Sunday, August 22, 2010

വെളുത്ത ചെമ്പരത്തിയും പാത്തുമ്മയും

എനിക്കിഷ്ടാ നിങ്ങടെ ദൈവങ്ങളെ.....
പൂക്കള നടുവിലെ തൃക്കാക്കരയപ്പനെ ചൂണ്ടി പാത്തുമ്മ തുടര്‍ന്നു ചോദിച്ചു.
ഇതും ദൈവാണോ ടീച്ചറേ....?



വലിയൊരു മുസ്ലിം തറവാട്ടു വീടിന്റെ ഒരുകോണില്‍ വാടകക്കാരായിരുന്നു അക്കാലത്ത് ഞാനും കൂട്ടുകാരിയും. അടുത്തുള്ള സ്കൂളിലെ താല്‍കാലിക ഹൈസ്കൂള്‍ ടീച്ചറുടെ ജോലി നല്‍കിയ സ്വാതന്ത്യ്രബോധത്തിന്റെ പിന്‍ബലത്തിലായിരുന്നു ഞങ്ങളുടെ ആ സ്വൈര്യവാസം. വാടകക്കാരുടെ രണ്ടു മുറിക്കും അടുക്കളക്കും ആ വലിയ വീടിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 


ഓണക്കാലത്ത് വീട്ടുമുറ്റത്ത് പൂക്കളമിട്ടാല്‍ വീട്ടുടമസ്ഥ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ ഉള്ളിലെ മുറികളിലൊന്നില്‍ അത്തപ്പൂ തീര്‍ക്കുകയായിരുന്നു ഞങ്ങള്‍. ജാതിയും മതവുമൊന്നും നോക്കാതെ രണ്ടു പെണ്‍കുട്ടികളെ, വാടകക്കാണെങ്കില്‍ക്കൂടി വീട്ടില്‍ താമസിപ്പിക്കാന്‍ തയാറായവരെ ദ്രോഹിക്കരുതല്ലോ. ഇലയിലും മുണ്ടിലും പൂവിലും ഓണത്തിലുമൊക്കെ മലയാളി ജാതി കണ്ടെത്തി തുടങ്ങിയ കാലവുമായിരുന്നു അത്.



ഞങ്ങളുടെ പൂക്കള പ്രകടനത്തിന് കാഴ്ചക്കാരി പാത്തുമ്മ മാത്രം. അവള്‍ ആ വലിയ വീട്ടില്‍ പുതുതായി എത്തിയ മരുമകളാണ്. പതിനഞ്ചു വയസ്സില്‍ പെണ്‍കുട്ടികളുടെ കല്യാണം നടക്കുന്ന ഇടങ്ങള്‍ മലപ്പുറത്തും കോഴിക്കോട്ടും പാലക്കാട്ടും ഒക്കെ ഇപ്പോഴുമുണ്ടെന്നു ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞിട്ട് അധികകാലമായിരുന്നില്ല. അതൊക്കെ ആര്യാടന്‍ ഷൌക്കത്തും ടി.വി ചന്ദ്രനുംകൂടി മീരാജാസ്മിനെവെച്ച് വെറുതെ കാട്ടിയ നാടകമെന്നായിരുന്നു അത്രകാലവും എന്റെ ധാരണ. അധ്യാപികയായി ജോലി കിട്ടിയതോടെയാണ്, ക്ലാസ് മുറികളില്‍ നിന്ന് വിവാഹിതരായി പൊടുന്നനെ അപ്രത്യക്ഷരാകുന്ന പെണ്‍കുട്ടികളെ ഞാന്‍ നേരില്‍ കണ്ടുതുടങ്ങിയത്.



