Sunday, August 29, 2010

രക്തകാല ചിന്തകള്‍!

തൊടിയിലെ ഞാലിപ്പൂവന്‍ വാഴക്കൂമ്പിന്റെ തേനിതള്‍ ഒടിച്ചെടുക്കാന്‍, അതിരുകല്ലിന്‍മേല്‍ ചവിട്ടിയൂന്നിയ വൈകുന്നേരത്തായിരുന്നു ഉള്ളിലൊരു കൊള്ളിമീന്‍ കത്തിയെരിഞ്ഞത്. അടിവയറ്റില്‍ നോവിന്റെ സൂചിക്കുത്തേറ്റ് കുനിഞ്ഞിരുന്നു കരഞ്ഞുപോയപ്പോള്‍ ഓടിവന്നുപിടിച്ച് ചേര്‍ത്തണക്കാന്‍ അമ്മ കണ്‍വെട്ടത്തുണ്ടായത് ഭാഗ്യം! 'ഒന്നുമില്ലെന്ന്' പറഞ്ഞാശ്വസിപ്പിച്ച് മെല്ലെ നടത്തി അകമുറിയിലെത്തിച്ച് അടുത്തിരുത്തി. പിന്നെ ചോരപ്പൊട്ടുവീണ അടിയുടുപ്പുകള്‍ മാറ്റിച്ച്, പഴയൊരു വെള്ളമുണ്ടുകീറി പലതായി മടക്കി അരഞ്ഞാണവള്ളിമേല്‍ കോര്‍ത്തുടുപ്പിച്ചു. 'മോളിനി വലിയ കുട്ടിയാണെന്ന്' ആവര്‍ത്തിച്ചു പറഞ്ഞ് നെറ്റിമേല്‍ ചുംബിച്ചു. പുല്‍പ്പായ വിരിച്ച് നിലത്തിരുത്തി. പിന്നെ അമ്മ ഓടിപ്പോയി മുത്തശãിയോട് അടക്കം പറഞ്ഞു. സത്യത്തില്‍ അപ്പോഴും എന്റെ അമ്പരപ്പു മാറിയിരുന്നില്ല. സ്കൂളില്‍ മുമ്പേ മുതിര്‍ന്ന പെണ്‍കുട്ടികളുടെ രഹസ്യം പറച്ചിലുകള്‍ പലതും ചെവിയോര്‍ത്ത് ഓര്‍മയില്‍ കാത്തുവെച്ചിട്ടും അപ്രതീക്ഷിതമാംവിധം കൌമാരം വിരുന്നുവന്നു ചില തുള്ളി ചുവപ്പു കാട്ടിയപ്പോള്‍ എന്തിനെന്നറിയാതെ ഭയന്നുപോയിരുന്നു.

പേടിമാറാന്‍ ആഴ്ചയൊന്നു വേണ്ടിവന്നു. ആ ദിവസങ്ങള്‍ അത്രയും മാനം കാണാതെ അകമുറിയില്‍ അമ്മയുടെയും മുത്തശãിയുടെയും ലാളനയുടെ ചൂടില്‍. ദിവസങ്ങള്‍ക്കൊടുവില്‍ മഞ്ഞളരച്ചു കുളിച്ച്, ചിട്ടയില്‍ അടിയുടുപ്പെല്ലാം അലക്കിയുടുത്ത്, പുതിയൊരാളായി ഓടിയിറങ്ങി ഉമ്മറത്തെ വെളിച്ചത്തിലേക്ക്. സൂര്യന് പതിവിലും അവിഞ്ഞ വെളിച്ചം! ചാരുകസേരയില്‍ വായിച്ചിരിക്കുന്ന അച്ഛനെ നോക്കാന്‍പോലും അന്നോളമില്ലാത്തൊരു നാണം.

'ആഴ്ചയൊന്നായി പള്ളിക്കൂടത്തില്‍ കാണാത്തതെന്തെ'ന്ന അയലത്തെ കളിക്കൂട്ടുകാരന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ചൂളിനിന്നു. മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ താഴത്തെ ചില്ലയില്‍ അവനെക്കാള്‍ വേഗത്തില്‍ ചാടിക്കയറുമായിരുന്നു അന്നുവരെ ഞാന്‍. സൂചിപ്പെയ്ത്തായി മഴ വീഴുന്ന പകലുകളില്‍ പള്ളിക്കൂടത്തിലേക്കും തിരിച്ചും ഞാനും അവനും ഒരേ കുടക്കീഴില്‍ ചേര്‍ന്നു നടന്നിരുന്നു. അവനൊപ്പം ഞാന്‍ മരംകയറുകയും ചൂണ്ടയിടുകയും കുടുകുടുവും കിളിത്തട്ടും കുറ്റിപ്പന്തും കളിക്കുകയും തല്ലുകൂടുകയും ചെയ്തിരുന്നു. ഇനിയതൊന്നും പാടില്ലെന്നും വലിയ പെണ്ണായിപ്പോയെന്നും അമ്മയുടെയും അമ്മൂമ്മയുടെയും വിലക്കുകള്‍ നേരത്തെ ഒത്തിരി വന്നിട്ടും അതൊന്നും ഞാന്‍ കേട്ടിരുന്നില്ല. പക്ഷേ ഇന്നിപ്പോള്‍ ഞാന്‍ ശരിക്കും വലുതായിരിക്കുന്നു! പെണ്ണായിരിക്കുന്നു!
പ്രിയകൂട്ടുകാരാ, നമ്മുടെ ചങ്ങാത്തത്തിനുമേല്‍ എന്റെ കൌമാരം അതിരിട്ടിരിക്കുന്നു. എത്രയടുത്തായാലും നീയും ഞാനും ഇനിയാ പഴയ കുട്ടികളല്ല, നമ്മള്‍ ആണും പെണ്ണുമാകുന്നു. എന്റെ ശ്വാസവും ഗന്ധവും സ്വരവും പോലും മാറിപ്പോയത് നീയറിയുന്നുണ്ടോ? ഇതാദ്യമായി നിന്റെ മണം എനിക്ക് അപരിചിതത്വമുണ്ടാക്കുന്നു. നീ തൊടാനായുമ്പോള്‍ ഞാന്‍ അറിയാതെ ഒഴിഞ്ഞുമാറിപ്പോകുന്നു.

