Sunday, August 29, 2010

രക്തകാല ചിന്തകള്‍!

തൊടിയിലെ ഞാലിപ്പൂവന്‍ വാഴക്കൂമ്പിന്റെ തേനിതള്‍ ഒടിച്ചെടുക്കാന്‍, അതിരുകല്ലിന്‍മേല്‍ ചവിട്ടിയൂന്നിയ വൈകുന്നേരത്തായിരുന്നു ഉള്ളിലൊരു കൊള്ളിമീന്‍ കത്തിയെരിഞ്ഞത്. അടിവയറ്റില്‍ നോവിന്റെ സൂചിക്കുത്തേറ്റ് കുനിഞ്ഞിരുന്നു കരഞ്ഞുപോയപ്പോള്‍ ഓടിവന്നുപിടിച്ച് ചേര്‍ത്തണക്കാന്‍ അമ്മ കണ്‍വെട്ടത്തുണ്ടായത് ഭാഗ്യം! 'ഒന്നുമില്ലെന്ന്' പറഞ്ഞാശ്വസിപ്പിച്ച് മെല്ലെ നടത്തി അകമുറിയിലെത്തിച്ച് അടുത്തിരുത്തി. പിന്നെ ചോരപ്പൊട്ടുവീണ അടിയുടുപ്പുകള്‍ മാറ്റിച്ച്, പഴയൊരു വെള്ളമുണ്ടുകീറി പലതായി മടക്കി അരഞ്ഞാണവള്ളിമേല്‍ കോര്‍ത്തുടുപ്പിച്ചു. 'മോളിനി വലിയ കുട്ടിയാണെന്ന്' ആവര്‍ത്തിച്ചു പറഞ്ഞ് നെറ്റിമേല്‍ ചുംബിച്ചു. പുല്‍പ്പായ വിരിച്ച് നിലത്തിരുത്തി. പിന്നെ അമ്മ ഓടിപ്പോയി മുത്തശãിയോട് അടക്കം പറഞ്ഞു. സത്യത്തില്‍ അപ്പോഴും എന്റെ അമ്പരപ്പു മാറിയിരുന്നില്ല. സ്കൂളില്‍ മുമ്പേ മുതിര്‍ന്ന പെണ്‍കുട്ടികളുടെ രഹസ്യം പറച്ചിലുകള്‍ പലതും ചെവിയോര്‍ത്ത് ഓര്‍മയില്‍ കാത്തുവെച്ചിട്ടും അപ്രതീക്ഷിതമാംവിധം കൌമാരം വിരുന്നുവന്നു ചില തുള്ളി ചുവപ്പു കാട്ടിയപ്പോള്‍ എന്തിനെന്നറിയാതെ ഭയന്നുപോയിരുന്നു.

പേടിമാറാന്‍ ആഴ്ചയൊന്നു വേണ്ടിവന്നു. ആ ദിവസങ്ങള്‍ അത്രയും മാനം കാണാതെ അകമുറിയില്‍ അമ്മയുടെയും മുത്തശãിയുടെയും ലാളനയുടെ ചൂടില്‍. ദിവസങ്ങള്‍ക്കൊടുവില്‍ മഞ്ഞളരച്ചു കുളിച്ച്, ചിട്ടയില്‍ അടിയുടുപ്പെല്ലാം അലക്കിയുടുത്ത്, പുതിയൊരാളായി ഓടിയിറങ്ങി ഉമ്മറത്തെ വെളിച്ചത്തിലേക്ക്. സൂര്യന് പതിവിലും അവിഞ്ഞ വെളിച്ചം! ചാരുകസേരയില്‍ വായിച്ചിരിക്കുന്ന അച്ഛനെ നോക്കാന്‍പോലും അന്നോളമില്ലാത്തൊരു നാണം.