ടീച്ചറേ, അടുത്തയാഴ്ച എന്റെ നിക്കാഹാ....വരണം....
ഒരു ദിവസം ഒമ്പതാം ക്ലാസുകാരി റുബീന വന്നു ക്ഷണിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. ക്ലാസ് മുറിയില്‍ സുഗതകുമാരിയുടെ കവിതച്ചൊല്ലി ഞാന്‍ വാചാലയായിരുന്ന ഒരുച്ചനേരത്ത്, ബഞ്ചില്‍ കൂനിക്കൂടിയിരുന്ന് തേങ്ങിക്കരഞ്ഞ് റുബീന വയസ്സറിയിച്ചിട്ട് അധികകാലമായിരുന്നില്ല. രണ്ടു കൂട്ടുകാരികളെക്കൂട്ടി അവളെ ബാത്ത്റൂമിലേക്കയച്ചതും പി.ടി.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്റ്റെഫ്രീ നാപ്കിന്‍ ഓഫിസ് അലമാരയില്‍ നിന്ന് അവള്‍ക്ക് എത്തിച്ചുകൊടുത്തതും ഞാനായിരുന്നു. വല്ലാതെ ഭയന്നുപോയ അവളെ ആശ്വസിപ്പിച്ച് ഓറിേക്ഷ വരുത്തി വീട്ടിലേക്കയച്ചിട്ട് കഷ്ടിച്ച് ആറു മാസമേ ആയിട്ടുണ്ടാവൂ.... റുബീനയുടെ നിക്കാഹുപോലെ ഒരുപാട് കല്യാണങ്ങള്‍ക്ക് സമ്മാനവും വാങ്ങി അധ്യാപികമാര്‍ ഇടക്കിടെ കൂട്ടത്തോടെ പോയിരുന്നു, ഒരാളായി ഞാനും. മറ്റൊരു റുബീന ആയിരുന്നു എന്റെ വീട്ടുടമസ്ഥയുടെ മരുമകളായി എത്തിയ പാത്തുമ്മയും. 


സത്യത്തില്‍ ഫാത്തിമയെന്ന അവളുടെ സുന്ദരമായ പേര് ഉമ്മച്ചിയാണത്രെ വിളിച്ച് പാത്തുമ്മയാക്കിയത്.  നബിതിരുമേനിയുടെയും ഖദീജ ബീവിയുടെയും പൊന്നുമോളുടെ പേരാണതെന്ന് പാത്തുമ്മ എനിക്ക് വിശദീകരിച്ചു തന്നിരുന്നു. അതവള്‍ മദ്രസയില്‍ പഠിച്ച അറിവാണ്. അതുമാത്രല്ല, ഒരുപാട് നബിമാരുടെ കഥ അവള്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നുകൊണ്ടേയിരുന്നു. ആ കഥകളെല്ലാമെഴുതിയ വലിയൊരു കിത്താബ് അവളുടെ പൊരേലുണ്ടത്രെ. അവളതിന്റെ പേരു പറഞ്ഞിരുന്നു, ഓര്‍ക്കാന്‍ എളുപ്പമല്ലാത്തൊരു പേര്. 


അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ കഥ അന്നുതന്നെ ഞാന്‍ ഇന്റര്‍നെറ്റില്‍ വായിച്ചെടുത്തു.  ലോകത്തെ ലക്ഷക്കണക്കിന് ഫാത്തിമമാരുടെ പേരിനു പിന്നിലെ വിശ്വാസപരവും ചരിത്രപരവും മതപരവുമായ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് അപ്പോഴാണ്. സത്യത്തില്‍ ഏതു മുസ്ലിം പെണ്‍കുട്ടിക്കും രണ്ടാമതൊന്നാലോചിക്കാതെ ലോകമെങ്ങുമുള്ള ഉമ്മമാര്‍ ഫാത്തിമയെന്ന് പേരിടുന്നതെന്തെന്ന് എനിക്കു മനസ്സിലായി.