ആദ്യ ആര്‍ത്തവത്തോടെ പെണ്‍കുട്ടി സ്വന്തം ശരീരത്തെ അറിയുന്നു. ശരീരമാണ് പെണ്ണ് എന്ന സാമൂഹ്യപാഠം ലോകം അവളെ പഠിപ്പിക്കുന്നു. വിചിത്രമായ അടക്ക ഒതുക്കങ്ങളുടെ ശരീരഭാഷകള്‍ എത്ര അനായാസമാണ് നമ്മുടെ നാട് പെണ്ണിനെ ശീലിപ്പിച്ചെടുക്കുന്നത്? ബാല്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സ്വാതന്ത്യ്രങ്ങളും അവള്‍ക്കുമുന്നില്‍ അടഞ്ഞുപോകുന്നുണ്ട്, രജസ്വലയാകുന്ന ആ മുഹൂര്‍ത്തത്തില്‍. ഉറക്കത്തില്‍പോലും അണുവിട തെറ്റാതെ പാലിക്കേണ്ടൊരു ശരീരപെരുമാറ്റ ചട്ടമുണ്ടീ നാട്ടില്‍ പെണ്ണിനു മാത്രം. അവള്‍ കാലുകള്‍ അകത്തിയിരുന്നു കൂടാ, ഉയരങ്ങളിലൊന്നും ചവിട്ടിക്കയറിക്കൂടാ, പകല്‍ മങ്ങിയാല്‍ പുറത്തിറങ്ങിക്കൂടാ, ഒച്ചയധികമെടുത്തുകൂടാ. കുളിമുറിയുടെ സ്വകാര്യതയില്‍പോലും സ്വന്തം ശരീരം വെളിപ്പെടുത്തിക്കൂടാ. കാലമൊത്തിരി മാറിയിട്ടും മാറാതുണ്ടീ നിയമങ്ങളോരോന്നും ഇന്നും. ഇവയെല്ലാം മറുചോദ്യങ്ങളൊന്നുമില്ലാതെ പാലിക്കാന്‍ ബാധ്യസ്ഥരായിപ്പോകുന്നുണ്ട് ഓരോ പെണ്ണും വയസ്സറിയിക്കുന്ന മുഹൂര്‍ത്തം മുതല്‍.

കന്യകയാവുന്നതോടെ ഓരോ ഊടുവഴിയിലും തന്നെ ചൂഴുന്ന പുരുഷ നോട്ടത്തിന്റെ കൂരമ്പുകളെ പെണ്ണറിയുന്നു. ആ നോട്ടങ്ങളെ അവള്‍ വേഗത്തില്‍ നടന്നു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. വല്ലാതെ വികസിക്കുന്ന മാറിടത്തിന്റെ ഉയര്‍ച്ചയിലേക്കു നീളുന്ന മിഴി എയ്ത്തുകളെ അവള്‍ ചേലത്തുമ്പിനാല്‍ ദുര്‍ബലമായി മറികടക്കുന്നു. പാവാടത്തുമ്പ് അറിയാതൊന്നുയര്‍ന്നാല്‍, ബ്ലൌസിന്റെ കഴുത്തൊന്നിറങ്ങിയാല്‍, മാറുമറച്ച തുണിയുടെ സ്ഥാനമൊന്നു പിഴച്ചാല്‍ ഏതടുത്ത കൂട്ടുകാരന്റേയും നോട്ടം ആഞ്ഞു തറയുമെന്ന ഭയം ഏതു സൌഹൃദച്ചേര്‍ച്ചയിലും പെണ്ണിന്റെ ഉള്ളില്‍ പേടിയായി നിറയുന്നതും ആദ്യ ആര്‍ത്തവംതൊട്ടുതന്നെ. തന്റെ ശരീരം ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്നൊരു സാമ്രാജ്യമാണെന്ന് പെണ്ണറിയുന്നതും അപ്പോള്‍മുതല്‍ത്തന്നെ. കാമം എന്ന വേട്ടനായയില്‍ നിന്ന് ഉടലിനെ രക്ഷിച്ചെടുക്കാനുള്ളൊരു യുദ്ധമാണ് പിന്നീട് ഓരോ പെണ്ണിന്റേയും ജീവിതം. ചിലര്‍ മാത്രം അതില്‍ ജയിക്കുന്നു. ഏറെപ്പേരും തോറ്റു പോകുന്നു.

ചരിത്രത്തില്‍ പുരുഷന്റെ എല്ലാ യുദ്ധങ്ങളും അധികാരത്തിനും ധനത്തിനും വേണ്ടിയായിരുന്നു. പെണ്ണിന്റെ എല്ലാ പോരാട്ടങ്ങളും അവളുടെ ഉടലിന്റെ മാനം കാക്കാന്‍ മാത്രവും. പലപ്പോഴും ശരീരത്തിന്റെ മാനം കാക്കാന്‍ ശരീരത്തിലെ ജീവനെത്തന്നെ പെണ്ണിന് വില നല്‍കേണ്ടിവന്നു.  കേവലം സങ്കല്‍പ്പം മാത്രമായ മാനവും യാഥാര്‍ഥ്യമായ ജീവനും തമ്മില്‍ താരതമ്യം വേണ്ടി വന്നപ്പോഴെല്ലാം പെണ്ണ് മാനം/ചാരിത്യ്രം/പരിശുദ്ധി/പാതിവ്രത്യം എന്നീ സങ്കല്‍പ്പങ്ങള്‍ക്കായി ജീവനെ ഉപേക്ഷിച്ചെന്ന് ചരിത്രം. ആ കഴിഞ്ഞകാല പാഠങ്ങള്‍ നമ്മള്‍ അഭിമാനത്തോടെ പുതുതലമുറയെ പഠിപ്പിക്കുന്നു. പെണ്ണേ, നീ വെറും ശരീരമാണെന്ന് ഓരോ സിനിമയും നോവലും കഥയും ചരിത്രപാഠവും ഉദ്ധരിച്ച് നാം ഉദാഹരിക്കുന്നു.  ഫലം, സ്വന്തം ശരീരം നമ്മുടെ ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും ഭയപ്പെടുത്തുന്ന ഒന്നാവുന്നു.

അവര്‍ ശരീരത്തെ ചമയിക്കുന്നുണ്ട്, വസ്ത്രങ്ങളില്‍ പൊതിഞ്ഞൊരുക്കുന്നുണ്ട്, ചായം തേച്ചു മിനുക്കുന്നുണ്ട്, ഏഴഴകോടെ സംരക്ഷിക്കുന്നുമുണ്ട്. കാരണം, വിവാഹമടക്കം ഏതു സോഷ്യല്‍ കമ്പോളത്തിലും തന്റെ മാര്‍ക്കറ്റ്മൂല്യം ഈ ശരീരമാണെന്ന് പെണ്ണിനെ നാം പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നതിനെ ചമയിച്ച് പോഷിപ്പിക്കാതെ തരമില്ല. അതേ സമയംതന്നെ സ്വന്തം ശരീരത്തെ അവള്‍ ഏറെ ഭയക്കുകയും ചെയ്യുന്നു! തനിക്കെതിരെ ഉണ്ടാകാവുന്ന ഏതു ആക്രമണവും ഈ ശരീരത്തിനുവേണ്ടിയാവും എന്നവള്‍ക്കറിയാം. പകല്‍മങ്ങിയാല്‍ അവള്‍ ഓടിയൊളിക്കും, അടുക്കള ചുമരുകളുടെ സുരക്ഷിതത്വത്തിലേക്ക്.  ശരീരത്തെ ഒരേസമയം ശത്രുവായും മിത്രമായും കാണേണ്ടിവരുന്ന വിചിത്രമായൊരു ദ്വന്ദ്വയുദ്ധത്തിലാണ് ഓരോ പെണ്‍ജന്‍മവും ആദ്യാര്‍ത്തവ ശേഷമുള്ള കൌമാര^യൌവന കാലത്ത്.

