Tuesday, October 26, 2010

ബീവാത്തുവിന്റെ സ്വര്‍ഗങ്ങള്‍

അപ്പാഹാജിയുടെ മോള്‍ ബീവാത്തുവിന്റെ ഗര്‍ഭം ഞങ്ങളുടെ നാടിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വയസ്സു മുപ്പത്തിമൂന്നു കഴിഞ്ഞിട്ടും കെട്ടാനും കെട്ടിക്കാനുമാരുമില്ലാതെ പുരകവിഞ്ഞുനിന്ന അവളുടെ അടിവയറ്റിലെ തുടിപ്പ് അങ്ങാടിപ്പാട്ടായതോടെ പൂക്കര ഗ്രാമത്തിന് ഉറക്കംപോയി. പൂക്കര ഓത്തുപള്ളിയിലെ ഉസ്താദ്* അസൈനാരുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയിലെ പൗരപ്രമുഖരെല്ലാംകൂടി, സുബഹി നിസ്‌കാരം* കഴിഞ്ഞയുടന്‍ ബീവാത്തുവിന്റെ കുടിലിലേക്ക് വെച്ചുപിടിച്ചു. പള്ളിപ്പടയുടെ പോക്കുകണ്ട് ഞെട്ടിയ മാപ്പിള പെണ്ണുങ്ങള്‍ 'എന്റെ പടച്ചോനേ...'യെന്ന് വിളിച്ച് നെഞ്ചുമ്മേല്‍ കൈവച്ച് അമ്പരന്നുനിന്നു. പിന്നെയവര്‍ നാലുവക്കത്തെയും വേലിക്കരികില്‍ ഇടംപിടിച്ച് അസൈനാര്‍ ഉസ്താദിന്റെ വിചാരണക്ക് കാതോര്‍ത്തു. നേരം നല്ലോണം പുലര്‍ന്നിരുന്നില്ല. പൂക്കരയുടെ ഇടവഴികളില്‍ ഇരുട്ട് ഉറഞ്ഞുനിന്നു. ആകാശത്തിന്റെ കിഴക്കന്‍ ഉദരത്തില്‍ പുതിയൊരു പുലരിയുടെ ചുവപ്പ് തെളിഞ്ഞുകിടന്നു. അസൈനാര്‍ ഉസ്താദും നാട്ടുപ്രമാണിമാരും മണിക്കൂര്‍നേരം ആവുംവിധമെല്ലാം ചോദിച്ചിട്ടും ബീവാത്തു 'കമാന്നൊരക്ഷരം' ഉരിയാടിയില്ല. 'വയറ്റിലെ ജീവന്റെ ഉടയോനാരെന്ന് ചൊല്ലിയാല്‍, സ്വജാതിയാണേല്‍ വിളിച്ചുവരുത്തി കാര്യം പറഞ്ഞ് ബോധിപ്പിച്ച് കെട്ടുനടത്താം' എന്ന് നാട്ടുക്കൂട്ടം പറഞ്ഞിട്ടും അവള്‍ ഉരിയാട്ടമില്ലാതെ വാതില്‍പ്പടിക്കു മറഞ്ഞുനിന്നതേയുള്ളൂ. ഒടുവില്‍, 'പടച്ചോനു നെരക്കാത്തത് ചെയ്‌തോള്‍ക്ക് ഇനിയീ സമുദായത്തീന്നാരും തൊണയില്ലെ' ന്ന് അരിശത്തോടെ വിധിയെഴുതി ഉസ്താദ് ഉറഞ്ഞുതുള്ളി തിരിഞ്ഞുനടന്നു. 'കല്ലെറിഞ്ഞു കൊല്ലേണ്ട ഒരുമ്പെട്ടോളെന്ന്' പല്ലുഞെരിച്ച് പള്ളിപ്പട മുറ്റം ചവിട്ടിത്തള്ളി കടന്നുപോയി. അകത്ത് ഉറവപൊട്ടിയ കണ്ണീരുതുടച്ച് ബീവാത്തു തലകുനിച്ചുനിന്നു. 'ഇതെന്തു പെണ്ണ്...' എന്ന് പരസ്‌പരം പറഞ്ഞതിശയിച്ച് നാട്ടുപെണ്ണുങ്ങള്‍ കൂട്ടംപിരിഞ്ഞു. പൂക്കരയിലെ പുലരിക്കുമേല്‍ പതിവില്ലാതെ മേഘങ്ങളുടെ മൂടാപ്പ്. ബീവാത്തുവിന്റെ ഗര്‍ഭപാത്രത്തില്‍ ജീവന്റെ ഉറവയനക്കം.

കൂട്ടുകാരികളുടെയൊക്കെ കെട്ടുകഴിഞ്ഞ്, അവരൊക്കെ രണ്ടും മൂന്നും പെറ്റ് ഉമ്മച്ചിമാരായിട്ടും ബീവാത്തുമാത്രം തുണയ്ക്കാരോരുമില്ലാതെ പൊരയില്‍ ഒറ്റക്കായിരുന്നു. ഒറ്റക്കായിപ്പോയ പെണെ്ണാരുത്തിയുടെ ഗതി തിരക്കാന്‍ അന്നൊന്നും പ്രമാണിമാരൊന്നും ആ വഴി വന്നിരുന്നില്ല. 25 ാം വയസ്സില്‍ കപ്പലുകേറി മക്കത്തുപോയി* ഹാജി*യാരായി മടങ്ങിവന്ന സമ്പന്നനായിരുന്നു അവളുടെ വാപ്പ അപ്പാവു. പക്ഷേ ബീവാത്തുവിന്റെ കൗമാര കാലമായപ്പോഴേക്കും, സ്വത്തെല്ലാം നാനാവഴിക്കായി അപ്പാഹാജി പാപ്പരായിരുന്നു. കെട്ടിയോള് പാത്തുമുത്ത് ജ്വരം പിടിച്ച് മരിക്കുകകൂടി ചെയ്തതോടെ അയാള്‍ പുറത്തിറങ്ങാതായി. പൊന്‍നെല്ലു വിളഞ്ഞ പാടങ്ങളും പപ്പായ മുതല്‍ കാപ്പി വരേ സര്‍വതും കായ്ച്ച കരഭൂമികളും എന്നേ അപ്പാഹാജി കൈവിട്ടു കളഞ്ഞിരുന്നു. ഒടുവില്‍ തറവാടു വാങ്ങിയ പാലാക്കാരന്‍ നസ്രാണി അതു പൊളിച്ചടുക്കാന്‍ മാത്രം മൂന്നാഴ്ചയെടുത്തു. അത്ര വലിപ്പവും നിറയെ കരിവീട്ടിയുരുപ്പടികളും ഉണ്ടായിരുന്നു, തലമുറകള്‍ പാര്‍ത്ത ആ തറവാട്ടു പൊരക്ക്. വില്‍ക്കാതെ ആകെ ശേഷിച്ച പത്തരസെന്റിലെ ചോരുന്ന കൂരയിലായിരുന്നു അപ്പാഹാജിയുടെ അവസാന കാലം. ആണ്‍തരിയൊരുത്തനുള്ളത് പണിതേടി ചെറുപ്പത്തിലേ നാടുവിട്ടു. മൊഞ്ചല്‍പ്പം കുറഞ്ഞതിനാലാവണം പെണെ്ണാരുത്തിയെ ഏല്‍ക്കാനാരും വന്നില്ല. അവളെ പറഞ്ഞയക്കാനുള്ള പാങ്ങൊന്നും ഹാജിക്ക് ഉണ്ടായിരുന്നുമില്ല. റമദാനിലെ* ആദ്യ രാത്രി തറാവീഹ്* നിസ്‌കാരവും ദുആ*യും കഴിഞ്ഞ് പൂക്കര പള്ളീന്ന് തിരിച്ചെത്തി ഉറങ്ങാന്‍ കിടന്ന അപ്പാഹാജി പിന്നെയൊരിക്കലും ഉണര്‍ന്നില്ല. പിറ്റേന്ന് പള്ളിപ്പറമ്പിലെ പച്ചമണ്ണിലേക്ക് അയാളെ പൊതിഞ്ഞെടുക്കാനുള്ള മയ്യത്തുതുണി* വാങ്ങിയത് പള്ളിക്കമ്മിറ്റിക്കാര്‍ പിരിവെടുത്തായിരുന്നു. പിന്നീടുള്ള കാലം പൊരയില്‍ ഒറ്റക്കായിപ്പോയ ബീവാത്തു കഞ്ഞികുടിച്ചു കഴിഞ്ഞത് അയല്‍പക്കങ്ങളില്‍ അടുക്കളപ്പണിയെടുത്താണ്.

ബീവാത്തു കറുമ്പിയായിരുന്നു. ഉന്തിയ പല്ലുകളും തടിച്ച മെയ്യും. എങ്കിലും തെളിഞ്ഞുനില്‍ക്കുന്ന എന്തോ ഒരുതരി ചന്തം അവളുടെ ഉടലില്‍ ഉണ്ടായിരുന്നു. കൂലിപ്പണിക്കുപോന്ന തിയ്യത്തി പെണ്ണുങ്ങള്‍ക്കൊപ്പം അവരേപ്പോലെ, വയറും മൊലയും മൊത്തം മറയാത്ത ബ്ലൗസും മുണ്ടുമുടുത്ത് പാടത്തും പറമ്പിലും വെയിലില്‍ തിളച്ചുനിന്നു ബീവാത്തു. മാപ്പിളപെണ്ണുങ്ങള്‍ കൊയ്യാനും മെതിക്കാനും പോകുന്നത് പൂക്കരയില്‍ പതിവില്ല. 'അവളെ വീട്ടുവേലക്ക് വിളിച്ച് വെറുതെ മാപ്പിളമാരുടെ ശത്രുത വാങ്ങേണ്ട' എന്ന് അച്ഛന്‍ ഉപദേശിച്ചിട്ടും എന്റെ അമ്മക്ക് ബീവാത്തുവിനെ ഇഷ്ടമായിരുന്നു. ഞങ്ങളുടെ തറവാടിന്റെ അടുക്കളകോലായിലെ തടിയുരലില്‍ അവള്‍ മണിക്കൂറുകള്‍ ആഞ്ഞു നെല്ലുകുത്തി. തടിയുലക്ക കൈകളില്‍ മാറ്റിമാറ്റി ചാടിച്ച് ഉരലില്‍ ആയത്തില്‍ കുത്തുമ്പോള്‍ അവളുടെ മുടിയിഴകളില്‍നിന്ന് വിയര്‍പ്പുപുഴകള്‍ ഉറവപൊട്ടും. അത് തടിച്ച മുലയിടുക്കുകളിലേക്ക് ഒഴുകും. 'എന്നേം കൂടി നെല്ലുകുത്താന്‍ പഠിപ്പിക്കുവോ ബീവാത്തുമ്മേ...?' എന്നു ചിണുങ്ങി കൗമാരം കടന്ന ഞാന്‍ അടുത്തുചെല്ലും. 'കുട്ടിയിതൊക്കെ പഠിച്ചിട്ട് എന്തിനാ, എന്റെ രാജകുമാരിയല്ലേ....' എന്നൊന്നു പുകഴ്ത്തി കള്ളച്ചിരിയോടെ പെണ്ണ് പണി തുടരും. ചക്കരചേര്‍ത്ത് അവലു വിളയിച്ചത് വട്ടയിലേല്‍ പൊതിഞ്ഞ് മടിയില്‍ തിരുകി എനിക്കു കൊണ്ടത്തരും. പെങ്കുട്ടികള്‍ക്ക് പൊന്നിന്റെ നിറം വരാനും മാസത്തിലൊരിക്കലെത്തുന്ന വയറുവേദന മാറാനുമൊക്കെ ബീവാത്തുവിന് മരുന്നുകൂട്ടുകള്‍ അറിയാമായിരുന്നു. മധുരമുള്ള ആ മരുന്നുകള്‍ നുണഞ്ഞു ഞാന്‍ ബീവാത്തുവിനെ സ്‌നേഹിച്ചുതുടങ്ങി.

പൂക്കരപള്ളീന്ന് ബാങ്കുവിളീടെ* ഒച്ച കേട്ടാല്‍ ബീവാത്തു പൊരേലേക്ക് പായും. 'ഓടണ്ട, പെണേ്ണ... നീയപ്പുറത്തോട്ടു മാറി നിസ്‌കരിച്ചോ...'എന്ന് എന്റെ അമ്മ. കോരിയെടുത്ത പുതിയ കിണറുവെള്ളം ഞങ്ങടെ വലിയ ചെമ്പുകിണ്ടീല്‍ നിറച്ച് കൈ, വായ, മൂക്ക്, മുഖം, കാല്‍ ക്രമത്തില്‍ നനച്ച്, കാലില്‍ മണ്ണുപറ്റാതെ കോലായില്‍ ചവിട്ടിക്കയറി ബീവാത്തു നിസ്‌കരിക്കുന്നത് ഞാന്‍ നോക്കിനില്‍ക്കും. (സന്ധ്യക്ക് നാമം ജപിക്കുംമുമ്പ കോലായില്‍ വെള്ളം കുടയാനെടുക്കുന്ന അതേ ചെമ്പുകിണ്ടി) നിസ്‌കാര കുപ്പായവും ചിത്രത്തുന്നലുകളുള്ള തുണിയും ബീവാത്തു ഒപ്പം കൊണ്ടുനടന്നിരുന്നു. ശരീരം മറയാത്ത വേഷത്തിനുമീതെ അവള്‍ വെളുത്ത കുപ്പായമണിഞ്ഞു. ചിത്രകമ്പളം മുന്നില്‍ വിരിച്ച് അതില്‍ മുട്ടുകുത്തി നെറ്റിതൊട്ട് സര്‍വശക്തനോട് പ്രാര്‍ഥിച്ചു. ഞാന്‍ സാക്ഷി.

'ആ തുണീന്റെ പേരെന്താ ബീവാത്തുമ്മാ...? അവള്‍ മിണ്ടിയില്ല. നിസ്‌കരിക്കുമ്പോള്‍ മിണ്ടാന്‍ പാടില്ല.
നിസ്‌കാരം കഴിഞ്ഞു പറഞ്ഞു- മുസല്ലയാണ് കുട്ടിയേ...
അതിമ്മേലെ പടമെന്താ....?
അത് കഅ്ബാശരീഫാണ്* മുത്തേ, എന്റുപ്പാ പോയിട്ടുണ്ടവിടെ....

ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ബീവാത്തു കഥകളുടെ കെട്ടഴിച്ചു. മക്കത്തിന്‍േറം മദീനേടേം പോരിശകള്‍, മുത്തുനബിയുടെ* ചരിതങ്ങള്‍, പടച്ചവന്റെ പടപ്പുകള്‍, ഏഴാകാശങ്ങള്‍, മലക്കുകള്‍, ജിന്നുകള്‍, നബിമാര്‍.... കഥകള്‍ അന്തമില്ലാതെ തുടര്‍ന്നു. ബീവാത്തുവിന്റെ കഥകളുടെ രസച്ചരടില്‍ പിടിച്ചുഞാന്‍ ഏഴാകാശങ്ങള്‍ താണ്ടി. സുബര്‍ക്കങ്ങള്‍ ചുറ്റിക്കണ്ടു. മുത്തുനബിക്കൊപ്പം മിഅ്‌റാജ്* പോയിവന്നു. അവിടെ സ്വര്‍ഗീയ തരുണികള്‍ പാട്ടുപാടി, മധു പകര്‍ന്നു, അരുവികളില്‍ പാലും തേനുമൊഴുകി, മലക്കുകള്‍ ചിറകുവീശി പറന്നു. എന്റെ സ്വപ്‌നങ്ങളില്‍ അതിസുന്ദരനായ യൂസുഫ് നബി വിരുന്നുവന്നു, സുലൈമാന്‍ നബി അത്ഭുതങ്ങള്‍ കാട്ടി, നൂഹ് നബി പെട്ടകം പണിതു, ആദമും ഹവ്വയും ഇണചേര്‍ന്നു. പ്രപഞ്ചങ്ങളായ പ്രഞ്ചങ്ങളെയെല്ലാം നൊടിയിടയില്‍ പടച്ച്, ഭൂമിയെ പച്ചപ്പില്‍ ഒരുക്കൂട്ടി, അതില്‍ മനുഷ്യനു വേണ്ടതെല്ലാം നിറച്ച് സര്‍വശക്തനായ അല്ലാഹു കരുണതൂകി നിന്നു. എല്ലാ അനുഗ്രഹങ്ങളും നല്‍കിയ പടച്ചവനില്‍ നിന്ന് മനുഷ്യനെ അകറ്റി മഹാപാപങ്ങളില്‍ ആഴ്ത്തുന്ന ഇബ്‌ലീസ് എന്നെ ഭയപ്പെടുത്തി. ഒരുരാത്രി അവന്‍ തീതുപ്പി എന്റെ ഉറക്കറയില്‍ കടന്നു. ഞാന്‍ ഞെട്ടിയുണര്‍ന്ന് അലറിക്കരഞ്ഞു. 'വേണ്ടാത്തതെല്ലാം കേട്ടു പടിച്ച് പെണ്ണ് തലതിരിഞ്ഞെന്ന്....' അച്ഛന്‍ അമ്മയോട് ക്ഷോഭിച്ചു. പേടിമാറാന്‍ പിറ്റേന്ന് ബീവാത്തു കറുത്ത ചരടോതി അരയില്‍ പൊന്നരഞ്ഞാണത്തില്‍ കൊരുത്തുതന്നു. വെള്ളമോതി ഊതി, കുടിക്കാന്‍ തന്നു. പിന്നെയെന്റെ സ്വപ്‌നങ്ങളില്‍ ശെയ്ത്താന്‍ വന്നില്ല, പകരം ജിബ്‌രീല്‍ മലക്ക് പറന്നിറങ്ങി, ഇഖ്‌റഅ് ബിസ്മി റബ്ബിക്കല്ലദീ.........

ചില ദിവസങ്ങളില്‍ ബീവാത്തു ബാങ്കു കേട്ടാലും പണി തുടരും. ഇന്ന് നിസ്‌കാരമില്ലേ, ബീവാത്തുമ്മേ...?
'മാസക്കുളിയാ മുത്തേ... നിസ്‌കരിക്കാന്‍ പാടില്ല... കുട്ടി ഈ സമയത്ത് അമ്പലത്തീ കേറാറില്ലല്ലോ. അങ്ങനെതന്നെ നമക്കും'.

ആ ബീവാത്തുവാണിപ്പോള്‍ സമുദായത്തിനു പുറത്തായത്. 'ഭഗവാനേ... ആ പെണ്ണിനെ എല്ലാരുംകൂടി കൊല്ലും...' എന്റെ അമ്മ ആധികൊണ്ടു. 'എന്താമ്മേ...ബീവാത്തൂനെന്ന്' ചോദിച്ച എന്നെ അമ്മ തവികൊണ്ടു തല്ലി. കല്യാണം കഴിയാത്തൊരു പെണ്ണ് ഗര്‍ഭിണിയാവാനും പെറാനും പാടില്ലെന്നുള്ളതൊക്കെ തിരിച്ചറിയാന്‍തക്ക പ്രായം അന്നെനിക്കായിരുന്നു. വയറ്റുകണ്ണിയായ ബീവാത്തുവിനെ മാപ്പിളവീടുകളിലൊന്നും പണിക്കു വിളിക്കാതായി. പാടത്തും പറമ്പിലുമൊന്നും പോവാന്‍ പറ്റാത്തവണ്ണം ഛര്‍ദിയും തലചുറ്റലുമായി അവള്‍ ഗര്‍ഭകാല ക്ഷീണങ്ങളുടെ പിടിയില്‍ വീണു. ഞങ്ങളുടേതടക്കം ചുരുക്കം വീടുകളിലെ അടുക്കളപ്പണി മാത്രമായി ആശ്രയം. പഴയതുപോലെ നെല്ലുകുത്താനോ വെള്ളം കോരാനോ തുണിതിരുമ്പാനോ ആവതില്ലെന്നറിഞ്ഞിട്ടും എന്റെ അമ്മ അവളെ മുടങ്ങാതെ സഹായത്തിനു വിളിച്ചു. ജീവന്റെ വിത്തിനെ ഉദരത്തിലേക്ക് എറിഞ്ഞവനെക്കുറിച്ച് അവള്‍ ഒരിക്കലും അമ്മയോടു പോലും ഒന്നും പറഞ്ഞില്ല. 'എനിക്കു വേണങ്കീ അറിഞ്ഞൊടനെ കളയാരുന്നു ലക്ഷ്മിയമ്മേ, വേണ്ട..ഒരു ജീവനല്ലേ. ഞാനതിനെ കൊല്ലാന്‍ നിക്കില്ല'- തിരസ്‌കൃതയായ പെണ്ണ് അമ്മക്കുമുന്നില്‍ മനസുതുറന്നു.

പെരുമഴ തിമിര്‍ത്തൊരു പാതിരക്കാണ് നോവു തുടങ്ങിയത്. ഉള്ളാട പെണ്ണുങ്ങളാണ് ഓടിച്ചെന്നത്. വയസ്സു തൊണ്ണൂറു കഴിഞ്ഞ ഉള്ളാടത്തി പാറു മണെ്ണണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ പേറെടുക്കാനൊരുങ്ങി. കാര്യമറിഞ്ഞ് പോകാനൊരുങ്ങിയ എന്റെ അമ്മയെ അച്ഛന്‍ തടുത്തു. അതു കാര്യമാക്കാതെ അമ്മ എന്നെയുംകൂട്ടി പെരുമഴയില്‍ വാഴയില ചൂടി, ഇടവഴി താണ്ടി കുടിലിലെത്തി. ചോര്‍ന്നെത്തിയ മഴവെള്ളം തളംകെട്ടിയ ചാണകത്തറയില്‍ പെണെ്ണാരുത്തി പുളയുന്നു, ജീവന്റെ അസഹ്യ വേദന. അരികുപിഞ്ഞിയ പുല്‍പ്പായയില്‍ കാലുകള്‍ വിടര്‍ത്തി പുളയുന്നവളെ മിന്നല്‍പിണരിന്റെ തരിവെട്ടത്തില്‍ ഞാന്‍ കണ്ടു. പുല്‍പ്പായകടന്ന് ചാണകത്തറയിലേക്ക് നീളുന്ന ചോരച്ചാലുകള്‍. 'കുട്ടി, അപ്പുറത്തേക്കു പൊക്കോളൂവെന്ന്....' പെണ്ണുങ്ങള്‍ എന്നോടു വിളിച്ചു പറഞ്ഞു.

പെയ്‌തൊഴിഞ്ഞിട്ടും മാനത്ത് ബാക്കിവന്ന മഴത്തുള്ളികളെയെല്ലാം ഒരുക്കൂട്ടിയെടുത്ത് കാറ്റ് ഹുങ്കാരത്തോടെ വിശറിയടിച്ചു. ഓലപ്പുരയുടെ മേല്‍ക്കൂര ഉലഞ്ഞ് നനവു പെയ്തു. പൂക്കരയുടെ ഏതൊക്കെയോ കോണുകളില്‍ നായകള്‍ ഓരിയിട്ടു. എനിക്കു വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. പുറത്ത് പൊടുന്നനെ മിന്നലൊന്നു പൂത്തു. വലിയൊരു ഇടിവെട്ടി. ബീവാത്തുവിന്റെ അരക്കെട്ടില്‍ ജീവന്റെ മിന്നല്‍പ്പിണര്‍ തലനീട്ടി. അല്ലാഹുവേ.... ഇടക്കവള്‍ ഉറക്കെ വിളിച്ചു പിടഞ്ഞു. പ്രസവവേദന മരണവേദനക്കു തുല്യമെന്ന് അമ്മ പറയാറുള്ളത് ഞാനോര്‍ത്തു.