ആ ഓണക്കാലത്ത് പാത്തുമ്മ ഞങ്ങള്‍ക്ക് പൂക്കളമിടാന്‍ പൂക്കള്‍ എത്തിച്ചുതന്നു. ആ വലിയ വീട്ടില്‍ ഞങ്ങള്‍ വാടകക്കാരോട് ചങ്ങാത്തമുള്ളത് അവള്‍ക്കു മാത്രമായിരുന്നു. പലപ്പോഴും അതിനവള്‍ അമ്മായിയമ്മയോട് വഴക്കു കേള്‍ക്കുകയും ചെയ്തിരുന്നുവെന്നു തോന്നുന്നു, അവള്‍ ഒരിക്കലുമത് പറഞ്ഞിട്ടില്ലെങ്കിലും. അവളുടെ പുതിയാപ്ല അപൂര്‍വമായി മാത്രമേ  വീട്ടില്‍ വരാറുള്ളൂ. 'ഓര് എബടേക്കോ പോയിരിക്കണ്..' എന്നു മാത്രമേ അയാളുടെ സഞ്ചാരങ്ങളെപ്പറ്റി പാത്തുമ്മക്ക് അറിയാമായിരുന്നുള്ളൂ. കച്ചവട തിരക്കില്‍ അയാള്‍ എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. വന്നാലും അര്‍ധരാത്രിയെത്തി പുലര്‍ച്ചക്കു മുമ്പേ അപ്രത്യക്ഷനാകും. 



'ഇന്നലെ ഓര് വന്നീര്‍ന്നു...' പിറ്റേന്ന് പാത്തുമ്മ ഒട്ടൊരു നാണത്തോടെ പറയും. 'വന്നപ്പോ എന്തു കൊണ്ടു വന്നീര്‍ന്നു....?' എന്ന് ഞങ്ങള്‍ അവളുടെ അതേ ശൈലിയില്‍ തിരിച്ചുചോദിക്കും. മുഖംതുടുത്ത് ഒറ്റയോട്ടമാണവള്‍.


സമയം കിട്ടുമ്പോഴൊക്കെ അവള്‍ ഞങ്ങളുടെ മുറിയില്‍ ഓടിയെത്തുകയും അപൂര്‍വമായ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തുകൊണ്ടിരുന്നു. പത്താം ക്ലാസില്‍ നിന്നുപോയ അവളുടെ പഠിത്തം, ഇപ്പോഴും ഒപ്പം കൂട്ടിയിരിക്കുന്ന പുസ്തകങ്ങള്‍, കറിവെച്ചത് ശരിയാകാഞ്ഞതിന് അമ്മായിയമ്മ ചീത്ത പറഞ്ഞത്, പാചകത്തിനിടയില്‍ പറ്റിയ കൈയബദ്ധം അങ്ങനെ എപ്പോഴും പറയാന്‍ അവള്‍ക്ക് എന്തെങ്കിലും ഉണ്ടായിരുന്നു. അതുകേള്‍ക്കാന്‍ ഞങ്ങള്‍ക്കും താല്‍പര്യമായിരുന്നു.


 കാട്ടുച്ചെടികള്‍ മാത്രം തഴച്ചുനിന്നിരുന്ന ആ മുറ്റത്ത് അവള്‍ ചെടികള്‍ നടാന്‍ തുടങ്ങി. വെളുത്ത ചെമ്പരത്തിയുടേയും തട്ടുമുല്ലയുടേയും ചോപ്പു റോസയുടേയും കൊമ്പുകള്‍ സ്കൂളിലെ പിള്ളേരോട് ശട്ടംകെട്ടി എത്തിച്ചുകൊടുക്കണമെന്ന് പാത്തുമ്മ ഞങ്ങളെ നിര്‍ബന്ധിച്ചു. അധ്യാപിക പദവി ഉപയോഗിച്ച് കുട്ടികളോട് ചെടിക്കൊമ്പുകള്‍ കൈപ്പറ്റി ഞങ്ങള്‍ പാത്തുമ്മക്ക് കൈമാറിക്കൊണ്ടിരുന്നു. മടുപ്പിക്കുംവിധം വരണ്ട മുറ്റത്ത് ജീവന്റെ തളിരു പൊടിച്ചു.