ആ ഭീതിയുടെ തോല്‍ അല്‍പമെങ്കിലും അഴിഞ്ഞുപോകുന്നത് അവള്‍ ഭാര്യയാകുമ്പോഴാണ്. ജീവിതത്തില്‍ ആദ്യമായി അവളുടെ ശരീരത്തിനുമേലും ഒരാളുടെ ആധിപത്യം ഉണ്ടാവുന്നു. ശരീരത്തെ പൂര്‍ണമായി അറിയുന്ന ഒരു കാവല്‍ക്കാരന്‍ ഉണ്ടാവുന്നു. തന്റെ ശരീരം ഒരാള്‍ക്കു മാത്രം അര്‍ഹതപ്പെട്ട സ്വത്താവുന്നു. ഇനിയവന്‍ കാത്തുകൊള്ളും. പ്രിയപ്പെട്ടവനു മുന്നിലെ കീഴ്പ്പെടലിനെ ഒരു സംരക്ഷണ കവചമായി ഏറ്റെടുക്കുന്നുണ്ട് ശരാശരി ഇന്ത്യന്‍ പെണ്‍ മനസ്സ്. ഇതാ ഞാനെന്റെ ശരീരത്തെ ഒരാള്‍ക്കു മാത്രമായി സമര്‍പ്പിച്ചിരിക്കുന്നു. അവന്‍ ഇനിയെന്റെ ദേഹത്തെ കാക്കും. ഈ ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍, വടിവുകളില്‍, മൃദുലതകളില്‍, ഗന്ധത്തില്‍, നനവില്‍, രോമകൂപങ്ങളില്‍, ഉള്ളറകളില്‍ ഞാന്‍ കാത്തുവെച്ചതെല്ലാം പ്രിയപ്പെട്ടവനൊരുത്തനായി നല്‍കിയിരിക്കുന്നു. ലോകമേ, ഇനിയെന്നില്‍ നിന്ന് മറ്റാര്‍ക്കുമൊന്നും അപഹരിക്കാനില്ല. ഞങ്ങള്‍ ഒന്നായി പരസ്പരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

ചരിത്രത്തിലെവിടെയും രക്തം കൊലയുടേയും മുറിവിന്റെയും അപായത്തിന്റേയും യുദ്ധത്തിന്റേയും മരണത്തിന്റേയും രോഗത്തിന്റേയും അടയാളമാകുന്നു. പക്ഷേ, ഹാ എന്തത്ഭുതം! പെണ്ണിന് മാത്രം രക്തം പിറവിയുടേയും വളര്‍ച്ചയുടേയും സൃഷ്ടിയുടേയും സ്വീകരണത്തിന്റേയും പക്വതയുടേയും കൊടിയടയാളമാകുന്നു. സൃഷ്ടിയുടെ മഹാത്ഭുതം! പെണ്ണാകുമ്പോഴൊരു ചോരത്തുള്ളി, പ്രിയപ്പെട്ടവന് സ്വയം സമര്‍പ്പിക്കുമ്പോള്‍ പിന്നെയുമൊരു ചോരത്തുള്ളി, ഉള്‍കൊണ്ട ജീവനെ ഉള്ളിലൂട്ടി വളര്‍ത്തി ലോകത്തിന്റെ വെളിച്ചത്തിലേക്കാനയിക്കുമ്പോള്‍ രക്തത്തിന്റെ പുഴയൊഴുക്ക്! ദൈവമേ, എന്നും മറ്റാര്‍ക്കോവേണ്ടി സ്വന്തം ചോര ചിന്താനാണല്ലോ നീ പെണ്ണിനെ സൃഷ്ടിച്ചത്! നടക്കാതെപോയ ഇണചേരലിന്റെ സങ്കടമായി ഒഴുകാന്‍, ഗര്‍ഭപാത്രത്തിന്റെ ഉള്ളറകളില്‍ ഒരായുസ്സിന്റെ ചോരപ്പുഴകളെയാണല്ലോ ഓരോ പെണ്ണിനുള്ളിലും നീയൊളിപ്പിച്ചു വെച്ചത്? ഒരു പെണ്ണായുസ്സില്‍ ഓരോ മാസത്തിന്റെയും ആറേഴ് ദിനരാത്രങ്ങളെ, ഓരോ വര്‍ഷത്തിന്റേയും നാലിലൊന്നു കാലത്തെ ഉള്ളില്‍ നിന്നൂറുന്ന ചോരപ്പാടാല്‍ നിറയ്ക്കാന്‍ മാത്രം പെണ്ണുടലില്‍ നീ ചൊരിഞ്ഞത് ദൈവമേ, നിന്റെ കനിവോ കലിയോ?

Sunday, August 22, 2010

വെളുത്ത ചെമ്പരത്തിയും പാത്തുമ്മയും

എനിക്കിഷ്ടാ നിങ്ങടെ ദൈവങ്ങളെ.....
പൂക്കള നടുവിലെ തൃക്കാക്കരയപ്പനെ ചൂണ്ടി പാത്തുമ്മ തുടര്‍ന്നു ചോദിച്ചു.
ഇതും ദൈവാണോ ടീച്ചറേ....?



വലിയൊരു മുസ്ലിം തറവാട്ടു വീടിന്റെ ഒരുകോണില്‍ വാടകക്കാരായിരുന്നു അക്കാലത്ത് ഞാനും കൂട്ടുകാരിയും. അടുത്തുള്ള സ്കൂളിലെ താല്‍കാലിക ഹൈസ്കൂള്‍ ടീച്ചറുടെ ജോലി നല്‍കിയ സ്വാതന്ത്യ്രബോധത്തിന്റെ പിന്‍ബലത്തിലായിരുന്നു ഞങ്ങളുടെ ആ സ്വൈര്യവാസം. വാടകക്കാരുടെ രണ്ടു മുറിക്കും അടുക്കളക്കും ആ വലിയ വീടിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 


ഓണക്കാലത്ത് വീട്ടുമുറ്റത്ത് പൂക്കളമിട്ടാല്‍ വീട്ടുടമസ്ഥ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ ഉള്ളിലെ മുറികളിലൊന്നില്‍ അത്തപ്പൂ തീര്‍ക്കുകയായിരുന്നു ഞങ്ങള്‍. ജാതിയും മതവുമൊന്നും നോക്കാതെ രണ്ടു പെണ്‍കുട്ടികളെ, വാടകക്കാണെങ്കില്‍ക്കൂടി വീട്ടില്‍ താമസിപ്പിക്കാന്‍ തയാറായവരെ ദ്രോഹിക്കരുതല്ലോ. ഇലയിലും മുണ്ടിലും പൂവിലും ഓണത്തിലുമൊക്കെ മലയാളി ജാതി കണ്ടെത്തി തുടങ്ങിയ കാലവുമായിരുന്നു അത്.