ഓരോ പുതിയ ജീവനു വേണ്ടിയും ഓരോ അമ്മയും മരണത്തിന്റെ വാതില്‍ക്കലെത്തുന്നു. കാമാര്‍ത്തമായൊരു നിമിഷസുഖം മാത്രമാണ് പുരുഷന് പ്രത്യുല്‍പാദനം. നിറഞ്ഞുതുളുമ്പിയ കാമത്തിന്റെ കൊഴുത്ത ഊര്‍ജബിന്ദുക്കളെ അവന്‍ ആവേശത്തോടെ പെണ്ണുടലിനുള്ളില്‍ തളിക്കുന്നു. പിന്നെയെല്ലാ ആധികളും വ്യാധികളും വേദനകളും പെണ്ണിനു മാത്രം. അസഹ്യവേദനയുടെ വന്‍കരകളില്‍ പോയി മടങ്ങിയെത്തിയാലേ പെണ്ണ് അമ്മയാവൂ. പ്രകൃതിയുടെ വിചിത്ര നീതി! ഇടക്കെപ്പോഴോ ഞാന്‍ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി. ആ രാത്രി ആപത്തൊന്നുമില്ലാതെ ബീവാത്തു പ്രസവിച്ചു, ആണ്‍ കുഞ്ഞ്. പൊക്കിള്‍കൊടി മുറിച്ച് കുഞ്ഞിനെ കുളിപ്പിച്ച്, മറുപിള്ളയും പോക്കി അമ്മയേം കുഞ്ഞിനേം പുതിയ പായയിലേക്ക് മാറ്റിയിട്ടാണ് പെണ്ണുങ്ങള്‍ പിരിഞ്ഞത്. ഞാനുണര്‍ന്നു നോക്കുമ്പോള്‍ ബീവാത്തുവിനരികില്‍ മയങ്ങുന്നു ചോരക്കുഞ്ഞ്. 'തന്തായാരായാലും കൊച്ചിന് ഏഴഴക്'-പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു.

പേറു കഴിഞ്ഞ് നാല്‍പതു തികയുംമുമ്പേ ബീവാത്തു വീണ്ടും വീട്ടു പണിക്കിറങ്ങി. പേറ്റു മരുന്നു കൊടുക്കാനോ പേറ്റു കുളി നടത്താനോ ആരുമുണ്ടായില്ല. ഓരോ പണി സ്ഥലത്തും കുഞ്ഞിനെ അവള്‍ ഒപ്പം ചുമന്നു. ആരുടെയൊക്കെയോ അടുപ്പുകളില്‍ തീയൂതി ബീവാത്തു പുകഞ്ഞു. ഇളംപൈതല്‍ പല അടുക്കളപ്പുറങ്ങളില്‍ ചാഞ്ഞുമയങ്ങി. വീണുകിട്ടുന്ന ചെറിയ ഇടനേരങ്ങളില്‍ കോലായിലേക്കോടി ബീവാത്തു തിടുക്കത്തില്‍ ബ്ലൗസുപൊക്കി കറുത്ത മുലക്കണ്ണുകള്‍ കുഞ്ഞിന്റെ ചുണ്ടില്‍ തിരുകി. ജീവന്റെ ഊര്‍ജമധുരത്തില്‍ ചെറുപൈതല്‍ നാവുനുണഞ്ഞ് മുഖം മുലക്കണ്ണില്‍ ചേര്‍ത്തു കണ്ണടച്ചു രുചിച്ചു. അമ്മ വാല്‍സല്യം ചുരത്തി. എല്ലാ നാഡിഞരമ്പുകളില്‍ നിന്നും അമ്മയുടെ സ്‌നേഹം ഉറവപൊട്ടിയൂറി മുലപ്പാലില്‍ അലിഞ്ഞു, തള്ളയുടെ ജീവകണികകള്‍ പിള്ളക്ക് തേന്‍പോലെ മധുരിച്ചു. പെണ്ണ് അനുഭൂതിയില്‍ കണ്ണുകള്‍ കൂമ്പിയടച്ചു. അപ്പോഴേക്കും ഒന്നുകില്‍ അരി തിളച്ചു തൂകും, അല്ലെങ്കില്‍ തീയണഞ്ഞ് അടുപ്പു പുകഞ്ഞു പൊങ്ങും. പൊടുന്നനെ ബ്ലൗസു താഴ്ത്തി ബീവാത്തു ഓടുമ്പോള്‍ മധുരം മതിയാവാതെ പൈതല്‍ ചിണുങ്ങും. 'ഇപ്പം വരാടാ കുട്ടാ....മോന്‍ കരയല്ലേ......

ബീവാത്തുവിന്റെ മോന്‍ എന്നോടും അമ്മയോടും വേഗം ഇണങ്ങി. അവനെ കാണാന്‍ അച്ഛനറിയാതെ ഞാന്‍ ഇടനേരങ്ങളില്‍ മാപ്പിള കുടിയിലേക്കോടി. പാളയില്‍ കിടത്തി കുഞ്ഞിനെ ഉമ്മ എണ്ണതേച്ചു കുളിപ്പിക്കുന്നത് ഞാന്‍ നോക്കിനിന്നു. 'ഇവന്‍ വളന്നു വലുതാവുന്ന കാലത്ത് നിന്റെ കഷ്ടപ്പാടൊക്കെ തീരും' എന്ന് എന്റെ അമ്മ അവളെ ആശ്വസിപ്പിച്ചു. ബീവാത്തു നിസ്‌കരിക്കാന്‍ പോകുമ്പോള്‍ കാവലിരുന്ന എന്നോട് കുഞ്ഞ് മോണകാട്ടി ചിരിച്ചു.

ബീവാത്തുമ്മ എന്നാ മക്കത്തു പോവുക...?
ഇവന്‍ വലുതാവുമ്പോ കൊണ്ടു പോവും മുത്തേ....
ബീവാത്തുമ്മ മക്കത്തുപോയാ പള്ളിക്കാരു വഴക്കിനു വരൂല്ലേ...?
മക്കത്തു പോവാന്‍ പള്ളിക്കാരുടെ തൊണ വേണ്ട മുത്തേ... പടച്ചോന്‍ തൊണച്ചാ മതി...
മക്കത്തു പോയാ എന്താ കിട്ടുക...?
സുബര്‍ക്കം* കിട്ടും മോളേ...

ബീവാത്തു പിന്നെയും കഥകളുടെ കെട്ടഴിച്ചു. മരിച്ചുകഴിഞ്ഞാല്‍ നമ്മെ കുഴിയിലിറക്കി മണ്ണിട്ട് ഉറ്റവരെല്ലാം മടങ്ങും. പ്രിയപ്പെട്ടവര്‍ ഖബറില്‍ നിന്ന് ഏഴടി നടന്നകലുമ്പോള്‍, മരിച്ചവനെ ചോദ്യംചെയ്യാന്‍ പടച്ചോന്റെ മലക്കുകള്‍ വരും. നല്ലതു ചെയ്ത് അല്ലാഹുവിന് നിരക്കുന്നപോലെ ജീവിച്ചോരുടെ ഖബറുകള്‍ അപ്പോള്‍ പൂന്തോട്ടം പോലെ വിശാലമാകും. അവര്‍ മുന്‍കര്‍, നക്കീര്‍ മലക്കുകളുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചോണ്ട് മറുപടി പറയും. പാപികളുടെ ഖബറുകള്‍ ഞെരുങ്ങും. ഞെരുക്കത്തില്‍ മഹാപാപികളുടെ അസ്തികള്‍ കോര്‍ത്തുപൊട്ടും. ആരും രക്ഷിക്കാന്‍ ഉണ്ടാവില്ല.

ബീവാത്തു പാപിയല്ലേ....? ചോദിക്കാന്‍ പാടില്ലാത്തതാണ്. കൗമാരത്തിന്റെ അവിവേകത്തില്‍ ചോദിച്ചുപോയി.
പൊടുന്നനെ അവള്‍ നിശബ്ദയായി. കണ്ണുകള്‍ നൊടിയിടയില്‍ നിറഞ്ഞൊഴുകി. കറുത്ത കവിളില്‍ നിറമില്ലാത്ത കണ്ണീര്‍ച്ചാല്‍.

'ആണു മുത്തേ... പാപി... കാര്യം കഴിഞ്ഞാ കയ്യൊഴിയൂന്ന് അറിയാരുന്നിട്ടും ആണൊരുത്തന് കൂട്ടുകെടന്നു. മഹാപാപം... ഒരുത്തന് മാത്രം. അവന്‍ തന്നതിനെ കൊല്ലാതെ പെറ്റു വളര്‍ത്തി. കാര്യം കഴിഞ്ഞപ്പോ അവന്‍ കയ്യൊഴിഞ്ഞു പോയിട്ടും ആരോടും ഒന്നും പറഞ്ഞില്ല. എനിക്ക് സങ്കടോമില്ല. ഈ കുഞ്ഞൂടെ ഇല്ലാരുന്നേ ഞാന്‍ പിന്നെന്തിനാ ജീവിക്കുന്നേ? എനിക്കൊരു കൂട്ടു വേണമാരുന്നു. അതോണ്ടാരിക്കും കൂടെക്കെടക്കാന്‍ രഹസ്യമായിട്ട് തഞ്ചംപറ്റി വന്നപ്പോ ബീവാത്തു സമ്മതിച്ചേ. മോളു വിശ്വസിക്കണം, ബീവാത്തു വഴിപെഴച്ചു നടന്നിട്ടില്ല. ഒരുത്തനു മാത്രമേ മനസ്സും ദേഹോം കൊടുത്തിട്ടൊള്ളൂ. അതാരുമറിഞ്ഞിട്ടില്ലേലും... മോളു പറ, പടച്ചോന്‍ ബീവാത്തൂനേ ശിക്ഷിക്കോ.....?
അവളുടെ വാക്കുകള്‍ മുറിഞ്ഞു. ഞാന്‍ അമ്പരന്നു നിന്നു.

വാക്കുകള്‍ ചിലനേരം വാളുപോലെ മുറിപ്പെടുത്തുന്നു. അവള്‍ പറഞ്ഞത് നേരായിരിക്കണം. ബീവാത്തുവിനൊപ്പം കിടക്കാന്‍ കൊതിച്ച ചട്ടമ്പികളൊരുപാടുണ്ടായിരുന്നു നാട്ടില്‍. മുഖസൗന്ദര്യം ഏറെയൊന്നുമില്ലെങ്കിലും കടഞ്ഞെടുത്തൊരു ശരീരമുണ്ടായിരുന്നു പെണ്ണിന്. ആ ഉടലില്‍ പുരുഷകാമത്തിന്റെ ആര്‍ത്തികള്‍ കാട്ടാന്‍ കഴിയാതെപോയ പൂക്കരയിലെ ഓരോ ചട്ടമ്പിയും, അവളെ പറ്റിച്ച് വയറ്റിലുണ്ടാക്കി പോയ അജ്ഞാതനെക്കുറിച്ച് പറഞ്ഞുചിരിച്ച് പകതീര്‍ത്തു. കറ്റച്ചുമടുമായി നടവഴി താണ്ടുന്ന ബീവാത്തുവിന്റെ നിറഞ്ഞ മുലകളെയും കുലുങ്ങുന്ന ചന്തിയെയും കുഴിഞ്ഞ പുക്കിളിനെയും നോക്കി, അടക്കത്തില്‍ അശ്ലീലം പറഞ്ഞ് ആണ്‍കൂട്ടം അരമതിലിലിരുന്നു. ഒറ്റ ബന്ധം കൊണ്ടു വേശ്യയാക്കപ്പെട്ട പെണ്ണ്! ചില ആണുങ്ങളെ ബീവാത്തു ആട്ടിപ്പായിച്ചതിനു ഞാന്‍തന്നെ ദൃക്‌സാക്ഷിയായിരുന്നു. പകലുറങ്ങുമ്പോഴും തലച്ചുവട്ടില്‍ മറക്കാതെ കാത്തുവെച്ചിരുന്നു അവള്‍, മൂര്‍ച്ചകൂട്ടിയ വെട്ടുകത്തിയൊന്ന്.

പൂക്കരയുടെ ഇടവഴികളില്‍ കാലം കുതിച്ചുപാഞ്ഞു. അഞ്ചു വയസ്സുവരെ മുലകുടിച്ച ബീവാത്തൂന്റെ മോന്‍ വളര്‍ന്ന് വലുതായി ഒറ്റക്ക് സൈക്കിളോടിച്ച് നാട്ടിടവഴി പായുന്നത് കണ്ടശേഷമാണ്, ഞാന്‍ കല്യാണം കഴിഞ്ഞ് മറുനാട്ടിലെത്തിയത്. പിന്നീടൊരിക്കല്‍ അമ്മ വന്നപ്പോള്‍ പറഞ്ഞു, 'ബീവാത്തൂന്റെ ചെക്കന്‍ മഹാ പെഴ. പള്ളിക്കൂടത്തീ പോക്കു നിര്‍ത്തി. ഇപ്പോ കള്ളും കഞ്ചാവുമായി നടക്കുന്നു'.

ഈശ്വരാ, കാലം അമ്മമാരെ വീണ്ടും വീണ്ടും കണ്ണീരു കുടിപ്പിക്കുന്നു. അമ്മയുടെ കരള്‍ പറിച്ചെടുത്ത് മക്കള്‍ മറുകരകളിലേക്ക് പായുന്നു. തലമുറകളുടെ വിള്ളല്‍.

കഴിഞ്ഞ ഓണത്തിന് കെട്ടിയവനും പിള്ളേരുമായി ഓടിപ്പിടിച്ച് നാട്ടില്‍ ചെന്നപ്പോള്‍ ചെറിയമ്മയാണ് പറഞ്ഞത്. 'നീ പോകുന്നേനു മുമ്പേ ബീവാത്തൂനേ ഒന്നു പോയി കാണണം. പാവം ആരോരുമില്ല. ആവതില്ല.... പട്ടിണിയാ...ചെറുക്കനൊരുത്തനൊള്ളത് പെണ്ണു കെട്ടിയേപ്പിന്നേ തള്ളേ വേണ്ട. ഇപ്പോ അവന്‍ കെട്ടിയോളേംകൂട്ടി വേറെയാ താമസം. തള്ളേ അടിച്ചെറക്കി.... നെന്റെ അമ്മ മരിച്ചേപിന്നെ ബീവാത്തു ഇവിടങ്ങനെ വരാറില്ല...കഴിഞ്ഞാഴ്ച ഞാന്‍ കൊറച്ച് അരി കൊണ്ടു കൊടുത്തു. വെച്ചു തിന്നാനൊന്നും വയ്യാതായി....

ഭര്‍ത്താവിന്റെ ജോലിത്തിരക്ക്, മക്കളുടെ പഠിത്തം, ജീവിതത്തിന്റെ അനിവാര്യ തിരക്കുകളുടെ വീര്‍പ്പുമുട്ടലില്‍ മൂന്നാം നാള്‍ മറുനാട്ടിലേക്ക് മടക്കം. ബീവാത്തുവിനെ കണ്ടില്ല.

വീണ്ടും കഴിഞ്ഞയാഴ്ച നാട്ടിലേക്ക്. പോകുമ്പോഴേ കരുതി, ഇത്തവണയെങ്കിലും ബീവാത്തൂനെ കാണണം. ചെന്നു കയറിയപാടേ ചെറിയമ്മ പറഞ്ഞു, 'ബീവാത്തു മരിച്ചു. ഇന്നലെ രാത്രിയാന്നു തോന്നുന്നു. കൊറച്ചു നേരത്തെയാണ് എല്ലാരും അറിഞ്ഞത്...'

ബാഗ് കോലായിലിട്ട് ഇടവഴിയോടി. വര്‍ഷങ്ങളുടെ ജരാനരകളില്‍ നിലംപൊത്താറായ കുടില്‍. കുതിര്‍ന്ന ചുമരുകള്‍. കരിയില മൂടിയ മുറ്റം. ചെറിയൊരു ആള്‍ക്കൂട്ടം. പുലര്‍ച്ചെ നാട് വാര്‍ത്തയറിഞ്ഞ് തുടങ്ങുന്നേയുള്ളൂ. തിക്കിക്കയറി നോക്കി. നരച്ച നിസ്‌കാരപ്പടം. അതില്‍ കഅ്ബയുടെ പിഞ്ഞിത്തുടങ്ങിയ മുദ്ര. വെളുത്ത നിസ്‌കാര കുപ്പായത്തില്‍ ബീവാത്തു കുമ്പിട്ടുകിടക്കുന്നു. 'നിസ്‌കാരത്തിനെടേലാ മരണം, സ്വര്‍ഗം കിട്ടും....' ആരോ അടക്കം പറഞ്ഞു. കടവായില്‍നിന്ന് ഒലിച്ചിറങ്ങിയ ഒരുതുള്ളി ചോരയിലേക്ക് മണ്‍ചുമരില്‍ നിന്ന് ഒരായിരം ഉറുമ്പുകളുടെ പടയോട്ടം. ദൈവമേ, ഇതു കാണാനായി മറുനാട്ടില്‍നിന്ന് എന്നെ നീ എന്തിനിവിടെ പുലരിയില്‍ എത്തിച്ചു?

എനിക്ക് ഒരുപാട് മധുര അവല്‍ വാരിത്തന്ന ബീവാത്തുവിന്റെ കൈകള്‍ നന്നേ ശോഷിച്ചിരുന്നു. ഉണങ്ങിയ ദേഹത്ത് എല്ലുകള്‍മാത്രം തെളിഞ്ഞുനിന്നു. ഒരുവേള അവ തൊലിതുളച്ച് പുറത്തുവന്നേക്കുമെന്ന് തോന്നിച്ചു. വലതുകയ്യില്‍ മുറുകെപ്പിടിച്ച തസ്ബീഹ് മാലയുടെ 33 വെളുത്ത മുത്തുകള്‍ മങ്ങിയവെട്ടത്തില്‍ വജ്രംപോലെ തിളങ്ങി. തുറന്നുവെച്ചൊരു മുസ്ഹാഫ് നമസ്‌കാര കമ്പളത്തിന്റെ തലക്കല്‍ അനാഥമായിരുന്നു.

കാലം മനുഷ്യന്റെ വിലക്കുകളെ അലിയിച്ചു കളയുന്നു. പണ്ട് പിഴച്ചപെറ്റവളുടെ മയ്യിത്ത് മാപ്പിളപെണ്ണുങ്ങള്‍ തന്നെ മറകെട്ടി കുളിപ്പിച്ചു. വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടത്തി. സന്ദര്‍ശകരെ വെള്ളപ്പടം* മാറ്റി മയ്യിത്തിന്റെ മുഖം കാട്ടാന്‍ പെണ്ണുങ്ങള്‍ ഊഴംവെച്ച് കാത്തിരുന്നു. മദ്യലഹരിയില്‍ എങ്ങുനിന്നോ പാഞ്ഞുവന്ന മകന്‍ നാടകീയമായി അലമുറയിട്ടപ്പോള്‍ പള്ളിക്കമ്മിറ്റിയിലെ മുതിര്‍ന്നവര്‍ ഇടപെട്ട് അവനെ പിടിച്ചുമാറ്റി. പണ്ട് ഒരുപാട് അടുക്കളകോലായകളില്‍ അമ്മ ജീവനൂട്ടി വളര്‍ത്തിയ മകന്‍. ലഹരിയില്‍ അവന്റെ ചുവടുകള്‍ നനഞ്ഞ മണ്ണില്‍ വട്ടംവെക്കുന്നു.

ശാന്തയായി ഉറങ്ങുന്ന ബീവാത്തുവിനു ചുറ്റുമിരുന്ന് ഓത്തുപള്ളീലെ പിള്ളേര്‍ യാസീന്‍* ഓതി. ' യാസീന്‍, വല്‍ ഖുര്‍ആനില്‍ ഹഖീം......*' മരണത്തിന്റെ വെള്ളയങ്കിയില്‍ അത്തറു തുള്ളികള്‍ വീണു. ഒരു ജീവിതം മുഴുവന്‍ പുകഞ്ഞുനീറിയ പെണെ്ണാരുത്തിയുടെ തലക്കല്‍ സുഗന്ധ തിരികള്‍ പുകഞ്ഞു. അസറിനുശേഷം* മയ്യിത്ത് പള്ളിപ്പറമ്പിലേക്കെടുത്തു. കാലും തലയും മറച്ചു കെട്ടിയ പുതിയ വെള്ളത്തുണിക്കഷണങ്ങളില്‍ പഞ്ഞിപോലെ ഭാരം കുറഞ്ഞ ബീവാത്തു കിടന്നു.
ലാ ഇലാഹ ഇല്ലല്ലാ... ലാ ഇലാഹ ഇല്ലല്ല.*......പുരുഷാരം കൂട്ടമായി മൊഴിഞ്ഞു.
അവസാനത്തെ യാത്ര. പരമകാരുണികാ, എല്ലാ ജീവിതവ്യഥകളും ഇതാ തീരുന്നു. ഈലോക സങ്കടങ്ങളുടെ കെട്ടുകളെല്ലാം അഴിച്ചെറിഞ്ഞ് ഇനി ഞാന്‍ നിന്നിലേക്കു വരികയാണ്. പടച്ചവനേ, പ്രപഞ്ചങ്ങളെല്ലാം നിന്റെ വിരല്‍തുമ്പിലാണല്ലോ. കേവലവ്യഥകളുടെ ഭൂമി എനിക്കു മടുത്തിരിക്കുന്നു. ഇനി നിന്റെ പൂങ്കാവനത്തില്‍ ആധികളില്ലാത്ത വിശ്രമം....

മയ്യത്ത് നിസ്‌കരിച്ച്, കയറുകെട്ടി കുഴിയിലേക്കിറക്കി. മയ്യത്തിനു മേല്‍ പലകകള്‍* നിരന്നു, പിടിമണ്ണിട്ടു. കുഴിവെട്ടുകാര്‍ നൊടിയിടയില്‍ കുഴിമൂടി. ദുആ ചെയ്ത് ഉസ്താദും സംഘവും പിരിഞ്ഞു. 'നാളെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ കാണാം. അന്നു നമ്മളെ പരമകാരുണികന്‍ അവിടെ ഒന്നിച്ചു കൂട്ടട്ടേ.. ആമേന്‍'...

ജനം തിരിഞ്ഞു നടന്നു. ചുവടുകള്‍, ഒന്ന്... രണ്ട്... മൂന്ന്.................ഏഴ്........

ദൂരെ ഞാന്‍ നോക്കിനിന്നു. സന്ധ്യയുടെ മൂടലിലും എനിക്ക് വ്യക്തമായി കാണാം. മലക്കുകള്‍ ബീവാത്തുവിന്റെ ഖബറിനുമേല്‍, പച്ചമണ്ണില്‍ നിഴല്‍പോലെ. അവര്‍ അതാ ഖബറിനുള്ളിലേക്ക്.... സര്‍വശക്തനായ അല്ലാഹുവേ, പാപ പുണ്യങ്ങളുടെ നാഥാ, ബീവാത്തുവിന്റെ ഖബറിനെ നീ പൂന്തോപ്പുപോലെ വിശാലമാക്കണേ... സുബര്‍ക്കത്തില്‍ നീ മാലാഖമാര്‍ക്കു നടുവില്‍ അവരെയിരുത്തേണമേ....