'ആഴ്ചയൊന്നായി പള്ളിക്കൂടത്തില്‍ കാണാത്തതെന്തെ'ന്ന അയലത്തെ കളിക്കൂട്ടുകാരന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ചൂളിനിന്നു. മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ താഴത്തെ ചില്ലയില്‍ അവനെക്കാള്‍ വേഗത്തില്‍ ചാടിക്കയറുമായിരുന്നു അന്നുവരെ ഞാന്‍. സൂചിപ്പെയ്ത്തായി മഴ വീഴുന്ന പകലുകളില്‍ പള്ളിക്കൂടത്തിലേക്കും തിരിച്ചും ഞാനും അവനും ഒരേ കുടക്കീഴില്‍ ചേര്‍ന്നു നടന്നിരുന്നു. അവനൊപ്പം ഞാന്‍ മരംകയറുകയും ചൂണ്ടയിടുകയും കുടുകുടുവും കിളിത്തട്ടും കുറ്റിപ്പന്തും കളിക്കുകയും തല്ലുകൂടുകയും ചെയ്തിരുന്നു. ഇനിയതൊന്നും പാടില്ലെന്നും വലിയ പെണ്ണായിപ്പോയെന്നും അമ്മയുടെയും അമ്മൂമ്മയുടെയും വിലക്കുകള്‍ നേരത്തെ ഒത്തിരി വന്നിട്ടും അതൊന്നും ഞാന്‍ കേട്ടിരുന്നില്ല. പക്ഷേ ഇന്നിപ്പോള്‍ ഞാന്‍ ശരിക്കും വലുതായിരിക്കുന്നു! പെണ്ണായിരിക്കുന്നു!
പ്രിയകൂട്ടുകാരാ, നമ്മുടെ ചങ്ങാത്തത്തിനുമേല്‍ എന്റെ കൌമാരം അതിരിട്ടിരിക്കുന്നു. എത്രയടുത്തായാലും നീയും ഞാനും ഇനിയാ പഴയ കുട്ടികളല്ല, നമ്മള്‍ ആണും പെണ്ണുമാകുന്നു. എന്റെ ശ്വാസവും ഗന്ധവും സ്വരവും പോലും മാറിപ്പോയത് നീയറിയുന്നുണ്ടോ? ഇതാദ്യമായി നിന്റെ മണം എനിക്ക് അപരിചിതത്വമുണ്ടാക്കുന്നു. നീ തൊടാനായുമ്പോള്‍ ഞാന്‍ അറിയാതെ ഒഴിഞ്ഞുമാറിപ്പോകുന്നു.

ആദ്യ ആര്‍ത്തവത്തോടെ പെണ്‍കുട്ടി സ്വന്തം ശരീരത്തെ അറിയുന്നു. ശരീരമാണ് പെണ്ണ് എന്ന സാമൂഹ്യപാഠം ലോകം അവളെ പഠിപ്പിക്കുന്നു. വിചിത്രമായ അടക്ക ഒതുക്കങ്ങളുടെ ശരീരഭാഷകള്‍ എത്ര അനായാസമാണ് നമ്മുടെ നാട് പെണ്ണിനെ ശീലിപ്പിച്ചെടുക്കുന്നത്? ബാല്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സ്വാതന്ത്യ്രങ്ങളും അവള്‍ക്കുമുന്നില്‍ അടഞ്ഞുപോകുന്നുണ്ട്, രജസ്വലയാകുന്ന ആ മുഹൂര്‍ത്തത്തില്‍. ഉറക്കത്തില്‍പോലും അണുവിട തെറ്റാതെ പാലിക്കേണ്ടൊരു ശരീരപെരുമാറ്റ ചട്ടമുണ്ടീ നാട്ടില്‍ പെണ്ണിനു മാത്രം. അവള്‍ കാലുകള്‍ അകത്തിയിരുന്നു കൂടാ, ഉയരങ്ങളിലൊന്നും ചവിട്ടിക്കയറിക്കൂടാ, പകല്‍ മങ്ങിയാല്‍ പുറത്തിറങ്ങിക്കൂടാ, ഒച്ചയധികമെടുത്തുകൂടാ. കുളിമുറിയുടെ സ്വകാര്യതയില്‍പോലും സ്വന്തം ശരീരം വെളിപ്പെടുത്തിക്കൂടാ. കാലമൊത്തിരി മാറിയിട്ടും മാറാതുണ്ടീ നിയമങ്ങളോരോന്നും ഇന്നും. ഇവയെല്ലാം മറുചോദ്യങ്ങളൊന്നുമില്ലാതെ പാലിക്കാന്‍ ബാധ്യസ്ഥരായിപ്പോകുന്നുണ്ട് ഓരോ പെണ്ണും വയസ്സറിയിക്കുന്ന മുഹൂര്‍ത്തം മുതല്‍.

