന്നില്ല. മകളുടെ ബിരുദാനന്തരബിരുദം യോഗ്യതയായി വന്നവര്‍ക്കൊന്നും തോന്നിയതുമില്ല. വല്ലാത്തൊരു ഭാരമായി ഞാന്‍ അച്ഛന്റെയും അമ്മയുടെയും മനസ്സില്‍ നിറഞ്ഞ കാലമായിരുന്നു അത്.

എന്റെ കല്യാണം കഴിഞ്ഞാല്‍ അച്ഛന്റെയും അമ്മയുടേയും ചങ്കിലെ തീയടങ്ങുമല്ലോ എന്നായിരുന്നു അക്കാലത്ത് ഞാന്‍ ആശ്വസിച്ചിരുന്നത്. 'ആരെങ്കിലുമൊന്നുവന്ന് കെട്ടിക്കൊണ്ടുപോയാല്‍ വീട്ടുകാര്‍ക്കെങ്കിലും സമാധാനമായേനെ' എന്നൊരു ചിന്തയിലെത്തിയിരുന്നു ഒടുവില്‍ ഞാനും. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയില്‍ പറയുമ്പോലെ 'പത്തു ജന്‍മം നായായി ജനിച്ചാലും അടുത്ത ജന്‍മം പെണ്ണായി പിറക്കല്ലേ ഭഗവാനേയെന്ന്' ഉള്ളുരുകിയ കാലം.

മഴ കരുണകാട്ടി. മുഹൂര്‍ത്തത്തിന് അമ്പലത്തിലേക്ക് ഇറങ്ങുന്നതിന്റെ തൊട്ടുമുമ്പ് പെയ്ത്തു തോര്‍ന്നു. അരമണിക്കൂറില്‍ മാനം തെളിഞ്ഞപ്പോള്‍ അച്ഛന്റെ മുഖത്തും വെയിലുദിച്ചു. ചടങ്ങെല്ലാംകഴിഞ്ഞ് യാത്രപറഞ്ഞിറങ്ങുമ്പോള്‍, അച്ഛന്റെ മെലിഞ്ഞു ക്ഷീണിച്ച ദേഹത്തോടൊട്ടി കണ്ണീരോടെ അനുഗ്രഹം തേടുമ്പോള്‍, ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ ആശ്വസിച്ചു: അച്ഛാ, ഇത്രകാലം ചങ്കിലെ ഭാരമായിരുന്ന മകള്‍ ഇതാ അച്ഛന്‍ കണ്ടെത്തിതന്ന കൂട്ടുകാരനൊപ്പം പുതിയ ജീവിതത്തിലേക്ക്. ഇനി അച്ഛന് ആശ്വസിക്കാം.

ഭര്‍ത്താവിനൊപ്പം അപരിചിത നഗരത്തിലെത്തിയ ആദ്യദിനങ്ങളില്‍ത്തന്നെ ഞാനറിഞ്ഞു, ഇല്ല ഒരച്ഛന് മകളെക്കുറിച്ചുള്ള ചിന്തകളൊന്നും ഒരു കല്യാണത്തില്‍ തീരുന്നതല്ല. ചെന്നൈ നഗരത്തിന്റെ തിരക്കുകളിലേക്ക് അച്ഛന്റെ കത്തുകള്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെത്തി. ഗ്രാമത്തിന്റെ ശാന്തതകളില്‍ നിന്ന്, കൂട്ടുകളില്‍ നിന്ന് പെട്ടൊന്നൊരുനാള്‍ പട്ടണത്തുരുത്തിലേക്ക് എത്തിപ്പെട്ടുപ്പോയ മകളുടെ വേവലാതികള്‍ കാതങ്ങള്‍ക്ക് അക്കരെയിരുന്ന് അച്ഛനും അമ്മയുമറിഞ്ഞു. അക്ഷരങ്ങളിലൂടെ അവര്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. ഭര്‍ത്താവിനോടുള്ള അകല്‍ച്ചയും അപരിചിത്വവുംപോലും തീരാത്ത ആകാലങ്ങളില്‍ അച്ഛന്റെയും അമ്മയുടെയും അക്ഷരങ്ങളായിരുന്നു കുതിച്ചുപായുന്ന ആ മഹാനഗരത്തില്‍ എന്നെ ജീവിപ്പിച്ചത്. മറ്റൊരു മഴക്കാലത്ത് അച്ഛന്‍ എന്നന്നേക്കുമായി യാത്രയാകുവോളവും ആ കത്തുകള്‍ തുടര്‍ന്നു. ഇന്നുമുണ്ട്, എന്റെ അലമാരക്കുള്ളില്‍ സ്നേഹത്തിന്റെ ആ നീലിച്ച അക്ഷരങ്ങള്‍!