പൂക്കരക്കുമേല്‍ ഇരുട്ടു പുതപ്പു വിരിച്ചു. മാനത്ത് ഒരൊറ്റ നക്ഷത്രം. ഖബറിലെ പച്ചമണ്ണിനു മേല്‍ രാത്രിയുടെ കറുത്തവസ്ത്രം. അവിടെ ഒരു നേരിയ വെളിച്ചം, തണുത്ത വായുവില്‍ ബീവാത്തുവിന്റെ ഖബറില്‍നിന്ന് പൂന്തോപ്പിന്റെ സൗരഭ്യം....ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.






>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
(കടപ്പാട്: ഇസ്‌ലാം മത വിശ്വാസം സംബന്ധിച്ച അറിവില്ലായ്മ മൂലം ഈ അനുഭവം എഴുതാന്‍ മടിച്ചുനിന്ന എന്നെ ചെവിക്കു കിഴുക്കിയെഴുതിച്ച്, പിന്നെ ക്ഷമാപൂര്‍വം വായിച്ച് അബദ്ധങ്ങള്‍ തിരുത്തിതന്ന പ്രിയ കുവൈത്ത് കൂട്ടുകാരി ജുവൈരിയക്കും അവളുടെ പുത്യാപ്ല അബ്ദുസലാമിനും.)
(അടിക്കുറിപ്പുകള്‍: സുബഹി: മുസ്‌ലിംകളുടെ പ്രഭാത പ്രാര്‍ഥന> മക്ക: A city in Saudi Arabia, and the holiest meeting site in Islam, closely followed by Medina. > കഅ്ബ: A cube shaped building in Mecca, Saudi Arabia, and is the most sacred site in Islam.> ഹാജി: മക്കയില്‍ പോയി വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചയാള്‍> റമദാന്‍: ഇസ്‌ലാമിലെ പുണ്യമാസം, നോമ്പു കാലം> തറാവീഹ്: റമദാന്‍ മാസത്തിലെ പ്രത്യേക രാത്രി നമസ്‌കാരം> ദുആ: പ്രാര്‍ഥന> മയ്യത്തുതുണി: പുതിയ തുണിയില്‍ പൊതിഞ്ഞാണ് മുസ്‌ലിംകള്‍ മൃതദേഹം സംസ്‌കരിക്കുക> മയ്യത്ത്: മൃതദേഹം> ബാങ്കുവിളി: പ്രാര്‍ഥനക്കുള്ള ഉച്ചത്തിലുള്ള അറിയിപ്പ്> മുസല്ല: നമസ്‌കാര സമയത്ത് വിരിക്കുന്ന മനോഹരമായ തുണി> മുത്തുനബി: അന്ത്യ പ്രവാചകനായ മുഹമ്മദു നബി> മലക്കുകള്‍: ദൈവത്തിന്റെ മാലാഖമാര്‍> ജിന്നുകള്‍: മനുഷ്യരെപ്പോലെ മറ്റൊരുതരം ദൈവ സൃഷ്ടികള്‍. മനുഷ്യനില്ലാത്ത പല കഴിവുകളും ഉള്ളവര്‍. > യൂസുഫ്, സുലൈമാന്‍, നൂഹ്: ദൈവം അയച്ച പ്രവാചകന്‍മാര്‍> ആദം, ഹവ്വ: ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യര്‍> ഇബ്‌ലീസ്, ശൈത്താന്‍: പിശാച്> മുന്‍കര്‍, നക്കീര്‍: മനുഷ്യന്‍ മരിച്ചുകഴിയുമ്പോള്‍ ഖബറില്‍ ചോദ്യംചെയ്യാനെത്തുന്ന മാലാഖമാര്‍> സുബര്‍ക്കം: സ്വര്‍ഗം> സുജൂദ്: നമസ്‌കാര സമയത്ത് മുട്ടുകുത്തി നെറ്റി തറയില്‍ തൊട്ട് പ്രാര്‍ഥിക്കുന്ന അവസ്ഥ> തസ്ബീഹ് മാല: നമസ്‌കാര ശേഷമുള്ള ലഘു പ്രാര്‍ഥനയുടെ എണ്ണം തെറ്റാതിരിക്കാനുള്ള മാല. ഓരോ മാലയിലും 33 മുത്തുകള്‍ ഉണ്ടാവും.> യാസീന്‍: വിശുദ്ധ ഖുര്‍ആനിലെ ഒരധ്യായം.> യാസീന്‍ വല്‍ ഖുര്‍ആനില്‍ ഹഖീം..: വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ എന്ന അധ്യായത്തിന്റെ തുടക്കം.> മുസ്ഹഫ്: പുസ്തകം, ഖുര്‍ആന്‍ > അസര്‍: സായാഹ്‌ന നമസ്‌കാരം> പലകകള്‍: മൃതദേഹത്തില്‍ മണ്ണു വീഴാത്തവണ്ണം പലക നിരത്തിയാണ് മുസ്‌ലിംകളുടെ സംസ്‌കാരം> ലാ ഇലാഹ ഇല്ലല്ലാ: ആരാധനക്ക് അര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിലൊന്ന്. > ജന്നാത്തുല്‍ ഫിര്‍ദൗസ്: സ്വര്‍ഗത്തിലെ പൂന്തോപ്പ്, സത്യവിശ്വാസികളെ അല്ലാഹു അവിടെ ഒന്നിച്ചുകൂട്ടുമെന്ന് വിശ്വാസം. > സുബര്‍ക്കം: സ്വര്‍ഗം.> മിഅ്‌റാജ്: മുഹമ്മദ് നബി സ്വര്‍ഗത്തിലേക്കു നടത്തിയ അത്ഭുത രാത്രി യാത്ര.> വെള്ളപ്പടം: മുസ്‌ലിംകള്‍ മൃതദേഹത്തിന്റെ മുഖം തുറന്നിടാറില്ല. ഓരോ സന്ദര്‍ശകന്‍ എത്തുമ്പോഴും മുഖപടം മാറ്റി കാട്ടുകയാണ് പതിവ്.)

Tuesday, October 5, 2010

ആനി മരിയ ജോസഫ്

'ഇതിലെവനാടീ നല്ല ചരക്ക്...?'
മൂന്നു സുന്ദരന്‍മാരുടെ മൂന്നു ഭാവത്തിലുള്ള ചിത്രങ്ങള്‍ എനിക്കു മുമ്പിലേക്ക് നീക്കിയിട്ടുകൊണ്ട് ആനി മരിയ ജോസഫ് ചോദിച്ചു. വഴവഴുത്തൊരു പാമ്പ് പൊടുന്നനെ നഗ്നമായ ഉടലില്‍ വീണാലെന്നവണ്ണം ഞാന്‍ ഞെട്ടി. മൂന്നു ചിത്രങ്ങളിലും നായകനോടിഴുകിച്ചേര്‍ന്ന് ആനി മരിയ ജോസഫ് ഉണ്ടായിരുന്നു, വിടര്‍ന്ന ചിരിയോടെ. ആണ്‍ബോധത്തിന്റെ നിഘണ്ടുവില്‍ ഉടല്‍ഭംഗിയുള്ള പെണ്ണിനെ സൂചിപ്പിക്കുന്ന സവിശേഷപദമായ 'ചരക്ക്' തിരിച്ചും പ്രയോഗിക്കപ്പെടുമെന്നതായിരുന്നു എന്റെ അമ്പരപ്പിന്റെ മറ്റൊരു കാരണം. ഭാഷയുടെ വിചിത്രമായ ഈ ലിംഗനീതിയുടെ സാധ്യത അന്നുവരെ ഞാന്‍ ആലോചിച്ചിരുന്നില്ല.

'മൂന്ന് അവന്‍മാര്‍ക്കും എന്നോട് സ്വര്‍ഗീയ പ്രണയം. കെട്ടിപ്പിടിച്ചും ഉമ്മവെച്ചും വാങ്ങിത്തന്നും പ്രണയം കാണിക്കുന്നു. ഏതവനെ വേണം സ്വീകരിക്കേണ്ടത്, നീ പറ'^ ബാഗ് മേശമേല്‍ എറിഞ്ഞ്  ഹോസ്റ്റല്‍മുറിയിലെ ബാത്ത്റൂമിനുള്ളിലേക്ക് നടക്കവെ മരിയ ചോദിച്ചു.

 പൊടുന്നനെ തെളിഞ്ഞൊരു അശ്ലീലദൃശ്യം കാണുന്ന അമ്പരപ്പോടെ ഞാന്‍ ചിത്രങ്ങളിലേക്ക് മാറിമാറി നോക്കി നില്‍ക്കവെ പ്രാര്‍ഥനക്കു മണിമുഴങ്ങി.  പെണ്‍ഹോസ്റ്റലിലെ അനവധി മുറികള്‍ തുറക്കപ്പെടുകയും നിശാവസ്ത്രം ധരിച്ച കൌമാരക്കാരികള്‍ പ്രാര്‍ഥനാഹാളിലേക്കു ധൃതിപ്പെട്ട് നീങ്ങി ക്രൂശിതരൂപത്തിനു മുന്നില്‍, കന്യാസ്ത്രീകളെ പിന്‍പറ്റി മുട്ടുകുത്തുകയും ചെയ്തു. കോളജിന്റെ പെണ്‍ഹോസ്റ്റലിലെ സന്ധ്യകള്‍ അപ്രകാരം പ്രാര്‍ഥനാഭരിതമാകുമ്പോള്‍ അന്യമതസ്ഥരായ എന്നെപ്പോലെ ചിലര്‍ മുറികളില്‍ അടച്ചിരിക്കലായിരുന്നു പതിവ്. ഇന്നെന്തോ, വല്ലാത്തൊരു ഭയത്തോടെ ഞാന്‍ പ്രാര്‍ഥനാ മുറിയിലേക്ക് ധൃതിപ്പെട്ട് ഓടുകയും കര്‍ത്താവിനുമുന്നില്‍ മുട്ടുകുത്തുകയും ചെയ്തു. സദാചാര വേലികളെ പെണ്ണ് ലംഘിക്കുന്നതിനെ അത്രമേല്‍ ഞെട്ടലോടെയേ എനിക്കു കാണാനാവുമായിരുന്നുള്ളൂ. കാരണം പെണ്ണിന്റെ സകലനിയമങ്ങളുടെയും താക്കോല്‍ അവളുടെ ഉടലാണെന്ന് ആരൊക്കെയോ എന്നേ എന്നെ പഠിപ്പിച്ചിരുന്നു.

പ്രാര്‍ഥന കഴിഞ്ഞ്, മുറിയിലെത്തി ചാരിയ വാതില്‍ തുറക്കുമ്പോള്‍ ആനി മരിയ ജോസഫ് പിന്തിരിഞ്ഞുനിന്ന് ബ്രായുടെ ഹുക്ക് അഴിക്കുകയായിരുന്നു. അര്‍ധനഗ്നമായ അവളുടെ ഉടലില്‍ ഉടക്കിയ കണ്ണുകള്‍ മനപൂര്‍വം പിന്‍വലിച്ചുകൊണ്ട് ഞാന്‍ സദാചാരവാദിയുടെ വേഷമണിഞ്ഞു.
'ഛെ! നാണമില്ലേ നിനക്ക്, വാതില്‍ കൊളുത്തിട്ടൂടെ'
എന്തിന്, നീയല്ലാതെ ആരാ ഈ മുറിയില്‍ വരാന്‍...?
ആകുലതകളോടെ കട്ടിലിലേക്കു ഞാന്‍ ചരിയവെ, അവള്‍ വീണ്ടും ചോദിച്ചു.
'എന്താടീ നീ പറയാത്തെ... ഏതവനാ സൂപ്പര്‍.....?

ജന്തുശാസ്ത്ര ബിരുദമോഹവുമായി നഗരകലാലയ ഹോസ്റ്റല്‍ മുറിയില്‍ അഭയംതേടിയ ആദ്യനാളില്‍ എനിക്കുകിട്ടിയ കൂട്ടായിരുന്നു മരിയ. സിനിമയിലെ ഫ്ലാഷ്ബാക്ക് പോലെ, ദീര്‍ഘമായൊരു ഭൂതകാലമൊന്നും തനിക്കില്ലെന്ന് പരിചയത്തിന്റെ ആദ്യ ആഴ്ചയില്‍തന്നെ അവള്‍ എന്നോടു പറഞ്ഞിരുന്നു. അവളുടെ പപ്പ നഗരത്തിലെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. നഗരത്തിലെ ചടങ്ങുകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാതി രാഷ്ട്രീയക്കാരന്‍ കൂടിയായ അയാളുടെ ചിത്രങ്ങള്‍ മിക്ക ദിവസവും പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ വരാറുണ്ടായിരുന്നു. അവ കാട്ടിതന്ന് അവള്‍, എനിക്ക് മനസിലാവാത്ത തമാശകള്‍ പറഞ്ഞുചിരിച്ചു. ആ സമ്പന്ന വക്കീലിന്റെ ദത്തുപുത്രിയാണ് ആനി മരിയ ജോസഫ് എന്ന് ചില കൂട്ടുകാരികള്‍ പറഞ്ഞുതന്നിരുന്നെങ്കിലും അതേക്കുറിച്ച് ഞാന്‍ ഒരിക്കലും അവളോട് ചോദിച്ചിരുന്നില്ല. അവള്‍ പറഞ്ഞതുമില്ല.

മരിയയുടെ പേഴ്സ് നിറയെ എപ്പോഴും അമ്പതിന്റേയും നൂറിന്റേയും നോട്ടുകള്‍ ഉണ്ടായിരുന്നു. 1990 കള്‍ ആയിരുന്നു കാലം. കൂലിപ്പണിക്കാരുടെ ഗ്രാമത്തില്‍നിന്ന് നഗരകവാടത്തിലെത്തിയ എനിക്ക് നൂറിന്റെ നോട്ടുകള്‍ തന്നെ അത്ഭുതമായിരുന്നു. എന്റെ കൂട്ടുകാരി, വലിയൊരു സമ്പന്നയാണെന്ന് ഞാന്‍ ഊഹിച്ചു. അവളുടെ മമ്മിയെക്കുറിച്ച് മരിയ അധികമൊന്നും പറഞ്ഞിരുന്നില്ല. അവള്‍ക്കു മമ്മിയെന്നു വിളിക്കാന്‍ ആരോ ഉണ്ടെന്നുമാത്രം ഞാന്‍ മനസിലാക്കി.

എനിക്ക്  പിടികിട്ടാത്ത ഒന്ന്, അവള്‍ക്ക്  ആ പപ്പയോടും മമ്മിയോടും എന്തുവികാരമായിരുന്നു എന്നതാണ്. സ്നേഹമോ പുച്ഛമോ പരിഹാസമോ പകയോ വെറുപ്പോ? അവളത് ഒരിക്കലും  കാര്യകാരണസഹിതം വിശദീകരിച്ചില്ല. എന്തും ശാസ്ത്രീയമായി സമര്‍ഥിച്ചാല്‍ മാത്രം മനസിലാവുന്ന വെറുമൊരു ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു അക്കാലത്ത് ഞാന്‍. ഡിസക്ഷന്‍ മേശയില്‍ പിടയുന്ന തവളയുടെ ആന്തരികാവയവങ്ങള്‍ സൂചിമുനയില്‍ കുത്തിയെടുത്തു വിശദീകരിക്കുംപോലെ,  ജീവിതത്തിന്റുെം മനസിന്റെയും  'ക്രോസ്സെക്ഷന്‍' എടുക്കാന്‍ കഴിയില്ലെന്ന് അതിനും എത്രയോ ശേഷമാണ് ഞാന്‍ പഠിച്ചത്.

ജീവിതത്തിന്റെ ഏതോ നിമിഷത്തില്‍ ആനി മരിയ ജോസഫ് എന്ന എന്റെ കൂട്ടുകാരി, എല്ലാ സ്നേഹങ്ങളും വെറും അഭിനയങ്ങളാണെന്നും ഒന്നില്‍നിന്ന് ഒന്നിലേക്ക് പാറി അനുഭവിക്കാനുള്ള വെറുമൊരു തമാശക്കളിയാണ് ബന്ധങ്ങളെന്നും പഠിച്ചുപോയിരുന്നു. ആവുമ്പോലൊക്കെ ഞാനവളെ തിരുത്താന്‍ ശ്രമിച്ചു. പൊട്ടിച്ചിരികളോടെ അവളെന്റെ ഉപദേശങ്ങളെ കുടഞ്ഞുകളഞ്ഞു. ഓരോ ദിവസവും ക്ലാസ്മുറികള്‍ ഉപേക്ഷിച്ചവള്‍ ബൈക്കില്‍ ഉല്ലാസയാത്രകള്‍പോയി. ബൈക്കുകളും അതോടിക്കുന്നയാളും ജന്തുശാസ്ത്രത്തിലെ 'ലൈഫ് സൈക്കിള്‍' പോലെ മാറിവന്നുകൊണ്ടിരുന്നു.

'ഹോ..ഒരഭിപ്രായം ചോദിച്ചപ്പോ അവടെ ജാഡ...നീ പറയണ്ട, ഞാന്‍ കണ്ടുപിടിച്ചോളാം......'
റോസ്നിറത്തിലുള്ള പാന്റീസ് മാത്രം ധരിച്ച് മരിയ എനിക്കുമുന്നില്‍ നിന്നു. തിളങ്ങുന്നൊരു സ്വര്‍ണ അരഞ്ഞാണത്തിന്റെ അടരുകള്‍ അവളുടെ അടിവസ്ത്രത്തിന്റെ അരികിലൂടെ പുറത്തുകാണാമായിരുന്നു. വലിയ ചന്ദനനിറമുള്ള മാറിടങ്ങള്‍ എന്നില്‍ അസൂയയുണര്‍ത്തി.
'നാണമില്ലേ പെണ്ണേ, പോയി ഉടുപ്പിട്ടിട്ട് കാര്യംപറ... ' ഞാന്‍ തലയിണയില്‍ മുഖം മറച്ചു.

കൂട്ടുകാരികള്‍ക്കുമുന്നില്‍ നഗ്നരായിനിന്ന് പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍മുറികളില്‍ വസ്ത്രം മാറാറുണ്ടോ എന്ന് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പുരുഷസുഹൃത്ത് അതിയായ ജിജ്ഞാസയോടെ എന്നോട് സ്വകാര്യം തിരക്കിയപ്പോള്‍ ഞാന്‍ മരിയയെ ഓര്‍ത്തുപോയി. അവനോട് ഞാന്‍ പറഞ്ഞത്, 'ഇല്ല. ചിലപ്പോള്‍ ബ്ലൌസോ മറ്റോ മാറ്റിയെന്നു വരാം. ഭൂരിപക്ഷം സ്ത്രീകളും ശരീരത്തിന്റെ പരസ്യപ്രദര്‍ശനം ഇഷ്ടപ്പെടുന്നവരല്ല' എന്നായിരുന്നു. അതായിരുന്നു, എന്റെ അനുഭവം. മുറിയില്‍ മരിയ മാത്രമുള്ളപ്പോഴും ഞാന്‍ ബാത്ത്റൂമിന്റെ ഏകാന്തതയില്‍ മാത്രമേ വസ്ത്രം മാറ്റിയിരുന്നുള്ളൂ. ആ ഹോസ്റ്റലില്‍ ഞാന്‍ കണ്ടവരെല്ലാം അങ്ങനെയായിരുന്നു. സ്വവര്‍ഗരതിയുടെ കഥകള്‍ ഒഴുകിനടന്ന ഹോസ്റ്റലുകളില്‍ താമസിച്ച കാലത്തുപോലും മുറിയില്‍ കൂട്ടുകാരികള്‍ക്കു മുന്നില്‍ നഗ്നതയുടെ പൂര്‍ണത പ്രദര്‍ശിപ്പിക്കുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടില്ല. ഒരുവേള, അതെന്റെ അനുഭവങ്ങളുടെ പരിമിതിയാവാം. എന്നാലും മലയാളി പെണ്ണിന്റെ സദാചാര സംഹിതകള്‍ ഇപ്പോഴും അത്രമേലൊന്നും മാറിയിട്ടില്ലെന്ന് എനിക്കു തോന്നുന്നു.

പക്ഷേ, മരിയ പരിചയപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ എനിക്കു മുന്നില്‍ നിന്ന് കൂസലില്ലാതെ വസ്ത്രം മാറാന്‍ തുടങ്ങി. ഉടയാടകളൊന്നായി അഴിച്ച് അലക്ഷ്യമായി സ്വന്തം കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് ചിത്രത്തുന്നലുകളുള്ള വിലയേറിയ ബ്രേസിയറും ഇളം നിറമുള്ള പാന്റീസും ധരിച്ച് അവള്‍ എനിക്കു മുന്നില്‍ നിന്നു തര്‍ക്കിക്കും. ചിലപ്പോള്‍ പാന്റീസ്
പോലും ഊരിയെടുത്ത് വായുവില്‍ കറക്കി കിടക്കയിലേക്ക് എറിയും. എന്നിട്ട് പൂണ നഗ്നതയുടെ സൌന്ദര്യത്തില്‍ കണ്ണാടിക്കുമുന്നില്‍ നിന്ന് അവള്‍ സ്വന്തം മാറിടങ്ങളേയും വയറിനേയും ത്വക്കിനേയും വിലയിരുത്തും. ഒരു ജന്തുശാസ്ത്ര അധ്യാപകന്‍ സൂക്ഷ്മജീവിയുടെ അവയവങ്ങള്‍ വിവരിക്കുംപോലെ അവള്‍ സ്വന്തം ശരീരത്തെ അരോചകമാംവിധം വിശദീകരിക്കും. എന്നെക്കാള്‍ ഒരുപാട് സുന്ദരിയായിരുന്നു അവള്‍. ചുരുണ്ട ഭംഗിയുള്ള മുടിയിഴകളെ അവള്‍ വെട്ടിക്കുറച്ചിരുന്നു. അവളുടെ തുടകള്‍ക്കിടയില്‍നിന്ന് കറുത്തിരുണ്ടരോമങ്ങള്‍ അടിവയറിലേക്ക് പടര്‍ന്നുകയറിയത് കണ്ടപ്പോഴൊക്കെ ഞാന്‍ വല്ലാതെ അതിശയിച്ചു. അക്കാലത്ത് അത്രമേല്‍ സവിശേഷമായ ഉടലടയാളങ്ങള്‍ എനിക്ക് ഉണ്ടായിരുന്നില്ല. ചെറിയ മുലകളും മെല്ലിച്ച ശരീരവും ഭംഗിയില്ലാത്ത മുഖവും എന്നെ കുളിമുറിയുടെ സ്വകാര്യതയില്‍ അലോസരപ്പെടുത്തി. അപ്പോഴൊക്കെ ഞാന്‍ മരിയയോട് അസൂയപ്പെട്ടു.