കന്യകയാവുന്നതോടെ ഓരോ ഊടുവഴിയിലും തന്നെ ചൂഴുന്ന പുരുഷ നോട്ടത്തിന്റെ കൂരമ്പുകളെ പെണ്ണറിയുന്നു. ആ നോട്ടങ്ങളെ അവള്‍ വേഗത്തില്‍ നടന്നു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. വല്ലാതെ വികസിക്കുന്ന മാറിടത്തിന്റെ ഉയര്‍ച്ചയിലേക്കു നീളുന്ന മിഴി എയ്ത്തുകളെ അവള്‍ ചേലത്തുമ്പിനാല്‍ ദുര്‍ബലമായി മറികടക്കുന്നു. പാവാടത്തുമ്പ് അറിയാതൊന്നുയര്‍ന്നാല്‍, ബ്ലൌസിന്റെ കഴുത്തൊന്നിറങ്ങിയാല്‍, മാറുമറച്ച തുണിയുടെ സ്ഥാനമൊന്നു പിഴച്ചാല്‍ ഏതടുത്ത കൂട്ടുകാരന്റേയും നോട്ടം ആഞ്ഞു തറയുമെന്ന ഭയം ഏതു സൌഹൃദച്ചേര്‍ച്ചയിലും പെണ്ണിന്റെ ഉള്ളില്‍ പേടിയായി നിറയുന്നതും ആദ്യ ആര്‍ത്തവംതൊട്ടുതന്നെ. തന്റെ ശരീരം ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്നൊരു സാമ്രാജ്യമാണെന്ന് പെണ്ണറിയുന്നതും അപ്പോള്‍മുതല്‍ത്തന്നെ. കാമം എന്ന വേട്ടനായയില്‍ നിന്ന് ഉടലിനെ രക്ഷിച്ചെടുക്കാനുള്ളൊരു യുദ്ധമാണ് പിന്നീട് ഓരോ പെണ്ണിന്റേയും ജീവിതം. ചിലര്‍ മാത്രം അതില്‍ ജയിക്കുന്നു. ഏറെപ്പേരും തോറ്റു പോകുന്നു.

ചരിത്രത്തില്‍ പുരുഷന്റെ എല്ലാ യുദ്ധങ്ങളും അധികാരത്തിനും ധനത്തിനും വേണ്ടിയായിരുന്നു. പെണ്ണിന്റെ എല്ലാ പോരാട്ടങ്ങളും അവളുടെ ഉടലിന്റെ മാനം കാക്കാന്‍ മാത്രവും. പലപ്പോഴും ശരീരത്തിന്റെ മാനം കാക്കാന്‍ ശരീരത്തിലെ ജീവനെത്തന്നെ പെണ്ണിന് വില നല്‍കേണ്ടിവന്നു.  കേവലം സങ്കല്‍പ്പം മാത്രമായ മാനവും യാഥാര്‍ഥ്യമായ ജീവനും തമ്മില്‍ താരതമ്യം വേണ്ടി വന്നപ്പോഴെല്ലാം പെണ്ണ് മാനം/ചാരിത്യ്രം/പരിശുദ്ധി/പാതിവ്രത്യം എന്നീ സങ്കല്‍പ്പങ്ങള്‍ക്കായി ജീവനെ ഉപേക്ഷിച്ചെന്ന് ചരിത്രം. ആ കഴിഞ്ഞകാല പാഠങ്ങള്‍ നമ്മള്‍ അഭിമാനത്തോടെ പുതുതലമുറയെ പഠിപ്പിക്കുന്നു. പെണ്ണേ, നീ വെറും ശരീരമാണെന്ന് ഓരോ സിനിമയും നോവലും കഥയും ചരിത്രപാഠവും ഉദ്ധരിച്ച് നാം ഉദാഹരിക്കുന്നു.  ഫലം, സ്വന്തം ശരീരം നമ്മുടെ ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും ഭയപ്പെടുത്തുന്ന ഒന്നാവുന്നു.

അവര്‍ ശരീരത്തെ ചമയിക്കുന്നുണ്ട്, വസ്ത്രങ്ങളില്‍ പൊതിഞ്ഞൊരുക്കുന്നുണ്ട്, ചായം തേച്ചു മിനുക്കുന്നുണ്ട്, ഏഴഴകോടെ സംരക്ഷിക്കുന്നുമുണ്ട്. കാരണം, വിവാഹമടക്കം ഏതു സോഷ്യല്‍ കമ്പോളത്തിലും തന്റെ മാര്‍ക്കറ്റ്മൂല്യം ഈ ശരീരമാണെന്ന് പെണ്ണിനെ നാം പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നതിനെ ചമയിച്ച് പോഷിപ്പിക്കാതെ തരമില്ല. അതേ സമയംതന്നെ സ്വന്തം ശരീരത്തെ അവള്‍ ഏറെ ഭയക്കുകയും ചെയ്യുന്നു! തനിക്കെതിരെ ഉണ്ടാകാവുന്ന ഏതു ആക്രമണവും ഈ ശരീരത്തിനുവേണ്ടിയാവും എന്നവള്‍ക്കറിയാം. പകല്‍മങ്ങിയാല്‍ അവള്‍ ഓടിയൊളിക്കും, അടുക്കള ചുമരുകളുടെ സുരക്ഷിതത്വത്തിലേക്ക്.  ശരീരത്തെ ഒരേസമയം ശത്രുവായും മിത്രമായും കാണേണ്ടിവരുന്ന വിചിത്രമായൊരു ദ്വന്ദ്വയുദ്ധത്തിലാണ് ഓരോ പെണ്‍ജന്‍മവും ആദ്യാര്‍ത്തവ ശേഷമുള്ള കൌമാര^യൌവന കാലത്ത്.