ഞങ്ങളുടെ പൂക്കള പ്രകടനത്തിന് കാഴ്ചക്കാരി പാത്തുമ്മ മാത്രം. അവള്‍ ആ വലിയ വീട്ടില്‍ പുതുതായി എത്തിയ മരുമകളാണ്. പതിനഞ്ചു വയസ്സില്‍ പെണ്‍കുട്ടികളുടെ കല്യാണം നടക്കുന്ന ഇടങ്ങള്‍ മലപ്പുറത്തും കോഴിക്കോട്ടും പാലക്കാട്ടും ഒക്കെ ഇപ്പോഴുമുണ്ടെന്നു ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞിട്ട് അധികകാലമായിരുന്നില്ല. അതൊക്കെ ആര്യാടന്‍ ഷൌക്കത്തും ടി.വി ചന്ദ്രനുംകൂടി മീരാജാസ്മിനെവെച്ച് വെറുതെ കാട്ടിയ നാടകമെന്നായിരുന്നു അത്രകാലവും എന്റെ ധാരണ. അധ്യാപികയായി ജോലി കിട്ടിയതോടെയാണ്, ക്ലാസ് മുറികളില്‍ നിന്ന് വിവാഹിതരായി പൊടുന്നനെ അപ്രത്യക്ഷരാകുന്ന പെണ്‍കുട്ടികളെ ഞാന്‍ നേരില്‍ കണ്ടുതുടങ്ങിയത്.



ടീച്ചറേ, അടുത്തയാഴ്ച എന്റെ നിക്കാഹാ....വരണം....
ഒരു ദിവസം ഒമ്പതാം ക്ലാസുകാരി റുബീന വന്നു ക്ഷണിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. ക്ലാസ് മുറിയില്‍ സുഗതകുമാരിയുടെ കവിതച്ചൊല്ലി ഞാന്‍ വാചാലയായിരുന്ന ഒരുച്ചനേരത്ത്, ബഞ്ചില്‍ കൂനിക്കൂടിയിരുന്ന് തേങ്ങിക്കരഞ്ഞ് റുബീന വയസ്സറിയിച്ചിട്ട് അധികകാലമായിരുന്നില്ല. രണ്ടു കൂട്ടുകാരികളെക്കൂട്ടി അവളെ ബാത്ത്റൂമിലേക്കയച്ചതും പി.ടി.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്റ്റെഫ്രീ നാപ്കിന്‍ ഓഫിസ് അലമാരയില്‍ നിന്ന് അവള്‍ക്ക് എത്തിച്ചുകൊടുത്തതും ഞാനായിരുന്നു. വല്ലാതെ ഭയന്നുപോയ അവളെ ആശ്വസിപ്പിച്ച് ഓറിേക്ഷ വരുത്തി വീട്ടിലേക്കയച്ചിട്ട് കഷ്ടിച്ച് ആറു മാസമേ ആയിട്ടുണ്ടാവൂ.... റുബീനയുടെ നിക്കാഹുപോലെ ഒരുപാട് കല്യാണങ്ങള്‍ക്ക് സമ്മാനവും വാങ്ങി അധ്യാപികമാര്‍ ഇടക്കിടെ കൂട്ടത്തോടെ പോയിരുന്നു, ഒരാളായി ഞാനും. മറ്റൊരു റുബീന ആയിരുന്നു എന്റെ വീട്ടുടമസ്ഥയുടെ മരുമകളായി എത്തിയ പാത്തുമ്മയും. 


സത്യത്തില്‍ ഫാത്തിമയെന്ന അവളുടെ സുന്ദരമായ പേര് ഉമ്മച്ചിയാണത്രെ വിളിച്ച് പാത്തുമ്മയാക്കിയത്.  നബിതിരുമേനിയുടെയും ഖദീജ ബീവിയുടെയും പൊന്നുമോളുടെ പേരാണതെന്ന് പാത്തുമ്മ എനിക്ക് വിശദീകരിച്ചു തന്നിരുന്നു. അതവള്‍ മദ്രസയില്‍ പഠിച്ച അറിവാണ്. അതുമാത്രല്ല, ഒരുപാട് നബിമാരുടെ കഥ അവള്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നുകൊണ്ടേയിരുന്നു. ആ കഥകളെല്ലാമെഴുതിയ വലിയൊരു കിത്താബ് അവളുടെ പൊരേലുണ്ടത്രെ. അവളതിന്റെ പേരു പറഞ്ഞിരുന്നു, ഓര്‍ക്കാന്‍ എളുപ്പമല്ലാത്തൊരു പേര്. 


അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ കഥ അന്നുതന്നെ ഞാന്‍ ഇന്റര്‍നെറ്റില്‍ വായിച്ചെടുത്തു.  ലോകത്തെ ലക്ഷക്കണക്കിന് ഫാത്തിമമാരുടെ പേരിനു പിന്നിലെ വിശ്വാസപരവും ചരിത്രപരവും മതപരവുമായ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് അപ്പോഴാണ്. സത്യത്തില്‍ ഏതു മുസ്ലിം പെണ്‍കുട്ടിക്കും രണ്ടാമതൊന്നാലോചിക്കാതെ ലോകമെങ്ങുമുള്ള ഉമ്മമാര്‍ ഫാത്തിമയെന്ന് പേരിടുന്നതെന്തെന്ന് എനിക്കു മനസ്സിലായി.