ഒരുദിവസം അവള്‍ മുറിയിലെത്തി കൂടിക്കൂനി നിന്നു.
'ടീച്ചറേ, ഒരു കാര്യം ചോയിച്ചാ ഇങ്ങക്കറിയോ....?
മടിച്ചുമടിച്ച് അവള്‍ പറഞ്ഞത് മാസക്കുളി തെറ്റിയെന്നായിരുന്നു. ഒരാഴ്ചയായിട്ടും പതിവു ലക്ഷണങ്ങളൊന്നുമില്ലെന്ന് ഒട്ടൊരു നാണത്തോടെ പറഞ്ഞിട്ട് അവള്‍ തലകുമ്പിട്ടു നിന്നു കളഞ്ഞു. അവള്‍ അക്കാര്യം ആദ്യം പറയുന്നതു ഞങ്ങളോടായിരുന്നു. ഉറപ്പിക്കാനുള്ള വഴികളൊന്നും അവള്‍ക്ക് അറിയില്ലായിരുന്നു. പറയാന്‍ പുതിയാപ്ല അടുത്തില്ല താനും.


പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ് പിറ്റേന്ന് മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വാങ്ങിയെത്തിച്ച് യൂറിന്‍ ടെസ്റ്റ് നടത്തിച്ചത് ഞങ്ങള്‍ തന്നെയായിരുന്നു. കിറ്റിന്റെ പാനലില്‍ വര തെളിഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ അവളോട് പറഞ്ഞു. 'പാത്തുമ്മച്ചി അങ്ങനെ ഉമ്മച്ചിയാവുന്നു'. പതിവുപോലെ ഓടിക്കളഞ്ഞു അവള്‍. മുറ്റത്ത് അവള്‍ നട്ട ചെമ്പരത്തിയില്‍ നാമ്പില പൊടിച്ചത് ഞാന്‍ കണ്ടു. ജീവനെന്ന മഹാത്ഭുതം...



അധികം താമസിയാതെ ഛര്‍ദിയും തലചുറ്റലും ഗര്‍ഭത്തിന്റെ ആയാസങ്ങളുമായി അവള്‍ കിടന്നുപോയി. പാത്തുമ്മയുടെ പൂന്തോട്ടം പാതിവഴിയില്‍ നിന്നു. പക്ഷേ ചെമ്പരത്തിയുടേയും റോസിന്റെയും കൊമ്പുകള്‍ ഞങ്ങള്‍ പാത്തുമ്മക്കായി എത്തിച്ച് മുറ്റത്ത് നട്ടുകൊടുത്തു. അവള്‍ വാതില്‍പ്പടിയില്‍ ചാരിനിന്ന് നന്ദിയോടെ ചിരിച്ചു. മെലിഞ്ഞ ആ ദേഹത്തു തിരിച്ചറിയാവുന്നതായി വലിയൊരു വയര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഞങ്ങളെ പേടിപ്പിച്ചു. പക്ഷേ കുഴപ്പങ്ങളൊന്നുമില്ലാതെ പാത്തുമ്മ പെണ്‍കുഞ്ഞിന്റെ ഉമ്മയായെന്ന് പിന്നീട് അറിഞ്ഞു. മകളുമായി അവള്‍ സ്വന്തം വീട്ടില്‍നിന്ന് മടങ്ങിയെത്തുമ്പോഴേക്കും ഞങ്ങള്‍ അവിടം വിട്ടിരുന്നു. 



പിന്നെ അഞ്ചു കൊല്ലം കഴിഞ്ഞ് ഒരു ആള്‍ത്തിരക്കിലാണ് പാത്തുമ്മയെ കണ്ടത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു അവള്‍. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇപ്പോഴും അവള്‍ ഗര്‍ഭിണിയാണ്.