ആ ഭീതിയുടെ തോല്‍ അല്‍പമെങ്കിലും അഴിഞ്ഞുപോകുന്നത് അവള്‍ ഭാര്യയാകുമ്പോഴാണ്. ജീവിതത്തില്‍ ആദ്യമായി അവളുടെ ശരീരത്തിനുമേലും ഒരാളുടെ ആധിപത്യം ഉണ്ടാവുന്നു. ശരീരത്തെ പൂര്‍ണമായി അറിയുന്ന ഒരു കാവല്‍ക്കാരന്‍ ഉണ്ടാവുന്നു. തന്റെ ശരീരം ഒരാള്‍ക്കു മാത്രം അര്‍ഹതപ്പെട്ട സ്വത്താവുന്നു. ഇനിയവന്‍ കാത്തുകൊള്ളും. പ്രിയപ്പെട്ടവനു മുന്നിലെ കീഴ്പ്പെടലിനെ ഒരു സംരക്ഷണ കവചമായി ഏറ്റെടുക്കുന്നുണ്ട് ശരാശരി ഇന്ത്യന്‍ പെണ്‍ മനസ്സ്. ഇതാ ഞാനെന്റെ ശരീരത്തെ ഒരാള്‍ക്കു മാത്രമായി സമര്‍പ്പിച്ചിരിക്കുന്നു. അവന്‍ ഇനിയെന്റെ ദേഹത്തെ കാക്കും. ഈ ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍, വടിവുകളില്‍, മൃദുലതകളില്‍, ഗന്ധത്തില്‍, നനവില്‍, രോമകൂപങ്ങളില്‍, ഉള്ളറകളില്‍ ഞാന്‍ കാത്തുവെച്ചതെല്ലാം പ്രിയപ്പെട്ടവനൊരുത്തനായി നല്‍കിയിരിക്കുന്നു. ലോകമേ, ഇനിയെന്നില്‍ നിന്ന് മറ്റാര്‍ക്കുമൊന്നും അപഹരിക്കാനില്ല. ഞങ്ങള്‍ ഒന്നായി പരസ്പരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

ചരിത്രത്തിലെവിടെയും രക്തം കൊലയുടേയും മുറിവിന്റെയും അപായത്തിന്റേയും യുദ്ധത്തിന്റേയും മരണത്തിന്റേയും രോഗത്തിന്റേയും അടയാളമാകുന്നു. പക്ഷേ, ഹാ എന്തത്ഭുതം! പെണ്ണിന് മാത്രം രക്തം പിറവിയുടേയും വളര്‍ച്ചയുടേയും സൃഷ്ടിയുടേയും സ്വീകരണത്തിന്റേയും പക്വതയുടേയും കൊടിയടയാളമാകുന്നു. സൃഷ്ടിയുടെ മഹാത്ഭുതം! പെണ്ണാകുമ്പോഴൊരു ചോരത്തുള്ളി, പ്രിയപ്പെട്ടവന് സ്വയം സമര്‍പ്പിക്കുമ്പോള്‍ പിന്നെയുമൊരു ചോരത്തുള്ളി, ഉള്‍കൊണ്ട ജീവനെ ഉള്ളിലൂട്ടി വളര്‍ത്തി ലോകത്തിന്റെ വെളിച്ചത്തിലേക്കാനയിക്കുമ്പോള്‍ രക്തത്തിന്റെ പുഴയൊഴുക്ക്! ദൈവമേ, എന്നും മറ്റാര്‍ക്കോവേണ്ടി സ്വന്തം ചോര ചിന്താനാണല്ലോ നീ പെണ്ണിനെ സൃഷ്ടിച്ചത്! നടക്കാതെപോയ ഇണചേരലിന്റെ സങ്കടമായി ഒഴുകാന്‍, ഗര്‍ഭപാത്രത്തിന്റെ ഉള്ളറകളില്‍ ഒരായുസ്സിന്റെ ചോരപ്പുഴകളെയാണല്ലോ ഓരോ പെണ്ണിനുള്ളിലും നീയൊളിപ്പിച്ചു വെച്ചത്? ഒരു പെണ്ണായുസ്സില്‍ ഓരോ മാസത്തിന്റെയും ആറേഴ് ദിനരാത്രങ്ങളെ, ഓരോ വര്‍ഷത്തിന്റേയും നാലിലൊന്നു കാലത്തെ ഉള്ളില്‍ നിന്നൂറുന്ന ചോരപ്പാടാല്‍ നിറയ്ക്കാന്‍ മാത്രം പെണ്ണുടലില്‍ നീ ചൊരിഞ്ഞത് ദൈവമേ, നിന്റെ കനിവോ കലിയോ?