ആ ഓണക്കാലത്ത് പാത്തുമ്മ ഞങ്ങള്‍ക്ക് പൂക്കളമിടാന്‍ പൂക്കള്‍ എത്തിച്ചുതന്നു. ആ വലിയ വീട്ടില്‍ ഞങ്ങള്‍ വാടകക്കാരോട് ചങ്ങാത്തമുള്ളത് അവള്‍ക്കു മാത്രമായിരുന്നു. പലപ്പോഴും അതിനവള്‍ അമ്മായിയമ്മയോട് വഴക്കു കേള്‍ക്കുകയും ചെയ്തിരുന്നുവെന്നു തോന്നുന്നു, അവള്‍ ഒരിക്കലുമത് പറഞ്ഞിട്ടില്ലെങ്കിലും. അവളുടെ പുതിയാപ്ല അപൂര്‍വമായി മാത്രമേ  വീട്ടില്‍ വരാറുള്ളൂ. 'ഓര് എബടേക്കോ പോയിരിക്കണ്..' എന്നു മാത്രമേ അയാളുടെ സഞ്ചാരങ്ങളെപ്പറ്റി പാത്തുമ്മക്ക് അറിയാമായിരുന്നുള്ളൂ. കച്ചവട തിരക്കില്‍ അയാള്‍ എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. വന്നാലും അര്‍ധരാത്രിയെത്തി പുലര്‍ച്ചക്കു മുമ്പേ അപ്രത്യക്ഷനാകും. 



'ഇന്നലെ ഓര് വന്നീര്‍ന്നു...' പിറ്റേന്ന് പാത്തുമ്മ ഒട്ടൊരു നാണത്തോടെ പറയും. 'വന്നപ്പോ എന്തു കൊണ്ടു വന്നീര്‍ന്നു....?' എന്ന് ഞങ്ങള്‍ അവളുടെ അതേ ശൈലിയില്‍ തിരിച്ചുചോദിക്കും. മുഖംതുടുത്ത് ഒറ്റയോട്ടമാണവള്‍.


സമയം കിട്ടുമ്പോഴൊക്കെ അവള്‍ ഞങ്ങളുടെ മുറിയില്‍ ഓടിയെത്തുകയും അപൂര്‍വമായ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തുകൊണ്ടിരുന്നു. പത്താം ക്ലാസില്‍ നിന്നുപോയ അവളുടെ പഠിത്തം, ഇപ്പോഴും ഒപ്പം കൂട്ടിയിരിക്കുന്ന പുസ്തകങ്ങള്‍, കറിവെച്ചത് ശരിയാകാഞ്ഞതിന് അമ്മായിയമ്മ ചീത്ത പറഞ്ഞത്, പാചകത്തിനിടയില്‍ പറ്റിയ കൈയബദ്ധം അങ്ങനെ എപ്പോഴും പറയാന്‍ അവള്‍ക്ക് എന്തെങ്കിലും ഉണ്ടായിരുന്നു. അതുകേള്‍ക്കാന്‍ ഞങ്ങള്‍ക്കും താല്‍പര്യമായിരുന്നു.


 കാട്ടുച്ചെടികള്‍ മാത്രം തഴച്ചുനിന്നിരുന്ന ആ മുറ്റത്ത് അവള്‍ ചെടികള്‍ നടാന്‍ തുടങ്ങി. വെളുത്ത ചെമ്പരത്തിയുടേയും തട്ടുമുല്ലയുടേയും ചോപ്പു റോസയുടേയും കൊമ്പുകള്‍ സ്കൂളിലെ പിള്ളേരോട് ശട്ടംകെട്ടി എത്തിച്ചുകൊടുക്കണമെന്ന് പാത്തുമ്മ ഞങ്ങളെ നിര്‍ബന്ധിച്ചു. അധ്യാപിക പദവി ഉപയോഗിച്ച് കുട്ടികളോട് ചെടിക്കൊമ്പുകള്‍ കൈപ്പറ്റി ഞങ്ങള്‍ പാത്തുമ്മക്ക് കൈമാറിക്കൊണ്ടിരുന്നു. മടുപ്പിക്കുംവിധം വരണ്ട മുറ്റത്ത് ജീവന്റെ തളിരു പൊടിച്ചു.


ഒരുദിവസം അവള്‍ മുറിയിലെത്തി കൂടിക്കൂനി നിന്നു.
'ടീച്ചറേ, ഒരു കാര്യം ചോയിച്ചാ ഇങ്ങക്കറിയോ....?
മടിച്ചുമടിച്ച് അവള്‍ പറഞ്ഞത് മാസക്കുളി തെറ്റിയെന്നായിരുന്നു. ഒരാഴ്ചയായിട്ടും പതിവു ലക്ഷണങ്ങളൊന്നുമില്ലെന്ന് ഒട്ടൊരു നാണത്തോടെ പറഞ്ഞിട്ട് അവള്‍ തലകുമ്പിട്ടു നിന്നു കളഞ്ഞു. അവള്‍ അക്കാര്യം ആദ്യം പറയുന്നതു ഞങ്ങളോടായിരുന്നു. ഉറപ്പിക്കാനുള്ള വഴികളൊന്നും അവള്‍ക്ക് അറിയില്ലായിരുന്നു. പറയാന്‍ പുതിയാപ്ല അടുത്തില്ല താനും.


പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ് പിറ്റേന്ന് മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വാങ്ങിയെത്തിച്ച് യൂറിന്‍ ടെസ്റ്റ് നടത്തിച്ചത് ഞങ്ങള്‍ തന്നെയായിരുന്നു. കിറ്റിന്റെ പാനലില്‍ വര തെളിഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ അവളോട് പറഞ്ഞു. 'പാത്തുമ്മച്ചി അങ്ങനെ ഉമ്മച്ചിയാവുന്നു'. പതിവുപോലെ ഓടിക്കളഞ്ഞു അവള്‍. മുറ്റത്ത് അവള്‍ നട്ട ചെമ്പരത്തിയില്‍ നാമ്പില പൊടിച്ചത് ഞാന്‍ കണ്ടു. ജീവനെന്ന മഹാത്ഭുതം...



അധികം താമസിയാതെ ഛര്‍ദിയും തലചുറ്റലും ഗര്‍ഭത്തിന്റെ ആയാസങ്ങളുമായി അവള്‍ കിടന്നുപോയി. പാത്തുമ്മയുടെ പൂന്തോട്ടം പാതിവഴിയില്‍ നിന്നു. പക്ഷേ ചെമ്പരത്തിയുടേയും റോസിന്റെയും കൊമ്പുകള്‍ ഞങ്ങള്‍ പാത്തുമ്മക്കായി എത്തിച്ച് മുറ്റത്ത് നട്ടുകൊടുത്തു. അവള്‍ വാതില്‍പ്പടിയില്‍ ചാരിനിന്ന് നന്ദിയോടെ ചിരിച്ചു. മെലിഞ്ഞ ആ ദേഹത്തു തിരിച്ചറിയാവുന്നതായി വലിയൊരു വയര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഞങ്ങളെ പേടിപ്പിച്ചു. പക്ഷേ കുഴപ്പങ്ങളൊന്നുമില്ലാതെ പാത്തുമ്മ പെണ്‍കുഞ്ഞിന്റെ ഉമ്മയായെന്ന് പിന്നീട് അറിഞ്ഞു. മകളുമായി അവള്‍ സ്വന്തം വീട്ടില്‍നിന്ന് മടങ്ങിയെത്തുമ്പോഴേക്കും ഞങ്ങള്‍ അവിടം വിട്ടിരുന്നു. 