എന്റെ വിലകുറഞ്ഞ വെളുത്ത ബ്രായും പാന്റീസും മാസമുറകാലത്തെ വെളുത്ത തുണിയുമൊക്കെ അവള്‍ കാണുന്നതില്‍ എനിക്ക് അപമാനം തോന്നി. ആ ചെറിയ മുറിയില്‍ അവയെപ്പോഴും ഞാന്‍ മറച്ചു സൂക്ഷിച്ചു. എന്നിട്ടും അവയൊക്കെ അവള്‍ കാണുകയും എന്റെ നാടന്‍ ആര്‍ത്തവമുറകളെ പടികടത്തുകയും ചെയ്തു. വിലയുള്ള സാനിട്ടറിപാഡുകളുടെ എളുപ്പമുള്ള ഉപയോഗം എന്നെ പഠിപ്പിച്ചത് ആനി മരിയ ജോസഫ് ആയിരുന്നു. രഹസ്യഭാഗങ്ങളില്‍ പടര്‍ന്നുകയറുന്ന അനുസരണയില്ലാത്ത രോമരാജികളെ പെണ്‍കുട്ടികള്‍ വെട്ടിയൊതുക്കാന്‍ പാടുണ്ടോ എന്ന എന്റെ സംശയംപോലും മാറ്റിത്തന്നത്ത് അവളായിരുന്നു. സ്ത്രീകള്‍ ഉപയോഗിക്കുന്ന മുറിവുപറ്റാത്ത ഷേവിങ് ഉപകരണങ്ങളുടെയും ഹെയര്‍ റിമൂവറുകളുടെയും ഉപയോഗം അവളെനിക്ക് വിവരിച്ചുതന്നു. നഗരത്തിലെ വലിയ വസ്ത്രശാലകളില്‍നിന്ന് ലജ്ജയില്ലാതെ അളവിനൊത്ത അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനും മെഡിക്കല്‍ഷോപ്പുകളില്‍നിന്ന് സാനിട്ടറി പാഡുകള്‍ വാങ്ങാനും അവള്‍ എന്നെ പഠിപ്പിച്ചു. ക്രമംതെറ്റിയെത്തുന്ന ആര്‍ത്തവത്തിന്റെ നാളുകളില്‍ വല്ലാതെ ഉള്‍വലിഞ്ഞുപോകുന്ന എന്നെയവള്‍ കളിയാക്കി, സജീവതകളിലേക്കു കൊണ്ടുവന്നു. പക്ഷേ, അവള്‍ എപ്പോഴും ചരടില്ലാത്ത പട്ടംപോലെ എവിടെയൊക്കെയോ പറന്നു.

ഓ, വേദനിക്കുന്നു, അവന്‍ ഇന്നലെ പിടിച്ചുടച്ചു കളഞ്ഞു.....സ്വന്തം മാറില്‍ തൊട്ടവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ മുഖം ചുളിച്ചു. 'മരിയ, നീ പോകുന്നത് അപകടത്തിലേക്കാണ്. നീയിത് എന്തു ഭാവിച്ചാ......' ഞാനവളെ പലതവണ ശാസിച്ചത് എന്റെ തന്നെ ഭയം കാരണമായിരുന്നു. പിടിക്കപ്പെടുന്നൊരു നാള്‍ മരിയ പാവനമായ ക്രിസ്ത്യന്‍ പേരുള്ള ആ കോളജില്‍നിന്ന് പുറത്താക്കപ്പെടും. അവളുടെ കൂട്ടുകാരിയും സഹവാസിയും ആയതിനാല്‍ മാത്രം അന്ന് ഞാനും ശിക്ഷിക്കപ്പെട്ടേക്കും. ഓരോ ദിവസവും ഞാനതു ഭയന്നു. അപമാനത്തിന്റെ വാള്‍ ശിരസ്സിനുമേല്‍ കണ്ട് രാത്രികളില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. അടുത്ത കിടക്കയില്‍ അപ്പോഴൊക്കെ മരിയ നല്ല ഉറക്കമായിരുന്നു. ഒരു പെണ്ണിന് ഇത്രമേല്‍ ചീത്തയാകാനാവുമോയെന്ന് അവള്‍ ഓരോ നാളിലും എന്നെ അത്ഭുതപ്പെടുത്തി. അവളുടെ ഇതിഹാസങ്ങള്‍ക്ക് കാമ്പസില്‍ കുട്ടികള്‍ കൂട്ടിച്ചേര്‍ത്തും മാറ്റിപ്പറഞ്ഞും പല ഭാഷാന്തരങ്ങള്‍ ഉണ്ടായി, രാമായണം പോലെ. കോളജ് അധികൃതര്‍ മാത്രം അവ അധികമൊന്നും അറിഞ്ഞില്ല. അഥവാ അറിഞ്ഞില്ലെന്ന് നടിച്ചതോ? അധികം അകലെയല്ലാത്ത വീട്ടിലേക്കെന്ന പേരില്‍ അവള്‍ ഹോസ്റ്റലില്‍ നിന്ന് അനുവാദം വാങ്ങി പോകുന്ന ഓരോ ദിവസവും ഞാന്‍ അസഹ്യമായ ആശങ്കകളാല്‍ ഉലഞ്ഞു.

പക്ഷേ, മരിയ വിലപിടിച്ചത് എന്തുവാങ്ങുമ്പോഴും എന്നെ ഓര്‍ത്തു. അവളെനിക്ക് തിളങ്ങുന്ന വര്‍ണക്കടലാസില്‍ പൊതിഞ്ഞ വിദേശ ചോക്ലേറ്റുകള്‍ സമ്മാനം തന്നു. നഗരത്തിലെ ഹോട്ടലില്‍നിന്ന് വിലയുള്ള വിഭവങ്ങള്‍ എല്ലാ ആഴ്ചയിലും ഞങ്ങള്‍ വാങ്ങിത്തിന്നു. എല്ലായ്പ്പോഴും അവളായിരുന്നു ബില്ലടച്ചത്. കുറച്ചേറെ ആണ്‍കുട്ടികള്‍ കഴിഞ്ഞാല്‍ അവള്‍ക്ക് എന്നോടായിരുന്നു അധികം സൌഹൃദം. പക്ഷേ, ഒരിക്കല്‍പോലും അവളെന്നെ വീട്ടിലേക്ക് ക്ഷണിച്ചില്ല. വീട് ഏറെയൊന്നും അകലെ ആയിരുന്നില്ലെങ്കിലും. അവളെനിക്ക് നിറമുള്ള വസ്ത്രങ്ങളും അപൂര്‍വമായ പുസ്തകങ്ങളും മനോഹരമായ പുതുവല്‍സര കാര്‍ഡുകളും സമ്മാനിച്ചു. ചിലപ്പോള്‍ ഫാഷന്‍ തികഞ്ഞ അടിവസ്ത്രങ്ങള്‍പോലും വാങ്ങിനല്‍കി. ഓരോ സമ്മാനം വാങ്ങുമ്പോഴും അജ്ഞാതമായ ഭയം എന്നെ മൂടി. പക്ഷേ പ്രലോഭനങ്ങളില്‍ മനസ്സുടക്കിയ എനിക്ക് സമ്മാനങ്ങള്‍ നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവള്‍ അതെല്ലാം തരുന്നത് അപകടകരമായൊരു ചൂഷണത്തിന്റെ മുന്നൊരുക്കമായാവാം എന്നൊരു പേടി എന്നെ വല്ലാതെ പിടികൂടിയിരുന്നു.

അവള്‍ ഒളിവും മറയുമില്ലാതെ എനിക്കു മുന്നില്‍ ജീവിതം കുമ്പസരിച്ചുകൊണ്ടിരുന്നു, പാപബോധമില്ലാത്ത ഉല്ലാസഭരിതമായ കുമ്പസാരങ്ങള്‍. അവയിലെ പച്ചയായ വിവരണങ്ങള്‍ ആദ്യം എന്നില്‍ അറപ്പുണ്ടാക്കി. എന്നാല്‍, ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ ശാരീരികതലങ്ങളുടെ കൌതുകങ്ങള്‍ തെരഞ്ഞിരുന്ന എനിക്ക് പിന്നീട് ആനി മരിയ ജോസഫിന്റെ വിവരണങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമായി. തന്റെ ഏറ്റവും പുതിയ കാമുകന്‍ ഫൈനല്‍ഇയര്‍ ഫിസിക്സിലെ ജോണ്‍സണ്‍ സാമുവല്‍ തിയറ്ററിന്റെ ഇരുട്ടില്‍ മുലകളില്‍ തഴുകിയത്, അത് അനുവദിച്ചുകൊടുത്തത്, അവന്റെ വാരിപ്പിടിച്ച ചുംബനത്തിന് നിന്നുകൊടുത്തത്, അവന്‍ കാട്ടിത്തന്ന ഇംഗ്ലീഷ് നീലപ്പുസ്തകത്തിലെ ചിത്രങ്ങളുടെ ചൂട്....എല്ലാമവള്‍ വിസമ്മതങ്ങളില്ലാതെ വെളിപ്പെടുത്തി. അവളോട് ഓരോ കാമുകനും നടത്തിയ ദ്വയാര്‍ഥപ്രയോഗങ്ങള്‍, ചോദിച്ച സംശയങ്ങള്‍ എല്ലാം അവള്‍ പങ്കുവെച്ചു. പെണ്ണുടലിനോടുള്ള ആണ്‍ കാമത്തെ അവള്‍ പലവിധത്തില്‍ വിശദീകരിച്ച രാവുകളിലൊക്കെ ഞാന്‍ ഉറക്കംവരാതെ അസ്വസ്ഥയായി.

ഒന്നാംവര്‍ഷ ബിരുദത്തിന്റെ അവസാനമാസങ്ങളില്‍ അവള്‍ പറഞ്ഞത് ഏറെയും ജോണ്‍സണ്‍ സാമുവല്‍ എന്ന കാമുകനെക്കുറിച്ചായിരുന്നു. ഒരിക്കല്‍ ദൂരെ കോളജ് മൈതാനത്തില്‍ വോളിബോള്‍ കളിക്കുന്ന അവനെ അവള്‍ എനിക്ക് ചൂണ്ടിക്കാട്ടി. 'അതാടീ...എന്റെ ചുണക്കുട്ടന്‍'. അകലെ സായാഹ്ന വെയിലില്‍ പന്തിനുനേരെ ഉയര്‍ന്നുചാടുന്ന അവന്റെ ഉറച്ച മാംസപേശികള്‍ എന്നെ പേടിപ്പിച്ചു. 'അയ്യോ, പേടിയാവുന്നു'^ ഞാന്‍ പറഞ്ഞു. 'അപ്പോ നീയവനെ മൊത്തത്തില്‍ കണ്ടാലോ?'^ അവള്‍ ചിരിച്ചു. ഞാന്‍ മുഖം തിരിച്ചു.

'എല്ലാം കഴിഞ്ഞെടീ, ഞാന്‍ സമ്മതിച്ചു. ഇന്നലെ ഞങ്ങള്‍ മാത്രം അവന്റെ കൂട്ടുകാരന്റെ ആളില്ലാത്ത വീട്ടിലായിരുന്നു'^ ഒരു വാരാദ്യത്തില്‍ മടങ്ങിയെത്തിയ മരിയ എന്നോട് കാതില്‍ സ്വകാര്യം പറഞ്ഞു. അവളുടെ ഉച്ഛ്വാസവായുവില്‍ അപരിചിതമായ ഗന്ധം നിറഞ്ഞു. അത് മദ്യത്തിന്റേതെന്ന് എനിക്ക് പേടിയോടെ മനസിലായി. വീട്ടില്‍ അപൂര്‍വം ആഘോഷവേളകളില്‍ പുരുഷസദസുകളില്‍ ആ മണം നിറഞ്ഞിരുന്നു. തിളച്ച വെള്ളം ചെവിയില്‍ പതിച്ചെന്നവണ്ണം ഞാന്‍ പിടഞ്ഞു. 'ഇനിയിപ്പോ സിനിമേലും നോവലിലുമൊക്കെ പറയുമ്പോലെ കന്യക എന്നൊന്നും വിളിക്കാന്‍ പറ്റില്ല. ആ പന്നനോട് ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്, അവന്‍ സമ്മതിച്ചില്ല'^ പിന്നെയും ആനി മരിയ ജോസഫ് ചിരിച്ചു. അഴിഞ്ഞുവീണ ഉടയാടകള്‍, അവന്റെ നെഞ്ചിലെ രോമക്കൂടിന്റെ ചൂട്, ചുംബിച്ചു മുറിഞ്ഞ ചുണ്ടുകള്‍, അടര്‍ന്നുപോയ അടിയുടുപ്പുകള്‍, ദേഹമാകെ നിറഞ്ഞ അവന്റെ ഉമിനീര്‍ നനവ്, നഖക്ഷതത്തില്‍ ചോരപൊടിഞ്ഞ മുലകള്‍... എല്ലാമവള്‍ വിവരിച്ചു. ഒടുവില്‍ ഊരിവീണുപോയ ചുരിദാര്‍, അവന്‍ ബലമായി വലിച്ചുമാറ്റിയ പാന്റീസ്, മല്ലയുദ്ധത്തിലെന്നവണ്ണം അടക്കിപ്പിടിച്ച് മുകളിലേക്ക് നൂഴ്ന്നു കയറിയപ്പോള്‍ അനുഭവിച്ച അവന്റെ ഭാരം. നിഷേധങ്ങള്‍ക്കു കാതുകൊടുക്കാതെ വന്യതയോടെ അവന്‍ അകത്തിമാറ്റിയ തുടകള്‍, കന്യകാത്വത്തിന്റെ നേര്‍ത്ത ത്വക്പ്രതിരോധത്തെ ഭേദിച്ച അവന്റെ കരുത്ത്.... എല്ലാമവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഓടിപ്പോയി മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍ സമയംവൈകിപ്പോയിരുന്നു. ഭഗവാനേ, ക്രിസ്ത്യാനിയായിരുന്നെങ്കില്‍ ഏതെങ്കിലും പരിചിതനായ പുരോഹിതന്റെ മുന്നില്‍ എന്റെ കൂട്ടുകാരിക്കായി ഒന്നു കരഞ്ഞു കുമ്പസരിക്കാമായിരുന്നു.

അവള്‍ ഗര്‍ഭിണിയാകാനെങ്ങാന്‍ സാധ്യതയുണ്ടോ എന്ന എന്റെ ഭയം ചോദിക്കാന്‍ ലോകത്ത് വിശ്വസിക്കാവുന്ന മറ്റാരും അപ്പോള്‍ ഉണ്ടായിരുന്നില്ല. 'അതൊന്നും ഇല്ലെടീ...അതിനൊക്കെ ഒരു സമയമുണ്ട്. നീയിതൊന്നും വായിച്ചിട്ടില്ലേ. അല്ലെങ്കില്‍ത്തന്നെ അവന് അതൊക്കെ അറിയാം. ഫൈനല്‍ പുറത്തായിരുന്നു'^ അവള്‍ അടക്കം പറഞ്ഞു. അതൊക്കെ എനിക്ക് മനസിലായത് പിന്നീട് കാലമെത്രയോ കഴിഞ്ഞാണ്. പിറ്റേന്ന് ആരും കാണാതെ കര്‍ത്താവിനുമുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ഥിച്ചു^'ദൈവമേ, എന്റെ കൂട്ടുകാരിയെ കാക്കണേ....'

അപ്രതീക്ഷിതമായ ഇണചേരല്‍ ജോണ്‍സണ്‍ സാമുവലിനോട് മരിയയെ എന്നെന്നേക്കുമായി അടുപ്പിക്കുമെന്ന് ഞാന്‍ കരുതി. ആ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് മരിയ മൂന്നു മാസത്തിനുള്ളില്‍ അയാളോട് തെറ്റിപ്പിരിഞ്ഞു. 'പട്ടി, അവന് എന്റെകൂടെ കിടന്നാല്‍ മാത്രം മതി. എന്നും ഇതുതന്നെ. എനിക്കു മടുത്തു'^ അവള്‍ പ്രഖ്യാപിച്ചു.  പഠനഭാരത്തിന്റെ പേരുപറഞ്ഞ്  വാര്‍ഡന് സ്പെഷല്‍ റിക്വസ്റ്റ് നല്‍കി ഞാന്‍ ഹോസ്റ്റലില്‍ ഒരൊറ്റമുറി സ്വന്തമാക്കിയത് അക്കാലത്താണ്. ആനി മരിയ ജോസഫ് എന്ന കൂട്ടുകാരിയുടെ സൌഹൃദത്തിന്റെ ഭാരങ്ങളെ ഇനിയും താങ്ങാന്‍ എനിക്കു കഴിയുമായിരുന്നില്ല. അവളോട് പറയാതെ, അവളില്ലാത്ത ഞായറാഴ്ച ഞാന്‍ മുറിവിട്ടു. പിന്നെ കണ്ടപ്പോഴൊന്നും അവള്‍ എന്നോട് അധികം സംസാരിച്ചില്ല. പാപബോധത്താല്‍ നീറിയ ദിനങ്ങളില്‍ നിന്ന് മോചനം നേടിയ ഞാന്‍ അവളുടെ സൌഹൃദം മുറിഞ്ഞതില്‍ ഒരുവേള ആശ്വസിച്ചു.

അധികം വൈകാതെ ആനി മരിയ ജോസഫ് കോളജുതന്നെ വിട്ടു. അവളെ ഒരുനാള്‍ പൊടുന്നനെ കാണാതാവുകയായിരുന്നു. പത്രങ്ങളില്‍ വാര്‍ത്ത വരികയും സംഭവം നഗരത്തില്‍ സംസാരവിഷയമാവുകയും ചെയ്തെങ്കിലും കോളജില്‍ അധികമാരും മരിയയെക്കുറിച്ച് വലുതായൊന്നും ആശങ്കപ്പെട്ടില്ല. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അവളെ ഒരു ചെറുപ്പക്കാരനൊപ്പം പൊലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം അയക്കുകയും ചെയ്തു. ഇതൊക്കെ കേട്ടറിവുകളും പത്രത്താളിലെ വിശേഷങ്ങളും മാത്രമായിരുന്നു. പിന്നീട് ഞാന്‍ ആ കോളജ് വിടുംവരെ ആനി മരിയ ജോസഫ്  വന്നില്ല. ഞാനവളെ നേരില്‍ കണ്ടതുമില്ല.

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വന്നൊരു കല്യാണക്ഷണക്കത്തിന്റെ തുമ്പുപിടിച്ച് ഞാന്‍ മരിയയെ തേടിച്ചെന്നു. നഗരത്തിലെ ഏറ്റവുംവലിയ കല്യാണമണ്ഡപത്തില്‍ പട്ടുടയാടകളില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു അവള്‍. സ്വര്‍ണത്തിന്റെ വലിയ ഭാരങ്ങള്‍ അവളുടെ ഉടലില്‍ ഉണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ എന്നെയവള്‍ തിരിച്ചറിഞ്ഞു. ഇന്നലെയുംകൂടി കണ്ടിരുന്നുവെന്നവണ്ണം ഏറെ സംസാരിച്ചു. ഇരുണ്ട കോട്ടിന്റെ ഛായയാല്‍ കൂടുതല്‍ കറുത്തതായി തോന്നിച്ച ഉയരംകുറഞ്ഞ വരനെ അവള്‍ എനിക്കു പരിചയപ്പെടുത്തി. കല്യാണവിരുന്നിന്റെ വീണുകിട്ടിയ ഇത്തിരിനേരത്ത് അവള്‍ സ്വകാര്യമായി കാതില്‍ പറഞ്ഞു. 'പപ്പാ കണ്ടുപിടിച്ചതാ അവനെ, ഞാനങ്ങു സമ്മതിച്ചു.  ലണ്ടനില്‍ ഏതോ വലിയ കമ്പനീലാ. അടുത്തമാസം ഞങ്ങളങ്ങുപോകും. ഇനി കല്യാണം പരീക്ഷിച്ചില്ലാന്നു വേണ്ട'. അവള്‍ പിന്നെയും ചിരിച്ചു. ആ പഴയ ചിരി. ഞാന്‍ അമ്പരന്നു.

വീണ്ടും വര്‍ഷങ്ങള്‍. കഴിഞ്ഞ ദിവസം ആനി മരിയ ജോസഫിനെ ഫേസ്ബുക്കിന്റെ പേജില്‍ കണ്ടുമുട്ടി. ലണ്ടനില്‍നിന്നു തന്നെ. 'അവനെ ഞാന്‍ എന്നോ വിട്ടെടീ... ലീഗലി ഡൈവോഴ്സ്ഡ് ആയി. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റത്തില്ലെടീ. ഒടുക്കത്തെ ഈഗോ. ഭാഗ്യത്തിന് പിള്ളേര് ഉണ്ടായില്ല. അതിനാല്‍ എല്ലാം എളുപ്പമായി'

ഞാന്‍ ഒന്നും പറഞ്ഞില്ല, പകരം ഒരു ഇ^മെയില്‍ അവള്‍ക്ക് അയച്ചു.

'പ്രിയപ്പെട്ട എന്റെ കൂട്ടുകാരി,
നീ എന്നെങ്കിലും ആരെയെങ്കിലും ആത്മാര്‍ഥമായി നീ സ്നേഹിച്ചിരുന്നുവോ? ബന്ധങ്ങളുടെ പവിത്രമായ ചില്ലുപാത്രങ്ങളെ ഇത്ര അനായാസമായി നീയെങ്ങനെയാണ് ഉടച്ചു കളയുന്നത്? നിന്നെ വളര്‍ത്തിയ പപ്പയോട് , മമ്മിയോട്, നിന്റെ കൂട്ടുകാരിയായ എന്നോട്, അസംഖ്യം കാമുകന്‍മാരോട്, കൂടെ കിടന്ന പുരുഷന്‍മാരോട് നിന്റെ വികാരം എന്തായിരുന്നു? അവരില്‍ ഒരാളെയെങ്കിലും ഒരു നിമിഷമെങ്കിലും നീ സ്നേഹിച്ചിട്ടുണ്ടോ? സ്നേഹമെന്ന വികാരത്തെ നിനക്ക് ജീവിതത്തില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ തിരിച്ചറിയാന്‍, അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ജീവിതം തന്നെ അഭിനയമാക്കിയ  കൂട്ടുകാരീ, എനിക്കു നിന്നെ ഇത്രകാലത്തിനു ശേഷവും മനസിലാവുന്നതേയില്ലല്ലോ. ഇനി ഞാന്‍ നിന്നെ ജീവിതത്തില്‍ ഒരിക്കലും നേരില്‍ കാണാതിരിക്കട്ടെ എന്നു മാത്രം ആശിക്കുന്നു.
സ്വന്തം, അലീന.

മൂന്നാം നാള്‍ ആനി മരിയ ജോസഫിന്റെ മറുപടി മെയില്‍ വന്നു.