6 comments:

 1. "ശരീരത്തെ ഒരേസമയം ശത്രുവായും മിത്രമായും കാണേണ്ടിവരുന്ന വിചിത്രമായൊരു ദ്വന്ദ്വയുദ്ധത്തിലാണ് ഓരോ പെണ്‍ജന്‍മവും" വളരെ ശരിയായ ഒരു പ്രയോഗം

  ഗഹനമായ ചിന്താശക്തിയില്‍ നിന്നും ഉതിര്‍ത്തു വീണ ഒരു തുള്ളി രക്തം.
  വളരെ നന്നായെഴുതി.
  ഭാവുകങ്ങള്‍

  ReplyDelete
 2. പെണ്ണെ നീ എന്തിനുള്ള പുറപ്പാടാ ? എങ്കിലും നന്നായി എഴുതിയിരിക്കുന്നു ...എനിക്ക് ഇഷ്ടമായി ..

  ReplyDelete
 3. ശരിയാണ് കുട്ടീ...
  സ്ത്രീ എന്നാല്‍ ഒരു ശരീരം മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. അതിനുള്ളിലെ ജീവന്‍ അതിനുള്ളില്‍ ഞെരുങ്ങിക്കൊണ്ടിരിക്കുന്നു...

  ഇത് വെറുമൊരു എഴുത്തല്ല... മൊത്തം സ്ത്രീ സമൂഹത്തിന്റെയും മനസ്സാണ്...

  ReplyDelete
 4. പറയാന്‍ വാക്കുകളില്ല... മനോഹരമായിരിക്കുന്നു.

  "ജീവിതത്തില്‍ ആദ്യമായി അവളുടെ ശരീരത്തിനുമേലും ഒരാളുടെ ആധിപത്യം ഉണ്ടാവുന്നു." അതൊരു ആധിപത്യം സ്ഥാപിക്കലാണോ? പരസ്പരം നല്‍കി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയല്ലേ.. ശരീരവും മനസ്സും. "ഉള്‍കൊണ്ട ജീവനെ ഉള്ളിലൂട്ടി വളര്‍ത്തി ലോകത്തിന്റെ വെളിച്ചത്തിലേക്കാനയിക്കുമ്പോള്‍ രക്തത്തിന്റെ പുഴയൊഴുക്ക്!" അത് സ്ത്രീ ജന്മത്തിന്റെ പൂര്‍ണതയല്ലേ? പെണ്ണ ഉടലില്‍ ദൈവം ചൊരിഞ്ഞത് കനിവാണ്.. ഈ കനിവിലാണ്‌ ഓരോ ജന്മം വിരിയുന്നതുന്നതും പൂര്‍ണതയിലെത്തുന്നതും.

  എങ്കിലും ശരീരമെന്ന ചട്ടക്കൂടിനെ മുനിര്‍ത്തിയുള്ള ..അതിര്‍വരമ്പുകളില്‍ നിന്ന് സ്ത്രീക്ക് മോചനം കൂടിയേ തീരു.

  ഇനിയും ചിന്തകള്‍ ഇവിടെ അനായാസം ഒഴുകട്ടെ..

  ആശംസകള്‍.

  ReplyDelete
 5. നല്ല ആര്‍ജ്ജവമുള്ള എഴുത്ത്.
  ആശംസകള്‍.

  ReplyDelete
 6. മാറുമറച്ച തുണിയുടെ സ്ഥാനമൊന്നു പിഴച്ചാല്‍ ഏതടുത്ത കൂട്ടുകാരന്റേയും നോട്ടം ആഞ്ഞു തറയുമെന്ന ഭയം ഏതു സൌഹൃദച്ചേര്‍ച്ചയിലും പെണ്ണിന്റെ ഉള്ളില്‍ പേടിയായി നിറയുന്നതും ആദ്യ ആര്‍ത്തവംതൊട്ടുതന്നെ.

  MAYANGHALILLATHE YADHARTHYANFHALE VIVARIKKAN KANICHA CHANKOOTTATHINU NAMOVAKAM

  ReplyDelete