പിന്നെ അഞ്ചു കൊല്ലം കഴിഞ്ഞ് ഒരു ആള്‍ത്തിരക്കിലാണ് പാത്തുമ്മയെ കണ്ടത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു അവള്‍. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇപ്പോഴും അവള്‍ ഗര്‍ഭിണിയാണ്.


നീയിതുവരെ പെറ്റില്ലേ....? ഞാന്‍ കുസൃതിചോദ്യമെറിഞ്ഞു.
ഇതു മൂന്നാമത്തേതാ ടീച്ചറേ.... ദാ രണ്ടെണ്ണം. ഒക്കത്തും കയ്യിലുമായി രണ്ടു കുട്ടികളെ അവള്‍ കാട്ടിത്തന്നു. പാത്തുമ്മയെകൂട്ടി അടുത്ത ഹോട്ടലില്‍ കയറി. മൂത്ത പെണ്‍കുട്ടി ആവേശത്തോടെ ഐസ്ക്രീം നുണഞ്ഞു. ചൂടുചായ മൊത്തി പാത്തുമ്മ എന്നെ വിടര്‍ന്ന കണ്ണോടെ നോക്കി.


'ടീച്ചറ് നട്ടേതൊക്കെ ബലുതായിരിക്കണ്... ഒക്കേലും പൂ....പക്ഷേല് വീട്ടിലേക്ക് റോഡു വെട്ടിയപ്പോ വെള്ള ചെമ്പരത്തി  ഓര് വെട്ടിക്കളഞ്ഞു. ഞാന്‍ കൊറേ പറഞ്ഞോക്കീണ്....കേക്കാണ്ട് മുറിച്ച്.... 

പാത്തുമ്മ മുറിഞ്ഞുപോയ ചെടിയെചെല്ലി സങ്കടപ്പെട്ടു. അവളുടെ മെല്ലിച്ച നെഞ്ചില്‍ ഇളയകുട്ടി മുല പരതി കരഞ്ഞു. ഹോട്ടലിന്റെ ഫാമിലി റൂമിലിരുന്ന് അവള്‍ നാണത്തോടെ ബട്ടണുള്ള പര്‍ദ തുറന്ന്, മുലക്കണ്ണ്  കുഞ്ഞിന്റെ ചുണ്ടില്‍ തിരുകി. കരച്ചില്‍ നിര്‍ത്തി അവന്‍ (അതോ അവളോ...? ചോദിക്കാന്‍ വിട്ടുപോയിരുന്നു) മുലപ്പാല്‍ നുണഞ്ഞു. ഞാനത് നോക്കിയിരിക്കെ മഫ്തയുടെ തുമ്പാല്‍ മാറുമറച്ചു കളഞ്ഞവള്‍, ചിരിയോടെ. 


ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവള്‍ അതേ വാചകം പറഞ്ഞു. 'ഓര് എബടേക്കോ പോയിരിക്കണ്..ഇന്ന് ഡോക്ടറെ കാണേണ്ടീര്‍ന്നു...അതോണ്ട് ഞാന്‍ പോന്ന്... 


യാത്ര പറഞ്ഞും പിരിയും മുമ്പ് രഹസ്യമായി പാത്തുമ്മയോടുപറഞ്ഞു
'ഇനി മതീ പാത്തുമ്മ, അതും ഇത്രയടുപ്പിച്ച്, ആരോഗ്യത്തിനു നന്നല്ല..'


നിഷകളങ്കതയോടെ അവള്‍ പറഞ്ഞു.
'ഞാന്‍ പറഞ്ഞതാണ് ടീച്ചറേ...... ഓര് കേക്കണ്ടേ.... '


ഹോട്ടല്‍ വരാന്തയില്‍ത്തന്നെ നിര്‍ത്തി കുടുംബാസൂത്രണ മാര്‍ഗങ്ങളെപ്പറ്റി അവള്‍ക്കൊരു ചെറിയ ക്ലാസ് കൊടുത്തു.
'ദെവസങ്ങള് സഞ്ചാരോം കഴിഞ്ഞ് രാത്രീല് അടുത്തുവരുമ്പോ ഇതൊക്കെ എങ്ങന്യാ ടീച്ചറേ പറയാ...ചാടിക്കടിക്കാന്‍ വരും... ഓര് അങ്ങനെ വരുമ്പോ പറ്റൂല്ലാണ്ട് പറയാന്‍ പാടില്ലാലോ... എന്നിട്ടും ഒരിക്കെ ഞാന്‍ പറഞ്ഞിരിക്കണ്...എനിക്കിനി പെറാന്‍ ബയ്യാന്ന്... അപ്പോ എന്നോട്, നിനക്കു പറ്റൂല്ലെങ്കീ ഞാന്‍ വേറെ ആരുടേം അടുത്തു പൊട്ടേന്ന് ചോയിച്ച്....ഞാനെന്താ പറയാ...  നമ്മടെ കെട്ടിയോനല്ലേ... മരുന്നുതിന്ന് കുട്ടി വേണ്ടാന്ന് വെക്കാമ്പാടില്ലാന്നാ ഓര് പറയാ... മരുന്നു കഴിക്കാണ്ട് പറ്റൂന്ന് ഡോക്ടറു പറഞ്ഞിരിക്കണ്...അതൊന്നും വേണ്ടാന്ന് ഓര്...


ഞാന്‍ ഒന്നും മിണ്ടിയില്ല. യാത്ര പറഞ്ഞ് ബസ്സ്റ്റാന്റിലേക്ക് അവള്‍ ധൃതിയില്‍ നടന്നുപോയി. ഇപ്പോള്‍ പാത്തുമ്മയെ കണ്ടിട്ട് കൊല്ലങ്ങളായി. എത്ര മക്കളുടെ ഉമ്മയായിരിക്കും അവള്‍ ഇപ്പോള്‍.....?

Wednesday, August 18, 2010

കത്തുന്ന കല്യാണങ്ങള്‍!

വര്‍ഷങ്ങള്‍ക്കിപ്പുറം, ചാറിയിറങ്ങുന്ന മഴയുടെ താളംകണ്ട് ഈ നഗരവീട്ടില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും ഓര്‍ത്തുപോയത് എന്റെ കല്യാണപ്പുലരിയെക്കുറിച്ചു തന്നെയാണ്. കര്‍ക്കിടക പെയ്ത്തിന്റെ കാലം കഴിയുന്നതു കണക്കുകൂട്ടി കല്യാണത്തീയതി നിശ്ചയിച്ചിട്ടും മഴ ചതിച്ചു. കല്യാണത്തലേന്ന് രാത്രി തിമിര്‍ത്ത മഴ മുറ്റത്തുതീര്‍ത്ത പുഴയില്‍, സദ്യക്കെത്തിച്ച പാത്രങ്ങള്‍ ഒഴുകിനടന്നു. 'ഭഗവതീ, പുലരുമ്പോഴേക്കും തോരണേ'യെന്ന് അമ്മ അടുക്കളപ്പുറത്ത് ആധികൊണ്ടു.