പറഞ്ഞുവരുന്നത്, കല്യാണം സുന്ദരമായ ഒരനുഭവമാണെന്നത് പൈങ്കിളി നോവലുകളിലും സിനിമകളിലും നിന്ന് നാം വായിച്ചെടുത്തൊരു കെട്ടുകഥയാണെന്നാണ്. ഓരോ കല്യാണമണ്ഡപത്തിലേയും നിലവിളക്കില്‍ തെളിയുന്നത് അച്ഛനമ്മമാരുടെ മനസ്സില്‍ ഒത്തിരിക്കാലം എരിഞ്ഞ തീയുടെ ബാക്കിയാണ്. ഒരുക്കൂട്ടിവെച്ച പലതും മകളുടെ ജീവിതത്തിനൊപ്പം കൈമാറിയിട്ടും എത്രയോ അച്ഛനമ്മമാര്‍ കല്യാണക്കളിയില്‍ ചതിക്കപ്പെട്ടുപോകുന്നു.

തീര്‍ച്ചയായും എന്നെപ്പോലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വിവാഹം ഇണങ്ങാന്‍ ഏറെ സമയമെടുത്ത ഒരേര്‍പ്പാടായിരുന്നിരിക്കണം. വീട്ടുകാരുടെ മുഴുവന്‍ തീ തിന്നലിനൊടുവില്‍ വന്നു ഭവിക്കുന്ന ഒരനിവാര്യത. നിഷേധിക്കാനാവാത്ത സാമൂഹിക ആചാരം. തലകുനിച്ചുകൊടുത്ത് ഏറ്റുവാങ്ങിയ വിധേയത്വം. അജ്ഞാതനായ ഒരാള്‍ക്കൊപ്പം ജീവിതത്തിന്റെ ബാക്കിയെല്ലാം പങ്കിട്ടുകൊള്ളാമെന്ന ന്യായരഹിതമായ ഉടമ്പടി.

പറ്റിപ്പിടിച്ചു വളര്‍ന്നതില്‍ നിന്നെല്ലാം വേരോട് പറിച്ചെടുത്ത് മറ്റേതോ ഒരപരിചിത ദേശത്ത് പെണ്ണിനെ പ്രതിഷ്ഠിക്കുന്ന ചടങ്ങുകൂടിയാണ് കല്യാണം. അകലെയായിപ്പോയ നാടിനെയും വീടിനെയും പ്രിയപ്പെട്ടവരെയും കുറിച്ചുള്ള ഓര്‍മകളുടെ ഭാരം. തലേന്നുവരെ അന്യനായിരുന്ന പുരുഷനൊപ്പം പെട്ടെന്നൊരുനാള്‍ മുറിക്കുള്ളില്‍ തനിച്ചായിപ്പോകുന്നതിന്റെ അമ്പരപ്പ്. അജ്ഞാതമായ ക്രിയകള്‍ക്കൊടുവില്‍ ഇരുട്ടിലെങ്കിലും പെട്ടെന്നൊരു നിമിഷം നഗ്നയാക്കപ്പെടുമ്പോഴുള്ള ഞെട്ടല്‍. ഓര്‍മവെച്ച നാള്‍ മുതല്‍ സ്വകാര്യമെന്ന് പറഞ്ഞതെല്ലാം അന്യനൊരാള്‍ക്കു മുന്നില്‍ പൊടുന്നനെ വെളിപ്പെട്ടുപോകുന്ന ആദ്യ രതി സത്യത്തില്‍ നാം കേട്ടറിഞ്ഞതുപോലെ അത്ര ആസ്വാദ്യമാണോ? അല്ലെന്ന് പെണ്ണായി പിറന്ന് ദാമ്പത്യത്തിന്റെ വഴി നടന്നവര്‍ക്കെല്ലാമറിയാം.