പ്രിയപ്പെട്ട അലീന,
നിനക്കറിയുമോ? എനിക്കുമേല്‍ ഒരിക്കലും രക്ത ബന്ധങ്ങളുടെ ചരടുകളൊന്നുമുണ്ടായിരുന്നില്ല. എവിടെയോ ആരാലോ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനുമേല്‍ സന്തതികളില്ലാത്ത ദമ്പതികള്‍ തീര്‍ത്തൊരു ദത്തിന്റെ നിയമച്ചരടാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയ ആര്‍ഭാടങ്ങളെല്ലാം. പിന്നെയെപ്പോഴൊക്കെയോ അവര്‍ക്കുതന്നെ വേണ്ടിയിരുന്നില്ലെന്ന് തോന്നിയ ഈ ദത്തുപുത്രി, ജീവിതത്തില്‍ ഒരിക്കലുമൊരിക്കലും സ്നേഹത്തിന്റെ പാഠങ്ങള്‍ പഠിച്ചിട്ടേയില്ല. പക്ഷേ, കൂട്ടുകാരി, നീ വിശ്വസിക്കണം. എനിക്ക് ഈ ജീവിതത്തില്‍ സ്നേഹം തോന്നിയത് നിന്നോടു മാത്രമാണ്. നിന്റെ നിഷ്കളങ്കതയോട്. നിനക്കറിയുമോ, എന്റെ നഗ്നതയില്‍ കെട്ടിപ്പുണര്‍ന്നുറങ്ങിയ ഒരാണിന്റേയും വിടചൊല്ലലില്‍ ഞാന്‍ ദുഃഖിച്ചിട്ടില്ല. എന്നെ വളര്‍ത്തിയ പപ്പയുടെ മരണത്തില്‍പോലും ഞാന്‍ കരഞ്ഞില്ല. ഞാന്‍ കരഞ്ഞത് എപ്പോഴാണെന്ന് നിനക്കറിയുമോ? എന്നെ ഒറ്റക്കാക്കി നീ ഹോസ്റ്റല്‍മുറി വിട്ടുപോയില്ലേ, ആ രാത്രി. അന്നു മാത്രമാണ് തലയിണയില്‍ മുഖംചേര്‍ത്ത് ഞാന്‍ തേങ്ങിപ്പോയത്. കൂട്ടുകാരി, ഇപ്പോള്‍ എന്റെ ബോയ്ഫ്രണ്ട് ഒരു ലണ്ടന്‍ സായിപ്പാണ്. ഓഷോ ശിഷ്യനെന്ന് പറയുന്നൊരു കള്ളവേദാന്തക്കാരന്‍. അവന്‍ കഴിഞ്ഞദിവസം ഇണചേരുമ്പോള്‍ എന്നോട് ചോദിച്ചു. 'നീയെന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?'
ഞാനവനോട് പറഞ്ഞു, 'ഒരിക്കലും കിട്ടാത്ത സ്നേഹം തേടിയുള്ള എന്റെ യാത്രയില്‍ നൈമിഷകമായ ആഘോഷങ്ങളും രതിയും വേര്‍പാടുകളും മാത്രമേയുള്ളൂ. സ്നേഹമേയില്ല.'
അപ്പോള്‍ അവന്‍ വീണ്ടും എന്നോട് ചോദിച്ചു^'നീ ജീവിതത്തില്‍ ഏറ്റവും സ്നേഹിച്ചത് ആരെയാണ്? അങ്ങനെയൊരാള്‍ ഉണ്ടോ?'

പൊടുന്നനെയുണ്ടായ സ്ഖലനത്തിന്റെ തീവ്രതയില്‍ എനിക്കുമേല്‍ മൃഗീയമായി ചലിച്ചുകൊണ്ടിരുന്ന ആ സായിപ്പിന്റെ കിതക്കുന്ന ശരീരത്തിനടിയില്‍ ഞെരുങ്ങി ഞാന്‍ മെല്ലെ പാടി.....

I had a friend most rare,
Her soul all goodness and light
Her voice sweet and melodious....
 

പ്രിയപ്പെട്ട എന്റെ കൂട്ടുകാരീ... നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, ഞാന്‍ പാടിയത് നിന്നെക്കുറിച്ചായിരുന്നു.

Friday, September 24, 2010

അമ്മിഞ്ഞ നോവുകള്‍

'നമ്മുടെ നാണിത്തള്ള എന്താമ്മേ ബ്ലൌസിടാത്തത്?'
ചോദ്യത്തിന് അമ്മ മറുപടി പറഞ്ഞത് കയ്യിലിരുന്ന തവി തിരിച്ചുപിടിച്ച് തുടക്കിട്ടൊന്നു പൊട്ടിച്ചായിരുന്നു.
'തോന്ന്യാസം ചോദിച്ചു നടക്കാതെ പോയിരുന്നു വല്ലോം വായിച്ചു പടിക്കെടീ പെണ്ണേ, പെണ്ണിന്റെ ഓരോ ചോദ്യം......'

നാലുംകൂട്ടി ചവച്ച്, ഞങ്ങളുടെ തറവാടിന്റെ പിന്‍മുറ്റത്തെ കോണിലിരുന്ന് വാതോരാതെ നാട്ടുവിശേഷം പറയുന്ന നാണിത്തള്ളയെ അമ്മക്ക് വലിയ കാര്യമായിരുന്നു. ഒരു കഷണം പൊകേല, ഒരുപിടി വാട്ടുകപ്പ, നാഴി അരി, ഇത്തിരി തൈര് ....അങ്ങനെ എന്തെങ്കിലുമൊന്ന് വാങ്ങാനാവും തള്ള അമ്മയെത്തേടി പിന്നാമ്പുറത്തു വരിക. പോകുംമുമ്പുള്ള നേരം നാണിത്തള്ള അമ്മക്കു മുന്നില്‍ നാട്ടുവിസ്താരങ്ങളുടെ കെട്ടഴിക്കും. വീടിനു പുറത്ത് പോവാത്ത അമ്മക്ക് ഗ്രാമവാര്‍ത്തകളുടെ ചാനലായിരുന്നു എഴുപതു പിന്നിട്ട നാണി.

എനിക്കും നാണിത്തള്ളയെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു മുറി കക്കണ്ടമോ പൊടിക്കുപ്പീലടച്ച ഇത്തിരി ചെറുതേനോ അവര്‍ മടിശãീലേല്‍ പലപ്പോഴും എനിക്കായി കരുതി വെച്ചിരുന്നു. അന്യജാതിക്കാരുടെ കൈയ്യീന്ന് വാങ്ങിത്തിന്നുന്നത് തറവാട്ടില്‍ തല്ലുകിട്ടാന്‍ തക്ക കുറ്റമായിട്ടും നാണിത്തള്ളയുടെ മടിത്തുമ്പിലെ വാല്‍സല്യക്കൂട്ടുകള്‍ അമ്മ തടഞ്ഞില്ല. നാണിത്തള്ളയുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ കുട്ടിയായ ഞാന്‍ പാളിനോക്കിയിരുന്നത് അവരുടെ ചുക്കിച്ചുളിഞ്ഞ മുലകളിലായിരുന്നു. ഒരുപാടുണ്ണികള്‍ കുടിച്ചുവറ്റിച്ച ആ മുലകളില്‍, വാര്‍ധക്യത്തിന്റെ അടയാളപ്പാടുകള്‍ തെളിഞ്ഞു കിടന്നു, മുറിപ്പാടുകള്‍ പോലെ.  ഈരെഴ തോര്‍ത്തിന്റെ ദുര്‍ബലമായ മറവിനപ്പുറം ആ മാറില്‍ നെറുകയും കുറുകയും വീണുകിടന്ന തൊലിവരകള്‍, എട്ടൊമ്പതു മക്കള്‍ക്ക് ആ തള്ള ഊറ്റി നല്‍കിയ വാല്‍സല്യത്തിന്റെ മാഞ്ഞുപോകാത്ത അടയാളങ്ങളായിരുന്നിരിക്കണം. അന്ന് എനിക്കതൊന്നും അറിയാമായിരുന്നില്ല.

നാണിത്തള്ളയുടെ ചെറുമക്കള്‍, അതായത് ഇളയ മകള്‍ തങ്കയുടെ മക്കള്‍ കണ്ണനും പാറുക്കുട്ടിയും എന്റെ സ്കൂളിലായിരുന്നു. 'ഉള്ളാടക്കുടി'യെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നൊരു കുന്നിന്‍ ചെരിവില്‍ നാണിത്തള്ളയും അവരുടെ മക്കളും ചെറുമക്കളും മരുമക്കളും ഒക്കെയായി പത്തുപതിനഞ്ച് വീട്ടുകാര്‍ ആയിരുന്നു താമസം. തട്ടുതട്ടായിക്കിടന്ന മരോട്ടിക്കുന്നിന്റെ ഓരോ തട്ടിലും ഓരോ കുടിലുകള്‍. ഒരേ കുടംബക്കാരെങ്കിലും കലഹവും  നാടിളക്കുന്ന വഴക്കുവക്കാണങ്ങളും തെറിവിളിയുമൊക്കെ പതിവായ ആ ഭാഗത്തേക്ക് മറ്റാരും പോയിരുന്നില്ല. ഉള്ളാടപിള്ളേരോടെങ്ങാന്‍ കൂടിയാല്‍, വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ്. എന്നാലുമെനിക്ക് കറുത്തുരുണ്ട പാറുക്കുട്ടിയെ ഇഷ്ടമായിരുന്നു. അവളോട് ഞാന്‍ തക്കംകിട്ടുമ്പോഴൊക്കെ കിന്നാരം പറഞ്ഞിരുന്നു. എനിക്കറിയാത്ത ഒത്തിരിക്കാര്യങ്ങള്‍ അവള്‍ക്ക് അറിയാമായിരുന്നു.


പള്ളിക്കൂടത്തിലും വീട്ടിലും നിന്ന് ചോദിച്ചറിയാന്‍ കഴിയാത്തതു പലതും മറ്റെവിടെ നിന്നെങ്കിലും അറിയാന്‍ വെല്ലാതെ വെമ്പുന്ന കൌമാരകാലത്തിന്റെ നാളുകളില്‍ പാറുക്കുട്ടി എന്റെ കൂടുതല്‍ അടുത്ത കൂട്ടുകാരിയായി.  ഒരുനാള്‍ അവളോടു ഞാന്‍ ചോദിച്ചു.
'നിന്റെ അമ്മൂമ്മയെന്താ ബ്ലൌസിടാത്തത്?'
'അതേ...അമ്മൂമ്മേടെ കുട്ടിക്കാലത്ത് പെണ്ണുങ്ങളാരും ബ്ലൌസിട്ടിരുന്നില്ലത്രെ'
ആ പുതിയ അറിവിന്റെ അമ്പരപ്പില്‍ ഞെട്ടിനിന്നുപോയി ഞാന്‍.
അതെന്താ?
അതിനു മറുപടി പറയാന്‍ പാറുക്കുട്ടിക്കും കഴിഞ്ഞില്ല.
'ആവോ? അറിയില്ല. എന്നോട് അമ്മൂമ്മ തന്നെ പറഞ്ഞതാ'

ശരീരത്തിന്റെ നനുത്തതും മൃദുവായതുമായ സുന്ദര വളര്‍ച്ചകളെ കുളിമുറിയുടെ സ്വകാര്യതയില്‍ കണ്ടും തൊട്ടും അറിഞ്ഞുതുടങ്ങിയ കാലമായിരുന്നു എനിക്കത്. പെണ്‍കുട്ടികള്‍ ഒറ്റമുണ്ടുകൊണ്ട് മാറുമറച്ചുടുത്തുവേണം കുളിക്കാനെന്ന അമ്മയുടെ ആജ്ഞയെ രഹസ്യമായി നിഷേധിച്ച് കുളിമുറിയിലെ ഇത്തിരി വട്ടമുള്ള കണ്ണാടിയില്‍ ഞാന്‍ എന്നെ നോക്കികണ്ടു. എന്റെ ശരീരം എനിക്കുതന്നെ അപരിചിതമായി വളര്‍ന്നു തുടങ്ങിയ അക്കാലത്ത് ദേഹത്തിന്റെ രഹസ്യങ്ങളെ പാറുക്കുട്ടി നാണമില്ലാതെ നാട്ടുഭാഷയില്‍ എനിക്കു കാതിലോതി തന്നു. അവള്‍ എന്റെ ക്ലാസിലെങ്കിലും എന്നെക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ടായിരുന്നു. ക്ലാസില്‍ പഠിപ്പിക്കുന്നതൊന്നും അവളുടെ തലയില്‍ കയറിയിരുന്നില്ല. പക്ഷേ, അവള്‍ എനിക്ക് പലപ്പോഴും ഗുരുനാഥയായി.

'കുട്ടീ, ഇനി ബ്രേസിയറിട്ടു നടന്നില്ലേ എന്റെ അമ്മൂമ്മേടേതു പോലെ നിന്റേതും തൂങ്ങിപ്പോകും' ^ അടിവസ്ത്രത്തിന്റെ അസ്വാതന്ത്യ്രങ്ങളെ വെറുത്ത എന്നെ അവള്‍ ഭയപ്പെടുത്തി. 'മുലകളില്ലെങ്കില്‍ പെണ്‍കുട്ടികളെ കാണാന്‍ ഒരുഭംഗിയും ഉണ്ടാവില്ലെന്ന്' മറ്റൊരിക്കല്‍ അവള്‍ പറഞ്ഞു. ഭംഗിയുള്ള വലിയ ഉരുണ്ട മുലകള്‍ അന്ന് അവള്‍ക്ക് ഉണ്ടായിരുന്നു. വയസ്സറിയിച്ചിട്ടുപോലുമില്ലാത്ത എന്റെ മാറിടങ്ങള്‍ അന്നു ഏറെക്കുറെ ശുഷ്കമായിരുന്നു. (പ്രൊതിമാ ബേദിയുടെ ആത്മകഥയായ 'ടൈംപാസ്' ഞാന്‍ വായിക്കുന്നത് അടുത്തിടെയാണ്. സ്ത്രീ ശരീരത്തിന്റെ സവിശേഷമായ സ്തന വളര്‍ച്ചയുടെ വികാസാനുഭവങ്ങള്‍ അവര്‍ എഴുതിയിരിക്കുന്നത് എത്ര സുന്ദരമായാണ്! സത്യത്തില്‍ പ്രൊതിമാ ബേദിയുടെ കഥ എന്നെ കൌമാരക്കാലം ഓര്‍മിപ്പിച്ചു. സമാനമായ ആകുലതകള്‍. ലോകത്തിന്റെ ഏതുകോണിലായാലും എല്ലാ പെണ്ണും അനുഭവിക്കുന്നത് ഒരേ ആകുലതകളെന്ന് ഓരോ പുതിയ പെണ്‍ കഥകളും എന്നെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.)

പെണ്ണിന്റെ വലിയ സമ്പാദ്യമാണ് മുലകളെന്ന് പാറുക്കുട്ടിയായിരുന്നു എന്നെ പഠിപ്പിച്ചത്. ഭംഗിയുള്ള വലിയ മാറിടങ്ങള്‍ക്കായി കുളിമുറിയിരുട്ടില്‍ ഞാന്‍ നല്ലെണ്ണ പുരട്ടി തടവി. നാണിത്തള്ളയുടേതുപോലെ അവ തൂങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ അമ്മ വാങ്ങിത്തന്ന അടിച്ചട്ടകള്‍ മറക്കാതെ ധരിച്ചു. വയസ്സറിയിച്ച്, ശരീരം വളര്‍ന്ന്, മാറിടങ്ങള്‍ രൂപപ്പെട്ടിട്ടും പാറുക്കുട്ടിയുടേതു തന്നെയായിരുന്നു സുന്ദരം.

ഞങ്ങളുടെ സൌഹൃദത്തിനു മുന്നില്‍ തറവാട്ടിലെ ജാതിവേര്‍തിരിവുകളൊക്കെ കുറേ അലിഞ്ഞുപോയിരുന്നു. അവളെന്നെ 'കുട്ടി'യെന്നു വിളിച്ചു. ഞാനവളെ തരംപോലെ 'എടീ, കുറുമ്പീ' എന്നൊക്കെ വിളിച്ചു. പുഴയില്‍ പെണ്ണുങ്ങളുടെ കടവില്‍ വെള്ളമുണ്ടുടുത്ത് ഒന്നിച്ച് മുങ്ങിനിവരുന്നതുവരെ വളര്‍ന്നു കൂട്ട്. നനഞ്ഞ തുണിയുടെ സുതാര്യതക്കിപ്പുറം തെളിയുന്ന അവളുടെ ഉരുണ്ട ഇളം കറുപ്പുള്ള മാറിടങ്ങളില്‍ ഞാന്‍ പാളിനോക്കി. പുഴവെള്ളം കോരി എന്റെ മുഖത്തുചെപ്പി അവള്‍ പുഴപോലെ ചിരിച്ചുനിന്നു.

കാലം പുഴയെക്കാള്‍ വേഗതയില്‍ ഒഴുകിപ്പോയി. തെങ്ങുകേറ്റക്കാരന്‍ ശങ്കരന്റെ കെട്ടിയോളായി  അവള്‍ 18 ാം വയസ്സില്‍ വീട്ടമ്മയായിട്ടും ഞങ്ങള്‍ ഇടക്കിടെ തമ്മില്‍ കണ്ടു. അവളുടെ കല്യാണത്തിന് ഞാന്‍ പോയിരുന്നില്ല, ആഗ്രഹമുണ്ടായിട്ടും. ഉള്ളാടക്കുടിയിലെ കല്യാണത്തിന് നാട്ടില്‍ മറ്റാരും പോകുമായിരുന്നില്ല. പാറുക്കുട്ടിയുടെ അമ്മ തങ്കയെ ആളയച്ചു വരുത്തി എന്റെ അമ്മ പത്തുറുപ്യ കൊടുത്തു, മോളുടെ കല്യാണത്തിന്.

നാണിത്തള്ള അതിനും ഒരുപാടു മുമ്പേ മരിച്ചിരുന്നു. ഒരുനാള്‍ പതിവുപോലെ തറവാടിന്റെ പിന്നാമ്പുറത്തെത്തി കുശലം പറഞ്ഞു നാഴിയരിയും വാങ്ങി മടങ്ങിയതാണ്. വീട്ടിലെത്തി അരി അടുപ്പത്തിട്ട് തീകൂട്ടി കിടന്നത്രെ.  ആ കിടപ്പില്‍നിന്ന് നാണിത്തള്ള പിന്നെ ഉണര്‍ന്നില്ല. അരി അടുപ്പില്‍ തിളച്ചുതൂകികൊണ്ടേയിരുന്നു. തിളച്ചുപൊന്തിയ കഞ്ഞിവെള്ളക്കുമിളകളില്‍ പൊങ്ങി കലത്തിന്റെ മൂടി താളത്തില്‍ തുള്ളിചലിച്ചു. നാണിത്തള്ളയുടെ ജീവചലനം എപ്പോഴോ നിലച്ചിരുന്നു. വൈകുന്നേരമെത്തിയ മക്കളാണ് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. ഉള്ളാടക്കുടിയുടെ മൂലക്കൊരു കുഴിവെട്ടി മക്കളെല്ലാംകൂടി അമ്മയെ അതിലേക്കിറക്കിവെച്ച് മണ്ണിടുന്നത് അല്‍പം അകലെ അമ്മയും ഞാനും കണ്ടുനിന്നു. പച്ചമണ്ണില്‍ പുതഞ്ഞ് കിടക്കുമ്പോഴും നാണിത്തള്ളയുടെ മടിയില്‍ ഉണ്ടായിരുന്നിരിക്കണം, ഒരു കല്‍ക്കണ്ടതുണ്ടിന്റെ വാല്‍സല്യം.

എന്റെ കൂട്ടുകാരികളില്‍ ആദ്യം കല്യാണം കഴിഞ്ഞത് പാറുക്കുട്ടിയുടേതായിരുന്നു. സ്വാഭാവികമായും എന്റെ കൌമാര കല്യാണ കുതൂഹലങ്ങളുടെ അര്‍ഥം വിവരിക്കാന്‍ നിയുക്തയായ ശബ്ദതാരാവലിയായവള്‍. അറിയാത്ത രഹസ്യങ്ങളെ ഉള്‍ക്കൊള്ളുന്ന വിജ്ഞാനകോശം. കള്ളുനാറുന്ന മാരന്‍ കഠിനാധ്വാനത്തിലൂടെ കടന്നുകയറിയതിന്റെ നൊമ്പരങ്ങള്‍പോലുമവള്‍ എന്നോട് വിസ്തരിച്ചു. നാണമില്ലാതെ ഞാനവ ഭാവനയില്‍ കണ്ടുനിന്നു. പെണ്‍കുട്ടികളെ നോക്കുന്ന ചെക്കന്‍മാര്‍ ആദ്യം നോക്കുക മാറിടങ്ങളിലാവുമെന്ന് എനിക്കു പറഞ്ഞുതന്നവള്‍തന്നെ, കണവന്‍ കടിച്ചുപൊട്ടിച്ച സ്തനമുകുളങ്ങളുടെ കഥയും പറഞ്ഞുതന്നു.

പഠനത്തിനായി നാടുവിട്ട ഞാന്‍ മടങ്ങിയെത്തുമ്പോള്‍ പാറുക്കുട്ടിയുടെ ഒക്കത്തൊരു ചെക്കനുണ്ടായിരുന്നു. അന്നവള്‍ എനിക്കു മുന്നിലിരുന്ന് മറയില്ലാതെ ബ്ലൌസുയര്‍ത്തി ചെക്കന്റെ നാവിലേക്ക് മുലച്ചുണ്ട് തള്ളി. ഇടക്ക് 'കടിക്കാതെടാ ചെക്കാ, വയസ്സു മൂന്നായിട്ടും ചെക്കന് കുടി മാറിയില്ല' എന്നൊരു ശകാരവും. ചിരിച്ചുപോയി ഞാന്‍. പിന്നെ കാലാന്തരത്തില്‍ കൂടുതല്‍ പിള്ളേരുടെ തള്ളയായിട്ടും, അവരെയെല്ലാം മതിയാവോളം മുലയൂട്ടി വളര്‍ത്തിയിട്ടും ഒരുടവും സംഭവിച്ചിരുന്നില്ല പാറുക്കുട്ടിയുടെ മുലകള്‍ക്ക് ഞാന്‍ കാണുമ്പോഴൊന്നും. മേല്‍മുണ്ടിടാത്ത ബ്ലൌസിനുള്ളില്‍ അവ ഉരുണ്ടു നിറഞ്ഞുനിന്നു. അതിന്റെ ഇളം കറുപ്പുനിറത്തിനെന്തു മാറ്റമുണ്ടായെന്ന് എനിക്കറിയില്ലായിരുന്നു. 'പകലു ചെക്കനും രാത്രീല് അങ്ങേരും കുടിക്കുമെന്നൊരു' രഹസ്യവും ചിരിയോടെ പറഞ്ഞുതന്നു അവള്‍ പിരിയും മുമ്പ്.

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം പാറുക്കുട്ടിയെ കണ്ടു. ആ പഴയ ഉള്ളാടക്കുടി ഇന്നില്ല. അവിടെ ഗള്‍ഫുകാരന്‍ ജോസഫിന്റെ ഇരുനില വീടാണ്. അല്‍പമകലെ, ഇ.എം.എസ് ഭവന പദ്ധതിയില്‍ പഞ്ചായത്തില്‍ നിന്നു വെച്ചുകൊടുത്തൊരു മൂന്നു സെന്റിലെ പണിതീരാത്ത കൊച്ചുകൂരയില്‍ ഒറ്റക്കായിരുന്നു പാറുക്കുട്ടി. അവളുടെ കെട്ടിയോന്‍ ശങ്കരന്‍ കഴിഞ്ഞകൊല്ലത്തെ പനിക്കാലത്ത് മരിച്ചത് ഞാനറിഞ്ഞിരുന്നു. മക്കളൊക്കെ പലയിടത്തായിപ്പോയി.  ഒരു മകള്‍ ഏതോ വീട്ടില്‍ ജോലിക്ക്. ആണ്‍ മക്കള്‍ കൂലി വേലക്കാര്‍. ഒരുത്തന്‍ പെണ്ണുകെട്ടി ഭാര്യ വീട്ടില്‍. ഒറ്റക്കായിരുന്നിട്ടും കൊല്ലങ്ങളുടെ നാട്ടുവിശേഷങ്ങള്‍ അവള്‍ ചൊടിയോടെ പറഞ്ഞുതന്നു.