കിടന്നിട്ടും കിടന്നിട്ടും ഉറക്കംവരാതെ അച്ഛന്‍, എണീറ്റുവന്ന് വീണ്ടുമൊരു ബീഡി കത്തിച്ചൂതി വെപ്പുകാരോട് സങ്കടം പങ്കുവെച്ചു. കൂലിക്കു വിളമ്പുന്ന സദ്യയും കൂലിക്കെടുക്കുന്ന കല്യാണ ഹാളും അക്കാലത്തൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നില്ല. മഴത്തണുപ്പില്‍ മൂടിപ്പുതച്ച് ആശങ്കകളൊന്നുമില്ലാതെ ഉറങ്ങുന്ന എന്നെക്കണ്ട് ബന്ധുക്കളായ പെണ്ണുങ്ങള്‍ അതിശയം പറയുന്നത് ഞാന്‍ കേട്ടു. ഇനിയെന്നെങ്കിലുമൊരിക്കല്‍ ഇത്രമേല്‍ സ്വാതന്ത്യ്രത്തോടെ ജനിച്ചുവളര്‍ന്ന ഈ വീട്ടില്‍ കിടക്കാനാവുമോ എന്നൊരു വല്ലാത്ത വേദനയോടെ ഉറക്കം അഭിനയിച്ച്, എന്റെ മണമുള്ള പുതപ്പാല്‍ മുഖംമറച്ച് തേങ്ങുകയായിരുന്നു ഞാനെന്നാണ് ഓര്‍മ.

വായിച്ച പൈങ്കിളി നോവലുകളിലെപ്പോലെ അത്ര സുന്ദരമായ ജീവിതാനുഭവമൊന്നുമല്ല കല്യാണമെന്ന് അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പൊന്നും പണവും പറഞ്ഞ് തര്‍ക്കിക്കുന്നവര്‍ക്കുമുന്നില്‍ അച്ഛന്‍ ജാള്യതയോടെ തലകുനിക്കുന്നത് വാതില്‍പടിക്കു പിന്നിലെവിടെയോനിന്ന് ഞാന്‍ എത്രയോതവണ അറിഞ്ഞിരുന്നു. പുരനിറഞ്ഞ പെണ്ണിനെ കെട്ടിക്കുന്നതിന്റെ ആധി അമ്മയുടെ മുഖത്ത് ദീര്‍ഘനിശ്വാസമായി കാലമെത്രയായി ഞാന്‍ കാണുന്നു. ദീര്‍ഘകാലത്തെ രാഷ്ട്രീയ^സാമൂഹിക പ്രവര്‍ത്തനം നല്‍കിയ വലിയൊരു ചങ്ങാതിക്കൂട്ടമൊഴിച്ചാല്‍ എല്‍.പി സ്കൂള്‍ ഹെഡ്മാഷായി റിട്ടയര്‍ചെയ്ത അച്ഛന് സമ്പാദ്യമായി അധികമൊന്നും ഉണ്ടായിരുന്നില്ല. മകളുടെ ബിരുദാനന്തരബിരുദം യോഗ്യതയായി വന്നവര്‍ക്കൊന്നും തോന്നിയതുമില്ല. വല്ലാത്തൊരു ഭാരമായി ഞാന്‍ അച്ഛന്റെയും അമ്മയുടെയും മനസ്സില്‍ നിറഞ്ഞ കാലമായിരുന്നു അത്.

എന്റെ കല്യാണം കഴിഞ്ഞാല്‍ അച്ഛന്റെയും അമ്മയുടേയും ചങ്കിലെ തീയടങ്ങുമല്ലോ എന്നായിരുന്നു അക്കാലത്ത് ഞാന്‍ ആശ്വസിച്ചിരുന്നത്. 'ആരെങ്കിലുമൊന്നുവന്ന് കെട്ടിക്കൊണ്ടുപോയാല്‍ വീട്ടുകാര്‍ക്കെങ്കിലും സമാധാനമായേനെ' എന്നൊരു ചിന്തയിലെത്തിയിരുന്നു ഒടുവില്‍ ഞാനും. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയില്‍ പറയുമ്പോലെ 'പത്തു ജന്‍മം നായായി ജനിച്ചാലും അടുത്ത ജന്‍മം പെണ്ണായി പിറക്കല്ലേ ഭഗവാനേയെന്ന്' ഉള്ളുരുകിയ കാലം.

മഴ കരുണകാട്ടി. മുഹൂര്‍ത്തത്തിന് അമ്പലത്തിലേക്ക് ഇറങ്ങുന്നതിന്റെ തൊട്ടുമുമ്പ് പെയ്ത്തു തോര്‍ന്നു. അരമണിക്കൂറില്‍ മാനം തെളിഞ്ഞപ്പോള്‍ അച്ഛന്റെ മുഖത്തും വെയിലുദിച്ചു. ചടങ്ങെല്ലാംകഴിഞ്ഞ് യാത്രപറഞ്ഞിറങ്ങുമ്പോള്‍, അച്ഛന്റെ മെലിഞ്ഞു ക്ഷീണിച്ച ദേഹത്തോടൊട്ടി കണ്ണീരോടെ അനുഗ്രഹം തേടുമ്പോള്‍, ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ ആശ്വസിച്ചു: അച്ഛാ, ഇത്രകാലം ചങ്കിലെ ഭാരമായിരുന്ന മകള്‍ ഇതാ അച്ഛന്‍ കണ്ടെത്തിതന്ന കൂട്ടുകാരനൊപ്പം പുതിയ ജീവിതത്തിലേക്ക്. ഇനി അച്ഛന് ആശ്വസിക്കാം.