നീയിതുവരെ പെറ്റില്ലേ....? ഞാന്‍ കുസൃതിചോദ്യമെറിഞ്ഞു.
ഇതു മൂന്നാമത്തേതാ ടീച്ചറേ.... ദാ രണ്ടെണ്ണം. ഒക്കത്തും കയ്യിലുമായി രണ്ടു കുട്ടികളെ അവള്‍ കാട്ടിത്തന്നു. പാത്തുമ്മയെകൂട്ടി അടുത്ത ഹോട്ടലില്‍ കയറി. മൂത്ത പെണ്‍കുട്ടി ആവേശത്തോടെ ഐസ്ക്രീം നുണഞ്ഞു. ചൂടുചായ മൊത്തി പാത്തുമ്മ എന്നെ വിടര്‍ന്ന കണ്ണോടെ നോക്കി.


'ടീച്ചറ് നട്ടേതൊക്കെ ബലുതായിരിക്കണ്... ഒക്കേലും പൂ....പക്ഷേല് വീട്ടിലേക്ക് റോഡു വെട്ടിയപ്പോ വെള്ള ചെമ്പരത്തി  ഓര് വെട്ടിക്കളഞ്ഞു. ഞാന്‍ കൊറേ പറഞ്ഞോക്കീണ്....കേക്കാണ്ട് മുറിച്ച്.... 

പാത്തുമ്മ മുറിഞ്ഞുപോയ ചെടിയെചെല്ലി സങ്കടപ്പെട്ടു. അവളുടെ മെല്ലിച്ച നെഞ്ചില്‍ ഇളയകുട്ടി മുല പരതി കരഞ്ഞു. ഹോട്ടലിന്റെ ഫാമിലി റൂമിലിരുന്ന് അവള്‍ നാണത്തോടെ ബട്ടണുള്ള പര്‍ദ തുറന്ന്, മുലക്കണ്ണ്  കുഞ്ഞിന്റെ ചുണ്ടില്‍ തിരുകി. കരച്ചില്‍ നിര്‍ത്തി അവന്‍ (അതോ അവളോ...? ചോദിക്കാന്‍ വിട്ടുപോയിരുന്നു) മുലപ്പാല്‍ നുണഞ്ഞു. ഞാനത് നോക്കിയിരിക്കെ മഫ്തയുടെ തുമ്പാല്‍ മാറുമറച്ചു കളഞ്ഞവള്‍, ചിരിയോടെ. 


ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവള്‍ അതേ വാചകം പറഞ്ഞു. 'ഓര് എബടേക്കോ പോയിരിക്കണ്..ഇന്ന് ഡോക്ടറെ കാണേണ്ടീര്‍ന്നു...അതോണ്ട് ഞാന്‍ പോന്ന്... 


യാത്ര പറഞ്ഞും പിരിയും മുമ്പ് രഹസ്യമായി പാത്തുമ്മയോടുപറഞ്ഞു
'ഇനി മതീ പാത്തുമ്മ, അതും ഇത്രയടുപ്പിച്ച്, ആരോഗ്യത്തിനു നന്നല്ല..'


നിഷകളങ്കതയോടെ അവള്‍ പറഞ്ഞു.
'ഞാന്‍ പറഞ്ഞതാണ് ടീച്ചറേ...... ഓര് കേക്കണ്ടേ.... '