'ഞാന്‍ കാപ്പിയിട്ടു തന്നാ കുടിക്കുമോ?'
ഇടക്ക് പാറുക്കുട്ടി ചോദിച്ചു. മറുപടിക്കു കാക്കാതെ അടുപ്പില്‍ തീകൂട്ടി  വെള്ളം വെച്ചു.
കാപ്പി കുടിച്ച്, ഒരുപാട് കഥ പറഞ്ഞ് ഇറങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
ഇനി എന്നാ കുട്ടീ കാണുക?
അറിയില്ലെടീ.... എപ്പോ വന്നാലും നിന്നെ കണ്ടേ പോകൂ....

ഇനി വരുമ്പോ കാണാന്‍ പറ്റുവോന്നറിയില്ല. ഒരു തവണയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ... അതുമതി...നിന്നെ കാണാന്‍ പറ്റണേന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു..
ചോദ്യഭാവത്തില്‍ ഞാനവളെ നോക്കി.
ഓപ്പറേഷനാരുന്നു കുട്ടീ, രണ്ടു മാസം മുമ്പ്. വലത്തേത് എടുത്തുകളഞ്ഞു. കാന്‍സര്‍...
അവള്‍ തന്റെ മാറില്‍ തൊട്ടു.
ഇനി കുഴപ്പമില്ലാന്നാ ഡോക്ടര്‍മാര്‍ പറയുന്നേ. എന്നാലും എനിക്കെന്തോ....ലൈറ്റടിച്ച് കരിയിച്ചു കളയാന്‍ ഇപ്പഴും പോണം എല്ലാ മാസോം തിരുവന്തോരത്ത്...കൂടിക്കഴിഞ്ഞിട്ടാ അറിഞ്ഞത്....
നിസംഗതയോടെ അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉരുകിപ്പോയി.
ഞെട്ടലോടെ ഞാനവളുടെ നെഞ്ചിലേക്കു തുറിച്ചു നോക്കി.
നോക്കണ്ട, ഒന്നു വെറും തുണിയാ..... അവള്‍ കരഞ്ഞു, ചിരിച്ചു.
ആ വലിയ കണ്ണുകളില്‍ നനവ്...
എന്റെ തൊണ്ടയിലൊരു കരച്ചില്‍ കുടുങ്ങിക്കിടന്നു.
ദൈവമേ... ശ്വാസം മുട്ടുന്നു.....

ദൂരെ എവിടെയോ, ഏതോ അര്‍ബുദാശുപത്രിയുടെ ചവറ്റുകുട്ടിയില്‍ രക്തത്തില്‍ ചുവന്ന ഒരു തുണ്ട് കറുത്ത മാംസം. അറുത്തു മാറ്റപ്പെട്ട ചോരയോട്ടങ്ങള്‍. ഛേദിക്കപ്പെട്ടൊരു അവയവം. സൂക്ഷ്മകോശങ്ങളുടെ ഗൂഢ വികൃതിയില്‍ വേദനിക്കുന്ന വ്രണപ്പെട്ട ഗ്രന്ഥിയെ കത്രികമൂര്‍ച്ചയില്‍ അറുത്തെടുത്ത ഡോക്ടര്‍. ആ സര്‍ജന്‍ ഓര്‍ത്തിട്ടുണ്ടാവുമോ താന്‍ നിര്‍വികാരതയോടെ ഛേദിക്കുന്ന ശരീരത്തുണ്ടിന്റെ ഭൂതകാലം. ആ പെണ്‍മാംസമറിഞ്ഞ അനുഭൂതികള്‍, അതില്‍നിന്നുറഞ്ഞ വാല്‍സല്യങ്ങള്‍, അതില്‍ പൊടിഞ്ഞ പ്രണയങ്ങള്‍, അതിലോടിയ കുസൃതികള്‍, അതിനുള്ളില്‍ മറഞ്ഞ സ്വകാര്യതകള്‍.

Thursday, September 9, 2010

സംഗീതം പോലെ അവന്‍ എന്നില്‍....

നനുത്തൊരു കമ്പിളിപ്പുതപ്പിനു കീഴില്‍ വട്ടംചുറ്റിപ്പിടിച്ച് കിടക്കവെ, പ്രിയപ്പെട്ടവന്‍ ചെവിയില്‍ പതിയെ പറഞ്ഞു, 'നമുക്ക് ഇന്ന് വെറുതെ സുഖമായി കിടന്നുറങ്ങാം'.


അത് ഞങ്ങളുടെ ആദ്യ രാത്രിയായിരുന്നു. പുറത്ത് അപ്പോഴും മഴയുണ്ടായിരുന്നു. പൈങ്കിളി സിനിമകളില്‍ നൂറ്റൊന്നാവര്‍ത്തിച്ചു കാണുന്ന ആദ്യരാത്രികള്‍ക്കൊന്നും ജീവിതവുമായി വലിയ ബന്ധമില്ലെന്ന് എനിക്ക് മനസ്സിലായിരുന്നു. കാരണം കല്യാണമെന്നൊരു വലിയ മേളത്തിന്റെ ആഴ്ചകള്‍ നീണ്ട കെട്ടിയെഴുന്നള്ളത്തുകളുടെ  ക്ഷീണത്താല്‍ വലഞ്ഞുപോയിരിക്കും, ഏതു സാധാരണ പെണ്ണും ചെക്കനും, കേള്‍വികേട്ട ആ ആദ്യ രാവില്‍. പരസ്പരമൊന്ന് ഉരിയാടാന്‍ പോലും അനുവദിക്കാതെ അവരുടെ കണ്‍പോളകളില്‍ ഉറക്കം കൂടാരംകൂട്ടിയിട്ടുണ്ടാവും, നാട്ടുനടപ്പാചാരങ്ങളെല്ലാം കഴിഞ്ഞ്  ഏറെ വൈകിത്തുടങ്ങുന്ന ആദ്യരാവില്‍.  കല്യാണമേളത്തിന്റെ പേരില്‍ ദിവസങ്ങള്‍കൊണ്ട് മുഖത്തും ദേഹത്തും തേച്ചുപിടിപ്പിച്ച ചായക്കൂട്ടുകളും ഔപചാരികതകളും കഴുകിക്കളയാന്‍തന്നെ വേണം ദിവസങ്ങള്‍. പെണ്ണിനാകട്ടെ, ഓരോ മൂലയിലും മുറികളിലും അപരിചിതത്വത്തിന്റെ ഭൂതങ്ങള്‍ തുറിച്ചുനോക്കുന്ന പുതുവീടിന്റെ അസ്വസ്ഥതകള്‍!


അകാരണമായ എന്തൊക്കെയോ ഭയാശങ്കകള്‍ നിറഞ്ഞുനില്‍ക്കും, ഭര്‍തൃവീട്ടിലെ കിടപ്പുമുറി ഗന്ധത്തില്‍പോലും. അടുപ്പമുള്ളവരെല്ലാം പൊടുന്നനെ അകലെയായിപ്പോയതിന്റെ സങ്കടം ഇരട്ടിപ്പിക്കും ഓരോ വാക്കും. കൂട്ടുകിട്ടിയവന്റെ പ്രകൃതമോ പ്രവൃത്തിയോ മനസിലാക്കി തുടങ്ങിയിട്ടുപോലുമുണ്ടാവില്ല സാധാരണ പെണ്‍മനസ്സ്, ഇണക്കൊപ്പമുള്ള ആ ആദ്യ ദിനങ്ങളില്‍.


പെണ്ണുകാണാന്‍ വന്നപ്പോഴൊരു വാക്ക്, പിന്നെ കല്യാണ നിശ്ചയ നാളില്‍ ഒരു നിമിഷം, ഇടക്കെപ്പോഴോ അല്‍പ വാക്കുകള്‍. അത്രമാത്രം പരിചയമുള്ള  ആണൊരുത്തനൊപ്പം കിടക്കയില്‍ എത്തിപ്പെടുന്ന ഓരോ പെണ്‍കുട്ടിയും ഉള്ളിന്റെ ഉള്ളില്‍ പേടിക്കുന്നത്, ഒച്ചവെച്ചുപോലും ചെറുക്കാനാവാത്തൊരു ബലാല്‍ക്കാരത്തെയാണ്. ഭാഗ്യം, എന്റെ പ്രിയപ്പെട്ടവന്‍ അല്‍പം സഹൃദയനാണ്. അപരിചിതയായ ജീവിത പങ്കാളിക്കുമേല്‍ അവന്‍ ആണത്തത്തിന്റെ ശൂരത്തങ്ങള്‍ പരീക്ഷിക്കുവാന്‍ മെനക്കെട്ടില്ല. ദൈവമേ, നന്ദി!


തൂവല്‍ക്കനമുള്ളൊരു കൈവലയം. അതേറെ അപരിചിതമെങ്കിലും ഭയമൊന്നുമില്ലാതെ മയങ്ങിപ്പോയി. ആറര മണിക്ക് ഉണരാനായത് ഭാഗ്യം! കോച്ചി വിറങ്ങലിക്കുന്ന തണുപ്പില്‍ വെറും നാട്ടുനടപ്പിന്റെ പേരില്‍ കുളിച്ച് ഈറന്‍ ചുറ്റി അടുക്കളയിലെത്തിയപ്പോഴേക്കും അമ്മായിയമ്മ ചായയിട്ടു കഴിഞ്ഞു. ഒരാഴ്ച മാത്രം വീട്ടില്‍തങ്ങി മറുനാട്ടിലേക്കു വണ്ടികയറാന്‍ പോകുന്ന മകനോടും അവന്റെ ഭാര്യയോടും അമ്മ മുഖം കറുപ്പിക്കില്ലെന്നത് തുണയായി.


വിരുന്നു സല്‍ക്കാരങ്ങളുടെ ഘോഷയാത്രകള്‍. വീട്ടില്‍ വെച്ചുവിളമ്പിയതെല്ലാം അതിഥികളുടെ ആമാശയത്തിലെത്തിക്കണമെന്ന സാധാരണ മലയാളി ദുര്‍വാശിയുടെ ഇരകളാണ് ഓരോ നവദമ്പതികളും. വേണ്ടത് ഊണുമേശയില്‍ വെച്ചാല്‍ അതിഥികള്‍ ആവശ്യത്തിനെടുത്തു കഴിക്കുമെന്നത് സാമാന്യ മര്യാദ. അതിനപ്പുറം ചോദിക്കാതെ പാത്രത്തില്‍ വിളമ്പിക്കൂട്ടി നിര്‍ബന്ധിച്ച് ഊട്ടിക്കുന്ന പൊള്ളത്തരത്തില്‍ വലിയ സ്നേഹമുണ്ടെന്ന വിഢിത്തം ആരാണ് നമ്മുടെ നമ്മുടെ വീട്ടമ്മമാരെ പഠിപ്പിച്ചത്?


വിരുന്നുയാത്രകളുടെ ആലസ്യത്തില്‍ വലഞ്ഞ എന്നെ മൂന്നു രാവുകള്‍ കൂടി വെറുതെ വട്ടംചുറ്റിയുറങ്ങാന്‍ അനുവദിച്ചു പ്രിയന്‍. നേര്‍ത്തൊരുമ്മയുടെ ചൂട് അധിക സമ്മാനം! വട്ടംചുറ്റലിന് വല്ലാത്തൊരു ചൂടു കൂടുതലുണ്ടായിരുന്നു, പെരുമഴയാല്‍ വിരുന്നു യാത്രകളൊന്നുമില്ലാതെപോയ നാലാം നാളിലെ രാവില്‍. അപ്പോഴേക്കും അതൊക്കെ ചിരിയോടെ, അര്‍ധ സമ്മതത്തോടെ അനുവദിച്ചുകൊടുക്കാന്‍ തക്കവണ്ണം മനസ്സ് അടുത്തുപോയിരുന്നു, ഏറെ. വിവാഹിതയായ അടുത്തൊരു കൂട്ടുകാരി കല്യാണത്തിനും മുന്നേ കാതില്‍ പറഞ്ഞു തന്നിരുന്നു ,'നിന്നോട് എങ്ങനെയാ പറയുക? എന്നാലും പറയട്ടെ, ഒന്നും സമ്മതിക്കാതിരിക്കരുത്, ചിലര്‍ക്ക് അത് ഇഷ്ടമാവില്ല. അവര്‍ക്ക് നമുക്ക് കൊടുക്കാന്‍ കഴിയുന്നത് ഇതൊക്കെ മാത്രമാണ്. നീയൊരു തൊട്ടാവാടിയായതുകൊണ്ടാ പറയുന്നത്'.


പുറത്തു മഴ വാശിയോടെ കരയുമ്പോള്‍ എന്റെ ദുര്‍ബലമായ വാശികള്‍ അഴിഞ്ഞുപോവുകയായിരുന്നു. പതിയെ, ബലപ്രയോഗങ്ങളില്ലാതെ, നോവിക്കാതെ, തൂവല്‍കൊണ്ട് തലോടുംപോലെ ഒരു സ്വന്തമാക്കല്‍. ശരീരത്തിനും ശരീരത്തിനുമിടയില്‍ തടസ്സമായവയെല്ലാം മാറ്റിക്കളഞ്ഞു, അവന്‍. ദൈവമേ, എനിക്കീ തണുപ്പില്‍ പുതക്കാന്‍ ഇരുട്ടിന്റെ ചേല മാത്രം! എങ്കിലും തണുക്കുന്നില്ലൊട്ടും, അവന്റെ ചൂടുണ്ട് ഓരോ അണുവിലും. ആ നെഞ്ചിലെ രോമനൂലുകളില്‍ പട്ടിന്റെ നനുനനുപ്പുണ്ട്. ആ നിശ്വാസത്തില്‍പോലുമുണ്ട്, കാമത്തെ മറികടക്കുന്ന സ്നേഹം. എന്നിട്ടും പൂര്‍ണമായെല്ലാം നല്‍കാന്‍ അവനെ കാത്തിരുത്തി ഞാന്‍, രണ്ടു നാള്‍ കൂടി. ചെറുനോവിന്റെ കണികകളില്‍പോലും കരഞ്ഞുപോയിരുന്ന ഞാന്‍ അവനോട് വാശിപിടിച്ചു പറഞ്ഞു, 'നോവുന്നു, വേണ്ടാട്ടോ....


ആ സങ്കടത്തെ മനസ്സിലാക്കാന്‍ അവന് കരുണയുണ്ടായി. ദയവോടെ ചുംബിച്ച്, പേടിക്കേണ്ടെന്ന് ആശ്വസിപ്പിച്ച്, നെറുകളില്‍ മുത്തി അവന്‍ എന്നെയുറക്കി. പകല്‍ എനിക്കുതന്നെ കുറ്റബോധം. അന്നുരാത്രി അവനോട് കാതില്‍ പറഞ്ഞു, 'എന്തുമായിക്കോ, ഞാന്‍ സമ്മതിക്കാം'.
സത്യം?
സത്യം!


നൊന്തു, വല്ലാതെ. എന്നിട്ടും അവന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു 'ഇല്ല, നോവുന്നില്ല' മനസ്സു പറഞ്ഞു; നോവിന്റെ ഈ ദാനം ഓരോ ഭാര്യയുടേയും കടമയാണ്, അവകാശമാണ്.


കന്യകാത്വത്തിന്റെ വിശുദ്ധപാളികളില്‍ സമര്‍പ്പണത്തിന്റെ ചോരനനവ്. ഇണക്കുള്ളില്‍ മനുഷ്യ തുടര്‍ച്ചയുടെ ആണ്‍വിത്തുപാകി അവന്റെ സ്പന്ദനം, കിതപ്പ്, മുറുകിയ ആലിംഗനം. ഉറവയായി ജീവ പ്രവാഹം! ഇനിയതില്‍നിന്നൊരു ജീവകണത്തെ പെണ്ണുടല്‍ കനിവോടെ ഏറ്റുവാങ്ങി  ഉള്ളിലുറപ്പിച്ചു വളര്‍ത്തും.


മനുഷ്യന്‍മാര്‍ എങ്ങനെയൊക്കെ കരുതിയാലും ശരി; ആണ്‍^പെണ്‍ ആകര്‍ഷണത്തിന്റെ മാന്ത്രിക വലയങ്ങളെ, ഇണചേരലിന്റെ സങ്കീര്‍ണ ഊര്‍ജപ്രവാഹങ്ങളെ ദൈവം സൃഷ്ടിച്ചത് മനുഷ്യപരമ്പരകളുടെ മഹാതുടര്‍ച്ചക്കു വേണ്ടി മാത്രം!


പെരുമഴയിലും വിയര്‍പ്പു ചാലുകളിലൊട്ടി കിടക്കവെ അവന്‍ ചോദിച്ചു; ശരിക്കും നൊന്തില്ലേ, നിനക്ക്?
'സാരമില്ല, എല്ലാം നിനക്കുള്ളതല്ലേ. അതിന്റെ നോവുകളെ ഞാന്‍ സഹിച്ചുകൊള്ളാം'


ദൈവമേ, ഇത്രമേല്‍ പരിശുദ്ധിയോടെ നീ തീര്‍ത്ത ലൈംഗികതയുടെ സ്നേഹസാഗരത്തെ മൃഗീയതകൊണ്ട്, ബലാല്‍ക്കാരംകൊണ്ട്, പിച്ചിചീന്തല്‍കൊണ്ട്, കടിച്ചുകീറല്‍കൊണ്ട്, അശ്ലീലതകൊണ്ട്, വില്‍പനകൊണ്ട് മലിനമാക്കുന്ന മനുഷ്യനെന്ന മഹാപാപിയോട് പൊറുക്കരുതേ! പ്രാര്‍ഥനപോലെ വിശുദ്ധമാകുന്നു നീയും ഞാനും ഒന്നാവുന്ന ആ നിമിഷം!

Sunday, August 29, 2010

രക്തകാല ചിന്തകള്‍!

തൊടിയിലെ ഞാലിപ്പൂവന്‍ വാഴക്കൂമ്പിന്റെ തേനിതള്‍ ഒടിച്ചെടുക്കാന്‍, അതിരുകല്ലിന്‍മേല്‍ ചവിട്ടിയൂന്നിയ വൈകുന്നേരത്തായിരുന്നു ഉള്ളിലൊരു കൊള്ളിമീന്‍ കത്തിയെരിഞ്ഞത്. അടിവയറ്റില്‍ നോവിന്റെ സൂചിക്കുത്തേറ്റ് കുനിഞ്ഞിരുന്നു കരഞ്ഞുപോയപ്പോള്‍ ഓടിവന്നുപിടിച്ച് ചേര്‍ത്തണക്കാന്‍ അമ്മ കണ്‍വെട്ടത്തുണ്ടായത് ഭാഗ്യം! 'ഒന്നുമില്ലെന്ന്' പറഞ്ഞാശ്വസിപ്പിച്ച് മെല്ലെ നടത്തി അകമുറിയിലെത്തിച്ച് അടുത്തിരുത്തി. പിന്നെ ചോരപ്പൊട്ടുവീണ അടിയുടുപ്പുകള്‍ മാറ്റിച്ച്, പഴയൊരു വെള്ളമുണ്ടുകീറി പലതായി മടക്കി അരഞ്ഞാണവള്ളിമേല്‍ കോര്‍ത്തുടുപ്പിച്ചു. 'മോളിനി വലിയ കുട്ടിയാണെന്ന്' ആവര്‍ത്തിച്ചു പറഞ്ഞ് നെറ്റിമേല്‍ ചുംബിച്ചു. പുല്‍പ്പായ വിരിച്ച് നിലത്തിരുത്തി. പിന്നെ അമ്മ ഓടിപ്പോയി മുത്തശãിയോട് അടക്കം പറഞ്ഞു. സത്യത്തില്‍ അപ്പോഴും എന്റെ അമ്പരപ്പു മാറിയിരുന്നില്ല. സ്കൂളില്‍ മുമ്പേ മുതിര്‍ന്ന പെണ്‍കുട്ടികളുടെ രഹസ്യം പറച്ചിലുകള്‍ പലതും ചെവിയോര്‍ത്ത് ഓര്‍മയില്‍ കാത്തുവെച്ചിട്ടും അപ്രതീക്ഷിതമാംവിധം കൌമാരം വിരുന്നുവന്നു ചില തുള്ളി ചുവപ്പു കാട്ടിയപ്പോള്‍ എന്തിനെന്നറിയാതെ ഭയന്നുപോയിരുന്നു.

പേടിമാറാന്‍ ആഴ്ചയൊന്നു വേണ്ടിവന്നു. ആ ദിവസങ്ങള്‍ അത്രയും മാനം കാണാതെ അകമുറിയില്‍ അമ്മയുടെയും മുത്തശãിയുടെയും ലാളനയുടെ ചൂടില്‍. ദിവസങ്ങള്‍ക്കൊടുവില്‍ മഞ്ഞളരച്ചു കുളിച്ച്, ചിട്ടയില്‍ അടിയുടുപ്പെല്ലാം അലക്കിയുടുത്ത്, പുതിയൊരാളായി ഓടിയിറങ്ങി ഉമ്മറത്തെ വെളിച്ചത്തിലേക്ക്. സൂര്യന് പതിവിലും അവിഞ്ഞ വെളിച്ചം! ചാരുകസേരയില്‍ വായിച്ചിരിക്കുന്ന അച്ഛനെ നോക്കാന്‍പോലും അന്നോളമില്ലാത്തൊരു നാണം.

'ആഴ്ചയൊന്നായി പള്ളിക്കൂടത്തില്‍ കാണാത്തതെന്തെ'ന്ന അയലത്തെ കളിക്കൂട്ടുകാരന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ചൂളിനിന്നു. മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ താഴത്തെ ചില്ലയില്‍ അവനെക്കാള്‍ വേഗത്തില്‍ ചാടിക്കയറുമായിരുന്നു അന്നുവരെ ഞാന്‍. സൂചിപ്പെയ്ത്തായി മഴ വീഴുന്ന പകലുകളില്‍ പള്ളിക്കൂടത്തിലേക്കും തിരിച്ചും ഞാനും അവനും ഒരേ കുടക്കീഴില്‍ ചേര്‍ന്നു നടന്നിരുന്നു. അവനൊപ്പം ഞാന്‍ മരംകയറുകയും ചൂണ്ടയിടുകയും കുടുകുടുവും കിളിത്തട്ടും കുറ്റിപ്പന്തും കളിക്കുകയും തല്ലുകൂടുകയും ചെയ്തിരുന്നു. ഇനിയതൊന്നും പാടില്ലെന്നും വലിയ പെണ്ണായിപ്പോയെന്നും അമ്മയുടെയും അമ്മൂമ്മയുടെയും വിലക്കുകള്‍ നേരത്തെ ഒത്തിരി വന്നിട്ടും അതൊന്നും ഞാന്‍ കേട്ടിരുന്നില്ല. പക്ഷേ ഇന്നിപ്പോള്‍ ഞാന്‍ ശരിക്കും വലുതായിരിക്കുന്നു! പെണ്ണായിരിക്കുന്നു!
പ്രിയകൂട്ടുകാരാ, നമ്മുടെ ചങ്ങാത്തത്തിനുമേല്‍ എന്റെ കൌമാരം അതിരിട്ടിരിക്കുന്നു. എത്രയടുത്തായാലും നീയും ഞാനും ഇനിയാ പഴയ കുട്ടികളല്ല, നമ്മള്‍ ആണും പെണ്ണുമാകുന്നു. എന്റെ ശ്വാസവും ഗന്ധവും സ്വരവും പോലും മാറിപ്പോയത് നീയറിയുന്നുണ്ടോ? ഇതാദ്യമായി നിന്റെ മണം എനിക്ക് അപരിചിതത്വമുണ്ടാക്കുന്നു. നീ തൊടാനായുമ്പോള്‍ ഞാന്‍ അറിയാതെ ഒഴിഞ്ഞുമാറിപ്പോകുന്നു.