ഭര്‍ത്താവിനൊപ്പം അപരിചിത നഗരത്തിലെത്തിയ ആദ്യദിനങ്ങളില്‍ത്തന്നെ ഞാനറിഞ്ഞു, ഇല്ല ഒരച്ഛന് മകളെക്കുറിച്ചുള്ള ചിന്തകളൊന്നും ഒരു കല്യാണത്തില്‍ തീരുന്നതല്ല. ചെന്നൈ നഗരത്തിന്റെ തിരക്കുകളിലേക്ക് അച്ഛന്റെ കത്തുകള്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെത്തി. ഗ്രാമത്തിന്റെ ശാന്തതകളില്‍ നിന്ന്, കൂട്ടുകളില്‍ നിന്ന് പെട്ടൊന്നൊരുനാള്‍ പട്ടണത്തുരുത്തിലേക്ക് എത്തിപ്പെട്ടുപ്പോയ മകളുടെ വേവലാതികള്‍ കാതങ്ങള്‍ക്ക് അക്കരെയിരുന്ന് അച്ഛനും അമ്മയുമറിഞ്ഞു. അക്ഷരങ്ങളിലൂടെ അവര്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. ഭര്‍ത്താവിനോടുള്ള അകല്‍ച്ചയും അപരിചിത്വവുംപോലും തീരാത്ത ആകാലങ്ങളില്‍ അച്ഛന്റെയും അമ്മയുടെയും അക്ഷരങ്ങളായിരുന്നു കുതിച്ചുപായുന്ന ആ മഹാനഗരത്തില്‍ എന്നെ ജീവിപ്പിച്ചത്. മറ്റൊരു മഴക്കാലത്ത് അച്ഛന്‍ എന്നന്നേക്കുമായി യാത്രയാകുവോളവും ആ കത്തുകള്‍ തുടര്‍ന്നു. ഇന്നുമുണ്ട്, എന്റെ അലമാരക്കുള്ളില്‍ സ്നേഹത്തിന്റെ ആ നീലിച്ച അക്ഷരങ്ങള്‍!

പറഞ്ഞുവരുന്നത്, കല്യാണം സുന്ദരമായ ഒരനുഭവമാണെന്നത് പൈങ്കിളി നോവലുകളിലും സിനിമകളിലും നിന്ന് നാം വായിച്ചെടുത്തൊരു കെട്ടുകഥയാണെന്നാണ്. ഓരോ കല്യാണമണ്ഡപത്തിലേയും നിലവിളക്കില്‍ തെളിയുന്നത് അച്ഛനമ്മമാരുടെ മനസ്സില്‍ ഒത്തിരിക്കാലം എരിഞ്ഞ തീയുടെ ബാക്കിയാണ്. ഒരുക്കൂട്ടിവെച്ച പലതും മകളുടെ ജീവിതത്തിനൊപ്പം കൈമാറിയിട്ടും എത്രയോ അച്ഛനമ്മമാര്‍ കല്യാണക്കളിയില്‍ ചതിക്കപ്പെട്ടുപോകുന്നു.

തീര്‍ച്ചയായും എന്നെപ്പോലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വിവാഹം ഇണങ്ങാന്‍ ഏറെ സമയമെടുത്ത ഒരേര്‍പ്പാടായിരുന്നിരിക്കണം. വീട്ടുകാരുടെ മുഴുവന്‍ തീ തിന്നലിനൊടുവില്‍ വന്നു ഭവിക്കുന്ന ഒരനിവാര്യത. നിഷേധിക്കാനാവാത്ത സാമൂഹിക ആചാരം. തലകുനിച്ചുകൊടുത്ത് ഏറ്റുവാങ്ങിയ വിധേയത്വം. അജ്ഞാതനായ ഒരാള്‍ക്കൊപ്പം ജീവിതത്തിന്റെ ബാക്കിയെല്ലാം പങ്കിട്ടുകൊള്ളാമെന്ന ന്യായരഹിതമായ ഉടമ്പടി.

പറ്റിപ്പിടിച്ചു വളര്‍ന്നതില്‍ നിന്നെല്ലാം വേരോട് പറിച്ചെടുത്ത് മറ്റേതോ ഒരപരിചിത ദേശത്ത് പെണ്ണിനെ പ്രതിഷ്ഠിക്കുന്ന ചടങ്ങുകൂടിയാണ് കല്യാണം. അകലെയായിപ്പോയ നാടിനെയും വീടിനെയും പ്രിയപ്പെട്ടവരെയും കുറിച്ചുള്ള ഓര്‍മകളുടെ ഭാരം. തലേന്നുവരെ അന്യനായിരുന്ന പുരുഷനൊപ്പം പെട്ടെന്നൊരുനാള്‍ മുറിക്കുള്ളില്‍ തനിച്ചായിപ്പോകുന്നതിന്റെ അമ്പരപ്പ്. അജ്ഞാതമായ ക്രിയകള്‍ക്കൊടുവില്‍ ഇരുട്ടിലെങ്കിലും പെട്ടെന്നൊരു നിമിഷം നഗ്നയാക്കപ്പെടുമ്പോഴുള്ള ഞെട്ടല്‍. ഓര്‍മവെച്ച നാള്‍ മുതല്‍ സ്വകാര്യമെന്ന് പറഞ്ഞതെല്ലാം അന്യനൊരാള്‍ക്കു മുന്നില്‍ പൊടുന്നനെ വെളിപ്പെട്ടുപോകുന്ന ആദ്യ രതി സത്യത്തില്‍ നാം കേട്ടറിഞ്ഞതുപോലെ അത്ര ആസ്വാദ്യമാണോ? അല്ലെന്ന് പെണ്ണായി പിറന്ന് ദാമ്പത്യത്തിന്റെ വഴി നടന്നവര്‍ക്കെല്ലാമറിയാം.

എന്നിട്ടും ആണിന്റെ വാരിപ്പിടിച്ചുള്ള ചുംബനങ്ങളിലൊന്നില്‍ അലിഞ്ഞില്ലാതാകുന്നൊരു കന്യകയുടെ അനുഭൂതിഭരിതമായ മുഖം കാട്ടി സിനിമകള്‍ നമ്മോട് കള്ളം പറയുന്നു. ലൈംഗികതയെ ആദ്യരാത്രിയുടെ അവിഭാജ്യ ഘടകമാക്കി നമ്മള്‍ പ്രതിഷ്ഠിച്ചുവെച്ചിരിക്കുന്നു. ആ സാമൂഹ്യപാഠം പഠിച്ചു വളരുന്ന ഇവിടുത്തെ ചെറുപ്പക്കാര്‍ ആദ്യരാത്രിയെ അമ്പരന്നു നില്‍ക്കുന്ന ഇരക്കുമേല്‍ പുരുഷത്വത്തിന്റെ കരുത്തു തെളിയിക്കാനുള്ള നിമിഷമാക്കുന്നു. സ്നേഹത്തില്‍നിന്ന് ഊറിയുരുകി രൂപപ്പെടുമ്പോഴേ ആസ്വാദ്യകരമായ ലൈംഗികത ഉണ്ടാകൂവെന്നും മറ്റെല്ലാം വെറും ബലാല്‍ക്കാരമാണെന്നും നമ്മുടെ ചെറുപ്പക്കാരെ ഇനി ആരാണ് പഠിപ്പിക്കുക?