എന്നിട്ടും ആണിന്റെ വാരിപ്പിടിച്ചുള്ള ചുംബനങ്ങളിലൊന്നില്‍ അലിഞ്ഞില്ലാതാകുന്നൊരു കന്യകയുടെ അനുഭൂതിഭരിതമായ മുഖം കാട്ടി സിനിമകള്‍ നമ്മോട് കള്ളം പറയുന്നു. ലൈംഗികതയെ ആദ്യരാത്രിയുടെ അവിഭാജ്യ ഘടകമാക്കി നമ്മള്‍ പ്രതിഷ്ഠിച്ചുവെച്ചിരിക്കുന്നു. ആ സാമൂഹ്യപാഠം പഠിച്ചു വളരുന്ന ഇവിടുത്തെ ചെറുപ്പക്കാര്‍ ആദ്യരാത്രിയെ അമ്പരന്നു നില്‍ക്കുന്ന ഇരക്കുമേല്‍ പുരുഷത്വത്തിന്റെ കരുത്തു തെളിയിക്കാനുള്ള നിമിഷമാക്കുന്നു. സ്നേഹത്തില്‍നിന്ന് ഊറിയുരുകി രൂപപ്പെടുമ്പോഴേ ആസ്വാദ്യകരമായ ലൈംഗികത ഉണ്ടാകൂവെന്നും മറ്റെല്ലാം വെറും ബലാല്‍ക്കാരമാണെന്നും നമ്മുടെ ചെറുപ്പക്കാരെ ഇനി ആരാണ് പഠിപ്പിക്കുക?

5 comments:

  1. പറഞ്ഞുവരുന്നത്, കല്യാണം സുന്ദരമായ ഒരനുഭവമാണെന്നത് പൈങ്കിളി നോവലുകളിലും സിനിമകളിലും നിന്ന് നാം വായിച്ചെടുത്തൊരു കെട്ടുകഥയാണെന്നാണ്. ഓരോ കല്യാണമണ്ഡപത്തിലേയും നിലവിളക്കില്‍ തെളിയുന്നത് അച്ഛനമ്മമാരുടെ മനസ്സില്‍ ഒത്തിരിക്കാലം എരിഞ്ഞ തീയുടെ ബാക്കിയാണ്. ഒരുക്കൂട്ടിവെച്ച പലതും മകളുടെ ജീവിതത്തിനൊപ്പം കൈമാറിയിട്ടും എത്രയോ അച്ഛനമ്മമാര്‍ കല്യാണക്കളിയില്‍ ചതിക്കപ്പെട്ടുപോകുന്നു.

    ReplyDelete
  2. ഇനിയും എഴുതുക...നന്നായിരിക്കുന്നു. കാമത്തിനും ശരീരത്തിനും അപ്പുറം പ്രണയവും, പരസ്പര ബഹുമാനവും നഷ്ടപെട്ടതല്ലേ...നമ്മുടെ സമൂഹത്തിന്റെ ശാപം.

    ഇനിയും എഴുതുക..ചിന്തകള്‍ ഇവിടെ കത്തിപടരട്ടെ.

    ആശംസകള്‍.

    ReplyDelete
  3. സത്യം..... എതിര്‍പ്പില്ല.
    സമൂഹം മാറിത്തുടങ്ങിയില്ലേ?
    ഇപ്പോള്‍ വിവാഹിതരാകുന്നതിനു മുന്‍പ് തന്നെ പരസ്പരം സംസാരിച്ച് ഒരു സൗഹൃദം തങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാറുണ്ട്.
    ഒരു നല്ല മാറ്റം.
    എങ്കിലും പലര്ക്കു മുന്നിലും നിന്ന് കാഴ്ച വസ്തുവാകേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥക്ക് മാറ്റം ഒന്നുമില്ല.....
    വിലപേശല്‍ കേള്‍ക്കേണ്ടി വരുന്ന അവളുടെ മാതാപിതാക്കളുടെ അവസ്ഥയ്ക്കും...!

    ReplyDelete
  4. സ്‌നേഹത്തില്‍നിന്ന് ഊറിയുരുകി രൂപപ്പെടുമ്പോഴേ ആസ്വാദ്യകരമായ ലൈംഗികത ഉണ്ടാകൂവെന്നും മറ്റെല്ലാം വെറും ബലാല്‍ക്കാരമാണെന്നും നമ്മുടെ ചെറുപ്പക്കാരെ ഇനി ആരാണ് പഠിപ്പിക്കുക?

    ReplyDelete
  5. Aleina kannan... google eadand endho search chryumbola ee blog kannilpettad... ellam vayichu. Iniyum ezhudhuka......


    Samoohathinte munpil acharangalk munpil nisahaya avasthayil nilkrndi vanna sthree janmangalil onnanu njaanum... swandham jeevidham aaro pakarthivekunad pole thonni... nannayirikunnu....

    ReplyDelete