ആദ്യ ആര്‍ത്തവത്തോടെ പെണ്‍കുട്ടി സ്വന്തം ശരീരത്തെ അറിയുന്നു. ശരീരമാണ് പെണ്ണ് എന്ന സാമൂഹ്യപാഠം ലോകം അവളെ പഠിപ്പിക്കുന്നു. വിചിത്രമായ അടക്ക ഒതുക്കങ്ങളുടെ ശരീരഭാഷകള്‍ എത്ര അനായാസമാണ് നമ്മുടെ നാട് പെണ്ണിനെ ശീലിപ്പിച്ചെടുക്കുന്നത്? ബാല്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സ്വാതന്ത്യ്രങ്ങളും അവള്‍ക്കുമുന്നില്‍ അടഞ്ഞുപോകുന്നുണ്ട്, രജസ്വലയാകുന്ന ആ മുഹൂര്‍ത്തത്തില്‍. ഉറക്കത്തില്‍പോലും അണുവിട തെറ്റാതെ പാലിക്കേണ്ടൊരു ശരീരപെരുമാറ്റ ചട്ടമുണ്ടീ നാട്ടില്‍ പെണ്ണിനു മാത്രം. അവള്‍ കാലുകള്‍ അകത്തിയിരുന്നു കൂടാ, ഉയരങ്ങളിലൊന്നും ചവിട്ടിക്കയറിക്കൂടാ, പകല്‍ മങ്ങിയാല്‍ പുറത്തിറങ്ങിക്കൂടാ, ഒച്ചയധികമെടുത്തുകൂടാ. കുളിമുറിയുടെ സ്വകാര്യതയില്‍പോലും സ്വന്തം ശരീരം വെളിപ്പെടുത്തിക്കൂടാ. കാലമൊത്തിരി മാറിയിട്ടും മാറാതുണ്ടീ നിയമങ്ങളോരോന്നും ഇന്നും. ഇവയെല്ലാം മറുചോദ്യങ്ങളൊന്നുമില്ലാതെ പാലിക്കാന്‍ ബാധ്യസ്ഥരായിപ്പോകുന്നുണ്ട് ഓരോ പെണ്ണും വയസ്സറിയിക്കുന്ന മുഹൂര്‍ത്തം മുതല്‍.

കന്യകയാവുന്നതോടെ ഓരോ ഊടുവഴിയിലും തന്നെ ചൂഴുന്ന പുരുഷ നോട്ടത്തിന്റെ കൂരമ്പുകളെ പെണ്ണറിയുന്നു. ആ നോട്ടങ്ങളെ അവള്‍ വേഗത്തില്‍ നടന്നു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. വല്ലാതെ വികസിക്കുന്ന മാറിടത്തിന്റെ ഉയര്‍ച്ചയിലേക്കു നീളുന്ന മിഴി എയ്ത്തുകളെ അവള്‍ ചേലത്തുമ്പിനാല്‍ ദുര്‍ബലമായി മറികടക്കുന്നു. പാവാടത്തുമ്പ് അറിയാതൊന്നുയര്‍ന്നാല്‍, ബ്ലൌസിന്റെ കഴുത്തൊന്നിറങ്ങിയാല്‍, മാറുമറച്ച തുണിയുടെ സ്ഥാനമൊന്നു പിഴച്ചാല്‍ ഏതടുത്ത കൂട്ടുകാരന്റേയും നോട്ടം ആഞ്ഞു തറയുമെന്ന ഭയം ഏതു സൌഹൃദച്ചേര്‍ച്ചയിലും പെണ്ണിന്റെ ഉള്ളില്‍ പേടിയായി നിറയുന്നതും ആദ്യ ആര്‍ത്തവംതൊട്ടുതന്നെ. തന്റെ ശരീരം ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്നൊരു സാമ്രാജ്യമാണെന്ന് പെണ്ണറിയുന്നതും അപ്പോള്‍മുതല്‍ത്തന്നെ. കാമം എന്ന വേട്ടനായയില്‍ നിന്ന് ഉടലിനെ രക്ഷിച്ചെടുക്കാനുള്ളൊരു യുദ്ധമാണ് പിന്നീട് ഓരോ പെണ്ണിന്റേയും ജീവിതം. ചിലര്‍ മാത്രം അതില്‍ ജയിക്കുന്നു. ഏറെപ്പേരും തോറ്റു പോകുന്നു.

ചരിത്രത്തില്‍ പുരുഷന്റെ എല്ലാ യുദ്ധങ്ങളും അധികാരത്തിനും ധനത്തിനും വേണ്ടിയായിരുന്നു. പെണ്ണിന്റെ എല്ലാ പോരാട്ടങ്ങളും അവളുടെ ഉടലിന്റെ മാനം കാക്കാന്‍ മാത്രവും. പലപ്പോഴും ശരീരത്തിന്റെ മാനം കാക്കാന്‍ ശരീരത്തിലെ ജീവനെത്തന്നെ പെണ്ണിന് വില നല്‍കേണ്ടിവന്നു.  കേവലം സങ്കല്‍പ്പം മാത്രമായ മാനവും യാഥാര്‍ഥ്യമായ ജീവനും തമ്മില്‍ താരതമ്യം വേണ്ടി വന്നപ്പോഴെല്ലാം പെണ്ണ് മാനം/ചാരിത്യ്രം/പരിശുദ്ധി/പാതിവ്രത്യം എന്നീ സങ്കല്‍പ്പങ്ങള്‍ക്കായി ജീവനെ ഉപേക്ഷിച്ചെന്ന് ചരിത്രം. ആ കഴിഞ്ഞകാല പാഠങ്ങള്‍ നമ്മള്‍ അഭിമാനത്തോടെ പുതുതലമുറയെ പഠിപ്പിക്കുന്നു. പെണ്ണേ, നീ വെറും ശരീരമാണെന്ന് ഓരോ സിനിമയും നോവലും കഥയും ചരിത്രപാഠവും ഉദ്ധരിച്ച് നാം ഉദാഹരിക്കുന്നു.  ഫലം, സ്വന്തം ശരീരം നമ്മുടെ ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും ഭയപ്പെടുത്തുന്ന ഒന്നാവുന്നു.

അവര്‍ ശരീരത്തെ ചമയിക്കുന്നുണ്ട്, വസ്ത്രങ്ങളില്‍ പൊതിഞ്ഞൊരുക്കുന്നുണ്ട്, ചായം തേച്ചു മിനുക്കുന്നുണ്ട്, ഏഴഴകോടെ സംരക്ഷിക്കുന്നുമുണ്ട്. കാരണം, വിവാഹമടക്കം ഏതു സോഷ്യല്‍ കമ്പോളത്തിലും തന്റെ മാര്‍ക്കറ്റ്മൂല്യം ഈ ശരീരമാണെന്ന് പെണ്ണിനെ നാം പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നതിനെ ചമയിച്ച് പോഷിപ്പിക്കാതെ തരമില്ല. അതേ സമയംതന്നെ സ്വന്തം ശരീരത്തെ അവള്‍ ഏറെ ഭയക്കുകയും ചെയ്യുന്നു! തനിക്കെതിരെ ഉണ്ടാകാവുന്ന ഏതു ആക്രമണവും ഈ ശരീരത്തിനുവേണ്ടിയാവും എന്നവള്‍ക്കറിയാം. പകല്‍മങ്ങിയാല്‍ അവള്‍ ഓടിയൊളിക്കും, അടുക്കള ചുമരുകളുടെ സുരക്ഷിതത്വത്തിലേക്ക്.  ശരീരത്തെ ഒരേസമയം ശത്രുവായും മിത്രമായും കാണേണ്ടിവരുന്ന വിചിത്രമായൊരു ദ്വന്ദ്വയുദ്ധത്തിലാണ് ഓരോ പെണ്‍ജന്‍മവും ആദ്യാര്‍ത്തവ ശേഷമുള്ള കൌമാര^യൌവന കാലത്ത്.

ആ ഭീതിയുടെ തോല്‍ അല്‍പമെങ്കിലും അഴിഞ്ഞുപോകുന്നത് അവള്‍ ഭാര്യയാകുമ്പോഴാണ്. ജീവിതത്തില്‍ ആദ്യമായി അവളുടെ ശരീരത്തിനുമേലും ഒരാളുടെ ആധിപത്യം ഉണ്ടാവുന്നു. ശരീരത്തെ പൂര്‍ണമായി അറിയുന്ന ഒരു കാവല്‍ക്കാരന്‍ ഉണ്ടാവുന്നു. തന്റെ ശരീരം ഒരാള്‍ക്കു മാത്രം അര്‍ഹതപ്പെട്ട സ്വത്താവുന്നു. ഇനിയവന്‍ കാത്തുകൊള്ളും. പ്രിയപ്പെട്ടവനു മുന്നിലെ കീഴ്പ്പെടലിനെ ഒരു സംരക്ഷണ കവചമായി ഏറ്റെടുക്കുന്നുണ്ട് ശരാശരി ഇന്ത്യന്‍ പെണ്‍ മനസ്സ്. ഇതാ ഞാനെന്റെ ശരീരത്തെ ഒരാള്‍ക്കു മാത്രമായി സമര്‍പ്പിച്ചിരിക്കുന്നു. അവന്‍ ഇനിയെന്റെ ദേഹത്തെ കാക്കും. ഈ ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍, വടിവുകളില്‍, മൃദുലതകളില്‍, ഗന്ധത്തില്‍, നനവില്‍, രോമകൂപങ്ങളില്‍, ഉള്ളറകളില്‍ ഞാന്‍ കാത്തുവെച്ചതെല്ലാം പ്രിയപ്പെട്ടവനൊരുത്തനായി നല്‍കിയിരിക്കുന്നു. ലോകമേ, ഇനിയെന്നില്‍ നിന്ന് മറ്റാര്‍ക്കുമൊന്നും അപഹരിക്കാനില്ല. ഞങ്ങള്‍ ഒന്നായി പരസ്പരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

ചരിത്രത്തിലെവിടെയും രക്തം കൊലയുടേയും മുറിവിന്റെയും അപായത്തിന്റേയും യുദ്ധത്തിന്റേയും മരണത്തിന്റേയും രോഗത്തിന്റേയും അടയാളമാകുന്നു. പക്ഷേ, ഹാ എന്തത്ഭുതം! പെണ്ണിന് മാത്രം രക്തം പിറവിയുടേയും വളര്‍ച്ചയുടേയും സൃഷ്ടിയുടേയും സ്വീകരണത്തിന്റേയും പക്വതയുടേയും കൊടിയടയാളമാകുന്നു. സൃഷ്ടിയുടെ മഹാത്ഭുതം! പെണ്ണാകുമ്പോഴൊരു ചോരത്തുള്ളി, പ്രിയപ്പെട്ടവന് സ്വയം സമര്‍പ്പിക്കുമ്പോള്‍ പിന്നെയുമൊരു ചോരത്തുള്ളി, ഉള്‍കൊണ്ട ജീവനെ ഉള്ളിലൂട്ടി വളര്‍ത്തി ലോകത്തിന്റെ വെളിച്ചത്തിലേക്കാനയിക്കുമ്പോള്‍ രക്തത്തിന്റെ പുഴയൊഴുക്ക്! ദൈവമേ, എന്നും മറ്റാര്‍ക്കോവേണ്ടി സ്വന്തം ചോര ചിന്താനാണല്ലോ നീ പെണ്ണിനെ സൃഷ്ടിച്ചത്! നടക്കാതെപോയ ഇണചേരലിന്റെ സങ്കടമായി ഒഴുകാന്‍, ഗര്‍ഭപാത്രത്തിന്റെ ഉള്ളറകളില്‍ ഒരായുസ്സിന്റെ ചോരപ്പുഴകളെയാണല്ലോ ഓരോ പെണ്ണിനുള്ളിലും നീയൊളിപ്പിച്ചു വെച്ചത്? ഒരു പെണ്ണായുസ്സില്‍ ഓരോ മാസത്തിന്റെയും ആറേഴ് ദിനരാത്രങ്ങളെ, ഓരോ വര്‍ഷത്തിന്റേയും നാലിലൊന്നു കാലത്തെ ഉള്ളില്‍ നിന്നൂറുന്ന ചോരപ്പാടാല്‍ നിറയ്ക്കാന്‍ മാത്രം പെണ്ണുടലില്‍ നീ ചൊരിഞ്ഞത് ദൈവമേ, നിന്റെ കനിവോ കലിയോ?

Sunday, August 22, 2010

വെളുത്ത ചെമ്പരത്തിയും പാത്തുമ്മയും

എനിക്കിഷ്ടാ നിങ്ങടെ ദൈവങ്ങളെ.....
പൂക്കള നടുവിലെ തൃക്കാക്കരയപ്പനെ ചൂണ്ടി പാത്തുമ്മ തുടര്‍ന്നു ചോദിച്ചു.
ഇതും ദൈവാണോ ടീച്ചറേ....?



വലിയൊരു മുസ്ലിം തറവാട്ടു വീടിന്റെ ഒരുകോണില്‍ വാടകക്കാരായിരുന്നു അക്കാലത്ത് ഞാനും കൂട്ടുകാരിയും. അടുത്തുള്ള സ്കൂളിലെ താല്‍കാലിക ഹൈസ്കൂള്‍ ടീച്ചറുടെ ജോലി നല്‍കിയ സ്വാതന്ത്യ്രബോധത്തിന്റെ പിന്‍ബലത്തിലായിരുന്നു ഞങ്ങളുടെ ആ സ്വൈര്യവാസം. വാടകക്കാരുടെ രണ്ടു മുറിക്കും അടുക്കളക്കും ആ വലിയ വീടിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 


ഓണക്കാലത്ത് വീട്ടുമുറ്റത്ത് പൂക്കളമിട്ടാല്‍ വീട്ടുടമസ്ഥ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ ഉള്ളിലെ മുറികളിലൊന്നില്‍ അത്തപ്പൂ തീര്‍ക്കുകയായിരുന്നു ഞങ്ങള്‍. ജാതിയും മതവുമൊന്നും നോക്കാതെ രണ്ടു പെണ്‍കുട്ടികളെ, വാടകക്കാണെങ്കില്‍ക്കൂടി വീട്ടില്‍ താമസിപ്പിക്കാന്‍ തയാറായവരെ ദ്രോഹിക്കരുതല്ലോ. ഇലയിലും മുണ്ടിലും പൂവിലും ഓണത്തിലുമൊക്കെ മലയാളി ജാതി കണ്ടെത്തി തുടങ്ങിയ കാലവുമായിരുന്നു അത്.



ഞങ്ങളുടെ പൂക്കള പ്രകടനത്തിന് കാഴ്ചക്കാരി പാത്തുമ്മ മാത്രം. അവള്‍ ആ വലിയ വീട്ടില്‍ പുതുതായി എത്തിയ മരുമകളാണ്. പതിനഞ്ചു വയസ്സില്‍ പെണ്‍കുട്ടികളുടെ കല്യാണം നടക്കുന്ന ഇടങ്ങള്‍ മലപ്പുറത്തും കോഴിക്കോട്ടും പാലക്കാട്ടും ഒക്കെ ഇപ്പോഴുമുണ്ടെന്നു ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞിട്ട് അധികകാലമായിരുന്നില്ല. അതൊക്കെ ആര്യാടന്‍ ഷൌക്കത്തും ടി.വി ചന്ദ്രനുംകൂടി മീരാജാസ്മിനെവെച്ച് വെറുതെ കാട്ടിയ നാടകമെന്നായിരുന്നു അത്രകാലവും എന്റെ ധാരണ. അധ്യാപികയായി ജോലി കിട്ടിയതോടെയാണ്, ക്ലാസ് മുറികളില്‍ നിന്ന് വിവാഹിതരായി പൊടുന്നനെ അപ്രത്യക്ഷരാകുന്ന പെണ്‍കുട്ടികളെ ഞാന്‍ നേരില്‍ കണ്ടുതുടങ്ങിയത്.



ടീച്ചറേ, അടുത്തയാഴ്ച എന്റെ നിക്കാഹാ....വരണം....
ഒരു ദിവസം ഒമ്പതാം ക്ലാസുകാരി റുബീന വന്നു ക്ഷണിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. ക്ലാസ് മുറിയില്‍ സുഗതകുമാരിയുടെ കവിതച്ചൊല്ലി ഞാന്‍ വാചാലയായിരുന്ന ഒരുച്ചനേരത്ത്, ബഞ്ചില്‍ കൂനിക്കൂടിയിരുന്ന് തേങ്ങിക്കരഞ്ഞ് റുബീന വയസ്സറിയിച്ചിട്ട് അധികകാലമായിരുന്നില്ല. രണ്ടു കൂട്ടുകാരികളെക്കൂട്ടി അവളെ ബാത്ത്റൂമിലേക്കയച്ചതും പി.ടി.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്റ്റെഫ്രീ നാപ്കിന്‍ ഓഫിസ് അലമാരയില്‍ നിന്ന് അവള്‍ക്ക് എത്തിച്ചുകൊടുത്തതും ഞാനായിരുന്നു. വല്ലാതെ ഭയന്നുപോയ അവളെ ആശ്വസിപ്പിച്ച് ഓറിേക്ഷ വരുത്തി വീട്ടിലേക്കയച്ചിട്ട് കഷ്ടിച്ച് ആറു മാസമേ ആയിട്ടുണ്ടാവൂ.... റുബീനയുടെ നിക്കാഹുപോലെ ഒരുപാട് കല്യാണങ്ങള്‍ക്ക് സമ്മാനവും വാങ്ങി അധ്യാപികമാര്‍ ഇടക്കിടെ കൂട്ടത്തോടെ പോയിരുന്നു, ഒരാളായി ഞാനും. മറ്റൊരു റുബീന ആയിരുന്നു എന്റെ വീട്ടുടമസ്ഥയുടെ മരുമകളായി എത്തിയ പാത്തുമ്മയും. 


സത്യത്തില്‍ ഫാത്തിമയെന്ന അവളുടെ സുന്ദരമായ പേര് ഉമ്മച്ചിയാണത്രെ വിളിച്ച് പാത്തുമ്മയാക്കിയത്.  നബിതിരുമേനിയുടെയും ഖദീജ ബീവിയുടെയും പൊന്നുമോളുടെ പേരാണതെന്ന് പാത്തുമ്മ എനിക്ക് വിശദീകരിച്ചു തന്നിരുന്നു. അതവള്‍ മദ്രസയില്‍ പഠിച്ച അറിവാണ്. അതുമാത്രല്ല, ഒരുപാട് നബിമാരുടെ കഥ അവള്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നുകൊണ്ടേയിരുന്നു. ആ കഥകളെല്ലാമെഴുതിയ വലിയൊരു കിത്താബ് അവളുടെ പൊരേലുണ്ടത്രെ. അവളതിന്റെ പേരു പറഞ്ഞിരുന്നു, ഓര്‍ക്കാന്‍ എളുപ്പമല്ലാത്തൊരു പേര്. 


അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ കഥ അന്നുതന്നെ ഞാന്‍ ഇന്റര്‍നെറ്റില്‍ വായിച്ചെടുത്തു.  ലോകത്തെ ലക്ഷക്കണക്കിന് ഫാത്തിമമാരുടെ പേരിനു പിന്നിലെ വിശ്വാസപരവും ചരിത്രപരവും മതപരവുമായ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് അപ്പോഴാണ്. സത്യത്തില്‍ ഏതു മുസ്ലിം പെണ്‍കുട്ടിക്കും രണ്ടാമതൊന്നാലോചിക്കാതെ ലോകമെങ്ങുമുള്ള ഉമ്മമാര്‍ ഫാത്തിമയെന്ന് പേരിടുന്നതെന്തെന്ന് എനിക്കു മനസ്സിലായി.


ആ ഓണക്കാലത്ത് പാത്തുമ്മ ഞങ്ങള്‍ക്ക് പൂക്കളമിടാന്‍ പൂക്കള്‍ എത്തിച്ചുതന്നു. ആ വലിയ വീട്ടില്‍ ഞങ്ങള്‍ വാടകക്കാരോട് ചങ്ങാത്തമുള്ളത് അവള്‍ക്കു മാത്രമായിരുന്നു. പലപ്പോഴും അതിനവള്‍ അമ്മായിയമ്മയോട് വഴക്കു കേള്‍ക്കുകയും ചെയ്തിരുന്നുവെന്നു തോന്നുന്നു, അവള്‍ ഒരിക്കലുമത് പറഞ്ഞിട്ടില്ലെങ്കിലും. അവളുടെ പുതിയാപ്ല അപൂര്‍വമായി മാത്രമേ  വീട്ടില്‍ വരാറുള്ളൂ. 'ഓര് എബടേക്കോ പോയിരിക്കണ്..' എന്നു മാത്രമേ അയാളുടെ സഞ്ചാരങ്ങളെപ്പറ്റി പാത്തുമ്മക്ക് അറിയാമായിരുന്നുള്ളൂ. കച്ചവട തിരക്കില്‍ അയാള്‍ എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. വന്നാലും അര്‍ധരാത്രിയെത്തി പുലര്‍ച്ചക്കു മുമ്പേ അപ്രത്യക്ഷനാകും. 



'ഇന്നലെ ഓര് വന്നീര്‍ന്നു...' പിറ്റേന്ന് പാത്തുമ്മ ഒട്ടൊരു നാണത്തോടെ പറയും. 'വന്നപ്പോ എന്തു കൊണ്ടു വന്നീര്‍ന്നു....?' എന്ന് ഞങ്ങള്‍ അവളുടെ അതേ ശൈലിയില്‍ തിരിച്ചുചോദിക്കും. മുഖംതുടുത്ത് ഒറ്റയോട്ടമാണവള്‍.


സമയം കിട്ടുമ്പോഴൊക്കെ അവള്‍ ഞങ്ങളുടെ മുറിയില്‍ ഓടിയെത്തുകയും അപൂര്‍വമായ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തുകൊണ്ടിരുന്നു. പത്താം ക്ലാസില്‍ നിന്നുപോയ അവളുടെ പഠിത്തം, ഇപ്പോഴും ഒപ്പം കൂട്ടിയിരിക്കുന്ന പുസ്തകങ്ങള്‍, കറിവെച്ചത് ശരിയാകാഞ്ഞതിന് അമ്മായിയമ്മ ചീത്ത പറഞ്ഞത്, പാചകത്തിനിടയില്‍ പറ്റിയ കൈയബദ്ധം അങ്ങനെ എപ്പോഴും പറയാന്‍ അവള്‍ക്ക് എന്തെങ്കിലും ഉണ്ടായിരുന്നു. അതുകേള്‍ക്കാന്‍ ഞങ്ങള്‍ക്കും താല്‍പര്യമായിരുന്നു.