ഹോട്ടല്‍ വരാന്തയില്‍ത്തന്നെ നിര്‍ത്തി കുടുംബാസൂത്രണ മാര്‍ഗങ്ങളെപ്പറ്റി അവള്‍ക്കൊരു ചെറിയ ക്ലാസ് കൊടുത്തു.
'ദെവസങ്ങള് സഞ്ചാരോം കഴിഞ്ഞ് രാത്രീല് അടുത്തുവരുമ്പോ ഇതൊക്കെ എങ്ങന്യാ ടീച്ചറേ പറയാ...ചാടിക്കടിക്കാന്‍ വരും... ഓര് അങ്ങനെ വരുമ്പോ പറ്റൂല്ലാണ്ട് പറയാന്‍ പാടില്ലാലോ... എന്നിട്ടും ഒരിക്കെ ഞാന്‍ പറഞ്ഞിരിക്കണ്...എനിക്കിനി പെറാന്‍ ബയ്യാന്ന്... അപ്പോ എന്നോട്, നിനക്കു പറ്റൂല്ലെങ്കീ ഞാന്‍ വേറെ ആരുടേം അടുത്തു പൊട്ടേന്ന് ചോയിച്ച്....ഞാനെന്താ പറയാ...  നമ്മടെ കെട്ടിയോനല്ലേ... മരുന്നുതിന്ന് കുട്ടി വേണ്ടാന്ന് വെക്കാമ്പാടില്ലാന്നാ ഓര് പറയാ... മരുന്നു കഴിക്കാണ്ട് പറ്റൂന്ന് ഡോക്ടറു പറഞ്ഞിരിക്കണ്...അതൊന്നും വേണ്ടാന്ന് ഓര്...


ഞാന്‍ ഒന്നും മിണ്ടിയില്ല. യാത്ര പറഞ്ഞ് ബസ്സ്റ്റാന്റിലേക്ക് അവള്‍ ധൃതിയില്‍ നടന്നുപോയി. ഇപ്പോള്‍ പാത്തുമ്മയെ കണ്ടിട്ട് കൊല്ലങ്ങളായി. എത്ര മക്കളുടെ ഉമ്മയായിരിക്കും അവള്‍ ഇപ്പോള്‍.....?

5 comments:

  1. അലീന കണ്ണന്‍ ഇത് വളരെ മനോഹരം...എന്താണ് താങ്കളുടെ
    ഈ മനോഹരമായ സൃഷ്ടി, നല്ല ഒരു സന്ദേശം കൊടുക്കുന്ന
    കഥ ആരും വായിക്കാതെയും കമന്റ്‌ ഇടാതെയും കടന്നു
    പോകുന്നത്? ഓ എല്ലാവരും രാഷ്ട്രീയ, പ്രണയ കോലാഹലങ്ങളുടെ
    പിന്നിലാണല്ലോ ..............ഈ കഥ പത്തു വര്‍ഷങ്ങള്‍ക്കു
    പിന്നില്‍ ഇത് പോലെ ഒരു വാടക കാരനായി
    ജീവിച്ച ഓര്‍മകള്‍ മനസ്സില്‍ ഉണര്‍ത്തി , കുറെ
    ഫാത്തിമ മാരും മോനോഹര ചിത്രങ്ങളും .............നന്ദി

    ReplyDelete
  2. നല്ല ഒരു അനുഭവകഥ.. നല്ല ആഖ്യാനശൈലിയും....

    ReplyDelete
  3. it's a social issue that needs immediate attention. കാലം കുറേയായിട്ടും ഇപ്പോഴുമുണ്ട് ഇങ്ങനെ ജീവിക്കുന്ന പാത്തുമ്മമാര്‍. അവരുടെ ദുരിതങ്ങള്‍ ആരറിയാന്‍?

    ReplyDelete
  4. ''vaakkukal aashayathodu nannaayi ina chernnirikkunnu.. aashayangal manassukalilethikkaan aathmarthatha kaattunnumund.. prophet muhammed nabi(peace be upon him) yude priya makal fathimayekurichum alpam prathi padhichappol valare lalithamayi manassilakkan oru link thazhe kodukkunnu... Malayalathil thanneyulla site aayathinaal vayanakkarkk aswathichu thanne vayikkam.. www.muhammednabi.info

    ReplyDelete