 കാട്ടുച്ചെടികള്‍ മാത്രം തഴച്ചുനിന്നിരുന്ന ആ മുറ്റത്ത് അവള്‍ ചെടികള്‍ നടാന്‍ തുടങ്ങി. വെളുത്ത ചെമ്പരത്തിയുടേയും തട്ടുമുല്ലയുടേയും ചോപ്പു റോസയുടേയും കൊമ്പുകള്‍ സ്കൂളിലെ പിള്ളേരോട് ശട്ടംകെട്ടി എത്തിച്ചുകൊടുക്കണമെന്ന് പാത്തുമ്മ ഞങ്ങളെ നിര്‍ബന്ധിച്ചു. അധ്യാപിക പദവി ഉപയോഗിച്ച് കുട്ടികളോട് ചെടിക്കൊമ്പുകള്‍ കൈപ്പറ്റി ഞങ്ങള്‍ പാത്തുമ്മക്ക് കൈമാറിക്കൊണ്ടിരുന്നു. മടുപ്പിക്കുംവിധം വരണ്ട മുറ്റത്ത് ജീവന്റെ തളിരു പൊടിച്ചു.


ഒരുദിവസം അവള്‍ മുറിയിലെത്തി കൂടിക്കൂനി നിന്നു.
'ടീച്ചറേ, ഒരു കാര്യം ചോയിച്ചാ ഇങ്ങക്കറിയോ....?
മടിച്ചുമടിച്ച് അവള്‍ പറഞ്ഞത് മാസക്കുളി തെറ്റിയെന്നായിരുന്നു. ഒരാഴ്ചയായിട്ടും പതിവു ലക്ഷണങ്ങളൊന്നുമില്ലെന്ന് ഒട്ടൊരു നാണത്തോടെ പറഞ്ഞിട്ട് അവള്‍ തലകുമ്പിട്ടു നിന്നു കളഞ്ഞു. അവള്‍ അക്കാര്യം ആദ്യം പറയുന്നതു ഞങ്ങളോടായിരുന്നു. ഉറപ്പിക്കാനുള്ള വഴികളൊന്നും അവള്‍ക്ക് അറിയില്ലായിരുന്നു. പറയാന്‍ പുതിയാപ്ല അടുത്തില്ല താനും.


പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ് പിറ്റേന്ന് മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വാങ്ങിയെത്തിച്ച് യൂറിന്‍ ടെസ്റ്റ് നടത്തിച്ചത് ഞങ്ങള്‍ തന്നെയായിരുന്നു. കിറ്റിന്റെ പാനലില്‍ വര തെളിഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ അവളോട് പറഞ്ഞു. 'പാത്തുമ്മച്ചി അങ്ങനെ ഉമ്മച്ചിയാവുന്നു'. പതിവുപോലെ ഓടിക്കളഞ്ഞു അവള്‍. മുറ്റത്ത് അവള്‍ നട്ട ചെമ്പരത്തിയില്‍ നാമ്പില പൊടിച്ചത് ഞാന്‍ കണ്ടു. ജീവനെന്ന മഹാത്ഭുതം...



അധികം താമസിയാതെ ഛര്‍ദിയും തലചുറ്റലും ഗര്‍ഭത്തിന്റെ ആയാസങ്ങളുമായി അവള്‍ കിടന്നുപോയി. പാത്തുമ്മയുടെ പൂന്തോട്ടം പാതിവഴിയില്‍ നിന്നു. പക്ഷേ ചെമ്പരത്തിയുടേയും റോസിന്റെയും കൊമ്പുകള്‍ ഞങ്ങള്‍ പാത്തുമ്മക്കായി എത്തിച്ച് മുറ്റത്ത് നട്ടുകൊടുത്തു. അവള്‍ വാതില്‍പ്പടിയില്‍ ചാരിനിന്ന് നന്ദിയോടെ ചിരിച്ചു. മെലിഞ്ഞ ആ ദേഹത്തു തിരിച്ചറിയാവുന്നതായി വലിയൊരു വയര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഞങ്ങളെ പേടിപ്പിച്ചു. പക്ഷേ കുഴപ്പങ്ങളൊന്നുമില്ലാതെ പാത്തുമ്മ പെണ്‍കുഞ്ഞിന്റെ ഉമ്മയായെന്ന് പിന്നീട് അറിഞ്ഞു. മകളുമായി അവള്‍ സ്വന്തം വീട്ടില്‍നിന്ന് മടങ്ങിയെത്തുമ്പോഴേക്കും ഞങ്ങള്‍ അവിടം വിട്ടിരുന്നു. 



പിന്നെ അഞ്ചു കൊല്ലം കഴിഞ്ഞ് ഒരു ആള്‍ത്തിരക്കിലാണ് പാത്തുമ്മയെ കണ്ടത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു അവള്‍. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇപ്പോഴും അവള്‍ ഗര്‍ഭിണിയാണ്.


നീയിതുവരെ പെറ്റില്ലേ....? ഞാന്‍ കുസൃതിചോദ്യമെറിഞ്ഞു.
ഇതു മൂന്നാമത്തേതാ ടീച്ചറേ.... ദാ രണ്ടെണ്ണം. ഒക്കത്തും കയ്യിലുമായി രണ്ടു കുട്ടികളെ അവള്‍ കാട്ടിത്തന്നു. പാത്തുമ്മയെകൂട്ടി അടുത്ത ഹോട്ടലില്‍ കയറി. മൂത്ത പെണ്‍കുട്ടി ആവേശത്തോടെ ഐസ്ക്രീം നുണഞ്ഞു. ചൂടുചായ മൊത്തി പാത്തുമ്മ എന്നെ വിടര്‍ന്ന കണ്ണോടെ നോക്കി.


'ടീച്ചറ് നട്ടേതൊക്കെ ബലുതായിരിക്കണ്... ഒക്കേലും പൂ....പക്ഷേല് വീട്ടിലേക്ക് റോഡു വെട്ടിയപ്പോ വെള്ള ചെമ്പരത്തി  ഓര് വെട്ടിക്കളഞ്ഞു. ഞാന്‍ കൊറേ പറഞ്ഞോക്കീണ്....കേക്കാണ്ട് മുറിച്ച്.... 

പാത്തുമ്മ മുറിഞ്ഞുപോയ ചെടിയെചെല്ലി സങ്കടപ്പെട്ടു. അവളുടെ മെല്ലിച്ച നെഞ്ചില്‍ ഇളയകുട്ടി മുല പരതി കരഞ്ഞു. ഹോട്ടലിന്റെ ഫാമിലി റൂമിലിരുന്ന് അവള്‍ നാണത്തോടെ ബട്ടണുള്ള പര്‍ദ തുറന്ന്, മുലക്കണ്ണ്  കുഞ്ഞിന്റെ ചുണ്ടില്‍ തിരുകി. കരച്ചില്‍ നിര്‍ത്തി അവന്‍ (അതോ അവളോ...? ചോദിക്കാന്‍ വിട്ടുപോയിരുന്നു) മുലപ്പാല്‍ നുണഞ്ഞു. ഞാനത് നോക്കിയിരിക്കെ മഫ്തയുടെ തുമ്പാല്‍ മാറുമറച്ചു കളഞ്ഞവള്‍, ചിരിയോടെ. 


ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവള്‍ അതേ വാചകം പറഞ്ഞു. 'ഓര് എബടേക്കോ പോയിരിക്കണ്..ഇന്ന് ഡോക്ടറെ കാണേണ്ടീര്‍ന്നു...അതോണ്ട് ഞാന്‍ പോന്ന്... 


യാത്ര പറഞ്ഞും പിരിയും മുമ്പ് രഹസ്യമായി പാത്തുമ്മയോടുപറഞ്ഞു
'ഇനി മതീ പാത്തുമ്മ, അതും ഇത്രയടുപ്പിച്ച്, ആരോഗ്യത്തിനു നന്നല്ല..'


നിഷകളങ്കതയോടെ അവള്‍ പറഞ്ഞു.
'ഞാന്‍ പറഞ്ഞതാണ് ടീച്ചറേ...... ഓര് കേക്കണ്ടേ.... '


ഹോട്ടല്‍ വരാന്തയില്‍ത്തന്നെ നിര്‍ത്തി കുടുംബാസൂത്രണ മാര്‍ഗങ്ങളെപ്പറ്റി അവള്‍ക്കൊരു ചെറിയ ക്ലാസ് കൊടുത്തു.
'ദെവസങ്ങള് സഞ്ചാരോം കഴിഞ്ഞ് രാത്രീല് അടുത്തുവരുമ്പോ ഇതൊക്കെ എങ്ങന്യാ ടീച്ചറേ പറയാ...ചാടിക്കടിക്കാന്‍ വരും... ഓര് അങ്ങനെ വരുമ്പോ പറ്റൂല്ലാണ്ട് പറയാന്‍ പാടില്ലാലോ... എന്നിട്ടും ഒരിക്കെ ഞാന്‍ പറഞ്ഞിരിക്കണ്...എനിക്കിനി പെറാന്‍ ബയ്യാന്ന്... അപ്പോ എന്നോട്, നിനക്കു പറ്റൂല്ലെങ്കീ ഞാന്‍ വേറെ ആരുടേം അടുത്തു പൊട്ടേന്ന് ചോയിച്ച്....ഞാനെന്താ പറയാ...  നമ്മടെ കെട്ടിയോനല്ലേ... മരുന്നുതിന്ന് കുട്ടി വേണ്ടാന്ന് വെക്കാമ്പാടില്ലാന്നാ ഓര് പറയാ... മരുന്നു കഴിക്കാണ്ട് പറ്റൂന്ന് ഡോക്ടറു പറഞ്ഞിരിക്കണ്...അതൊന്നും വേണ്ടാന്ന് ഓര്...


ഞാന്‍ ഒന്നും മിണ്ടിയില്ല. യാത്ര പറഞ്ഞ് ബസ്സ്റ്റാന്റിലേക്ക് അവള്‍ ധൃതിയില്‍ നടന്നുപോയി. ഇപ്പോള്‍ പാത്തുമ്മയെ കണ്ടിട്ട് കൊല്ലങ്ങളായി. എത്ര മക്കളുടെ ഉമ്മയായിരിക്കും അവള്‍ ഇപ്പോള്‍.....?

Wednesday, August 18, 2010

കത്തുന്ന കല്യാണങ്ങള്‍!

വര്‍ഷങ്ങള്‍ക്കിപ്പുറം, ചാറിയിറങ്ങുന്ന മഴയുടെ താളംകണ്ട് ഈ നഗരവീട്ടില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും ഓര്‍ത്തുപോയത് എന്റെ കല്യാണപ്പുലരിയെക്കുറിച്ചു തന്നെയാണ്. കര്‍ക്കിടക പെയ്ത്തിന്റെ കാലം കഴിയുന്നതു കണക്കുകൂട്ടി കല്യാണത്തീയതി നിശ്ചയിച്ചിട്ടും മഴ ചതിച്ചു. കല്യാണത്തലേന്ന് രാത്രി തിമിര്‍ത്ത മഴ മുറ്റത്തുതീര്‍ത്ത പുഴയില്‍, സദ്യക്കെത്തിച്ച പാത്രങ്ങള്‍ ഒഴുകിനടന്നു. 'ഭഗവതീ, പുലരുമ്പോഴേക്കും തോരണേ'യെന്ന് അമ്മ അടുക്കളപ്പുറത്ത് ആധികൊണ്ടു.

കിടന്നിട്ടും കിടന്നിട്ടും ഉറക്കംവരാതെ അച്ഛന്‍, എണീറ്റുവന്ന് വീണ്ടുമൊരു ബീഡി കത്തിച്ചൂതി വെപ്പുകാരോട് സങ്കടം പങ്കുവെച്ചു. കൂലിക്കു വിളമ്പുന്ന സദ്യയും കൂലിക്കെടുക്കുന്ന കല്യാണ ഹാളും അക്കാലത്തൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നില്ല. മഴത്തണുപ്പില്‍ മൂടിപ്പുതച്ച് ആശങ്കകളൊന്നുമില്ലാതെ ഉറങ്ങുന്ന എന്നെക്കണ്ട് ബന്ധുക്കളായ പെണ്ണുങ്ങള്‍ അതിശയം പറയുന്നത് ഞാന്‍ കേട്ടു. ഇനിയെന്നെങ്കിലുമൊരിക്കല്‍ ഇത്രമേല്‍ സ്വാതന്ത്യ്രത്തോടെ ജനിച്ചുവളര്‍ന്ന ഈ വീട്ടില്‍ കിടക്കാനാവുമോ എന്നൊരു വല്ലാത്ത വേദനയോടെ ഉറക്കം അഭിനയിച്ച്, എന്റെ മണമുള്ള പുതപ്പാല്‍ മുഖംമറച്ച് തേങ്ങുകയായിരുന്നു ഞാനെന്നാണ് ഓര്‍മ.

വായിച്ച പൈങ്കിളി നോവലുകളിലെപ്പോലെ അത്ര സുന്ദരമായ ജീവിതാനുഭവമൊന്നുമല്ല കല്യാണമെന്ന് അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പൊന്നും പണവും പറഞ്ഞ് തര്‍ക്കിക്കുന്നവര്‍ക്കുമുന്നില്‍ അച്ഛന്‍ ജാള്യതയോടെ തലകുനിക്കുന്നത് വാതില്‍പടിക്കു പിന്നിലെവിടെയോനിന്ന് ഞാന്‍ എത്രയോതവണ അറിഞ്ഞിരുന്നു. പുരനിറഞ്ഞ പെണ്ണിനെ കെട്ടിക്കുന്നതിന്റെ ആധി അമ്മയുടെ മുഖത്ത് ദീര്‍ഘനിശ്വാസമായി കാലമെത്രയായി ഞാന്‍ കാണുന്നു. ദീര്‍ഘകാലത്തെ രാഷ്ട്രീയ^സാമൂഹിക പ്രവര്‍ത്തനം നല്‍കിയ വലിയൊരു ചങ്ങാതിക്കൂട്ടമൊഴിച്ചാല്‍ എല്‍.പി സ്കൂള്‍ ഹെഡ്മാഷായി റിട്ടയര്‍ചെയ്ത അച്ഛന് സമ്പാദ്യമായി അധികമൊന്നും ഉണ്ടായിരുന്നില്ല. മകളുടെ ബിരുദാനന്തരബിരുദം യോഗ്യതയായി വന്നവര്‍ക്കൊന്നും തോന്നിയതുമില്ല. വല്ലാത്തൊരു ഭാരമായി ഞാന്‍ അച്ഛന്റെയും അമ്മയുടെയും മനസ്സില്‍ നിറഞ്ഞ കാലമായിരുന്നു അത്.

എന്റെ കല്യാണം കഴിഞ്ഞാല്‍ അച്ഛന്റെയും അമ്മയുടേയും ചങ്കിലെ തീയടങ്ങുമല്ലോ എന്നായിരുന്നു അക്കാലത്ത് ഞാന്‍ ആശ്വസിച്ചിരുന്നത്. 'ആരെങ്കിലുമൊന്നുവന്ന് കെട്ടിക്കൊണ്ടുപോയാല്‍ വീട്ടുകാര്‍ക്കെങ്കിലും സമാധാനമായേനെ' എന്നൊരു ചിന്തയിലെത്തിയിരുന്നു ഒടുവില്‍ ഞാനും. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയില്‍ പറയുമ്പോലെ 'പത്തു ജന്‍മം നായായി ജനിച്ചാലും അടുത്ത ജന്‍മം പെണ്ണായി പിറക്കല്ലേ ഭഗവാനേയെന്ന്' ഉള്ളുരുകിയ കാലം.

മഴ കരുണകാട്ടി. മുഹൂര്‍ത്തത്തിന് അമ്പലത്തിലേക്ക് ഇറങ്ങുന്നതിന്റെ തൊട്ടുമുമ്പ് പെയ്ത്തു തോര്‍ന്നു. അരമണിക്കൂറില്‍ മാനം തെളിഞ്ഞപ്പോള്‍ അച്ഛന്റെ മുഖത്തും വെയിലുദിച്ചു. ചടങ്ങെല്ലാംകഴിഞ്ഞ് യാത്രപറഞ്ഞിറങ്ങുമ്പോള്‍, അച്ഛന്റെ മെലിഞ്ഞു ക്ഷീണിച്ച ദേഹത്തോടൊട്ടി കണ്ണീരോടെ അനുഗ്രഹം തേടുമ്പോള്‍, ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ ആശ്വസിച്ചു: അച്ഛാ, ഇത്രകാലം ചങ്കിലെ ഭാരമായിരുന്ന മകള്‍ ഇതാ അച്ഛന്‍ കണ്ടെത്തിതന്ന കൂട്ടുകാരനൊപ്പം പുതിയ ജീവിതത്തിലേക്ക്. ഇനി അച്ഛന് ആശ്വസിക്കാം.

ഭര്‍ത്താവിനൊപ്പം അപരിചിത നഗരത്തിലെത്തിയ ആദ്യദിനങ്ങളില്‍ത്തന്നെ ഞാനറിഞ്ഞു, ഇല്ല ഒരച്ഛന് മകളെക്കുറിച്ചുള്ള ചിന്തകളൊന്നും ഒരു കല്യാണത്തില്‍ തീരുന്നതല്ല. ചെന്നൈ നഗരത്തിന്റെ തിരക്കുകളിലേക്ക് അച്ഛന്റെ കത്തുകള്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെത്തി. ഗ്രാമത്തിന്റെ ശാന്തതകളില്‍ നിന്ന്, കൂട്ടുകളില്‍ നിന്ന് പെട്ടൊന്നൊരുനാള്‍ പട്ടണത്തുരുത്തിലേക്ക് എത്തിപ്പെട്ടുപ്പോയ മകളുടെ വേവലാതികള്‍ കാതങ്ങള്‍ക്ക് അക്കരെയിരുന്ന് അച്ഛനും അമ്മയുമറിഞ്ഞു. അക്ഷരങ്ങളിലൂടെ അവര്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. ഭര്‍ത്താവിനോടുള്ള അകല്‍ച്ചയും അപരിചിത്വവുംപോലും തീരാത്ത ആകാലങ്ങളില്‍ അച്ഛന്റെയും അമ്മയുടെയും അക്ഷരങ്ങളായിരുന്നു കുതിച്ചുപായുന്ന ആ മഹാനഗരത്തില്‍ എന്നെ ജീവിപ്പിച്ചത്. മറ്റൊരു മഴക്കാലത്ത് അച്ഛന്‍ എന്നന്നേക്കുമായി യാത്രയാകുവോളവും ആ കത്തുകള്‍ തുടര്‍ന്നു. ഇന്നുമുണ്ട്, എന്റെ അലമാരക്കുള്ളില്‍ സ്നേഹത്തിന്റെ ആ നീലിച്ച അക്ഷരങ്ങള്‍!

പറഞ്ഞുവരുന്നത്, കല്യാണം സുന്ദരമായ ഒരനുഭവമാണെന്നത് പൈങ്കിളി നോവലുകളിലും സിനിമകളിലും നിന്ന് നാം വായിച്ചെടുത്തൊരു കെട്ടുകഥയാണെന്നാണ്. ഓരോ കല്യാണമണ്ഡപത്തിലേയും നിലവിളക്കില്‍ തെളിയുന്നത് അച്ഛനമ്മമാരുടെ മനസ്സില്‍ ഒത്തിരിക്കാലം എരിഞ്ഞ തീയുടെ ബാക്കിയാണ്. ഒരുക്കൂട്ടിവെച്ച പലതും മകളുടെ ജീവിതത്തിനൊപ്പം കൈമാറിയിട്ടും എത്രയോ അച്ഛനമ്മമാര്‍ കല്യാണക്കളിയില്‍ ചതിക്കപ്പെട്ടുപോകുന്നു.

തീര്‍ച്ചയായും എന്നെപ്പോലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വിവാഹം ഇണങ്ങാന്‍ ഏറെ സമയമെടുത്ത ഒരേര്‍പ്പാടായിരുന്നിരിക്കണം. വീട്ടുകാരുടെ മുഴുവന്‍ തീ തിന്നലിനൊടുവില്‍ വന്നു ഭവിക്കുന്ന ഒരനിവാര്യത. നിഷേധിക്കാനാവാത്ത സാമൂഹിക ആചാരം. തലകുനിച്ചുകൊടുത്ത് ഏറ്റുവാങ്ങിയ വിധേയത്വം. അജ്ഞാതനായ ഒരാള്‍ക്കൊപ്പം ജീവിതത്തിന്റെ ബാക്കിയെല്ലാം പങ്കിട്ടുകൊള്ളാമെന്ന ന്യായരഹിതമായ ഉടമ്പടി.

പറ്റിപ്പിടിച്ചു വളര്‍ന്നതില്‍ നിന്നെല്ലാം വേരോട് പറിച്ചെടുത്ത് മറ്റേതോ ഒരപരിചിത ദേശത്ത് പെണ്ണിനെ പ്രതിഷ്ഠിക്കുന്ന ചടങ്ങുകൂടിയാണ് കല്യാണം. അകലെയായിപ്പോയ നാടിനെയും വീടിനെയും പ്രിയപ്പെട്ടവരെയും കുറിച്ചുള്ള ഓര്‍മകളുടെ ഭാരം. തലേന്നുവരെ അന്യനായിരുന്ന പുരുഷനൊപ്പം പെട്ടെന്നൊരുനാള്‍ മുറിക്കുള്ളില്‍ തനിച്ചായിപ്പോകുന്നതിന്റെ അമ്പരപ്പ്. അജ്ഞാതമായ ക്രിയകള്‍ക്കൊടുവില്‍ ഇരുട്ടിലെങ്കിലും പെട്ടെന്നൊരു നിമിഷം നഗ്നയാക്കപ്പെടുമ്പോഴുള്ള ഞെട്ടല്‍. ഓര്‍മവെച്ച നാള്‍ മുതല്‍ സ്വകാര്യമെന്ന് പറഞ്ഞതെല്ലാം അന്യനൊരാള്‍ക്കു മുന്നില്‍ പൊടുന്നനെ വെളിപ്പെട്ടുപോകുന്ന ആദ്യ രതി സത്യത്തില്‍ നാം കേട്ടറിഞ്ഞതുപോലെ അത്ര ആസ്വാദ്യമാണോ? അല്ലെന്ന് പെണ്ണായി പിറന്ന് ദാമ്പത്യത്തിന്റെ വഴി നടന്നവര്‍ക്കെല്ലാമറിയാം.

എന്നിട്ടും ആണിന്റെ വാരിപ്പിടിച്ചുള്ള ചുംബനങ്ങളിലൊന്നില്‍ അലിഞ്ഞില്ലാതാകുന്നൊരു കന്യകയുടെ അനുഭൂതിഭരിതമായ മുഖം കാട്ടി സിനിമകള്‍ നമ്മോട് കള്ളം പറയുന്നു. ലൈംഗികതയെ ആദ്യരാത്രിയുടെ അവിഭാജ്യ ഘടകമാക്കി നമ്മള്‍ പ്രതിഷ്ഠിച്ചുവെച്ചിരിക്കുന്നു. ആ സാമൂഹ്യപാഠം പഠിച്ചു വളരുന്ന ഇവിടുത്തെ ചെറുപ്പക്കാര്‍ ആദ്യരാത്രിയെ അമ്പരന്നു നില്‍ക്കുന്ന ഇരക്കുമേല്‍ പുരുഷത്വത്തിന്റെ കരുത്തു തെളിയിക്കാനുള്ള നിമിഷമാക്കുന്നു. സ്നേഹത്തില്‍നിന്ന് ഊറിയുരുകി രൂപപ്പെടുമ്പോഴേ ആസ്വാദ്യകരമായ ലൈംഗികത ഉണ്ടാകൂവെന്നും മറ്റെല്ലാം വെറും ബലാല്‍ക്കാരമാണെന്നും നമ്മുടെ ചെറുപ്പക്കാരെ ഇനി ആരാണ് പഠിപ്പിക്കുക?